സംസ്കാരം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സംസ്കാരം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2010 ഓഗ 8

സോളിഡാരിറ്റി: ചരിത്ര നിയോഗം ഏറ്റെടുത്ത യുവാക്കളുടെ സംഘം - റവ.ഫാ. പ്രൊഫ. എബ്രഹാം ജോസഫ്



സോളിഡാരിറ്റിയെ ഞാനറിയുന്നത് എന്റെ നാട്ടിലെ സ്‌നേഹ സമ്പന്നരായ ചെറുസംഘം യുവാക്കളില്‍ നിന്നാണ്. അവരില്‍ ചിലര്‍ എന്റെ ശിഷ്യന്മാരുമാണ്. ബാല്യകാലം മുതല്‍ നന്മ ഉള്ളില്‍ സൂക്ഷിച്ചവര്‍. സോളിഡാരിറ്റി എന്ന പേര് ആദ്യം കേള്‍ക്കുന്നത് പോളണ്ടില്‍ നിന്നാണ്. ലേ വലേസ എന്ന മഹാ വിപ്ലവകാരി അധാര്‍മിക ഭരണ വ്യവസ്ഥയെ ചെറുക്കാന്‍ രൂപവത്കരിച്ച തൊഴിലാളി പ്രസ്ഥാനം.അത് അതിന്റെ ധര്‍മം നിറവേറ്റി. 2003 മെയ് 13ന് കേരളത്തില്‍ പിറവികൊണ്ട യുവതിടമ്പുകളുടെ സംഘത്തിനും സ്വീകരിച്ച പേര് സോളിഡാരിറ്റിയാണ് എന്നത് ചരിത്രപരമായ അനിവാര്യതയാണ്; അത് ഒരു യാദൃശ്ചികതയാണെങ്കിലും. ഒരേ ആശയത്തിനും ലക്ഷ്യത്തിനും വേണ്ടി കൈകോര്‍ക്കുന്ന സമൂഹങ്ങളുടെ ഐക്യം എന്നര്‍ഥം വരുന്ന സോളിഡാരിറ്റി എന്ന പേര് അന്വര്‍ഥമാക്കും വിധമാണ് കഴിഞ്ഞ ഏഴു വര്‍ഷത്തിലധികമായി സോളിഡാരിറ്റി പ്രവര്‍ത്തിച്ചതെന്ന് വളരെ അടുത്ത് നിന്ന് ആവേശത്തോടെ അവരെ നിരീക്ഷിക്കുന്നയാളെന്ന നിലയില്‍ ഞാന്‍ സാക്ഷ്യംവഹിക്കുന്നു.
മൂല്യങ്ങള്‍ മരിച്ചുകൊണ്ടിരിക്കുന്നു എന്ന മുറവിളിയാണല്ലോ എങ്ങും കേട്ടുകൊണ്ടിരിക്കുന്നത്. ഭയപ്പെടുത്തുന്ന ധാര്‍മിക ച്യുതി. എന്താകും നാളത്തെ വാര്‍ത്തയെന്ന് ഭയപ്പാടോടുകൂടി നോക്കുന്നവര്‍ ചുറ്റിലും. നിരാലംബരുടെ കണ്ണീരൊപ്പാന്‍ മുതലാളിത്ത ആര്‍ത്തിക്കിടെ ആര്‍ക്കിവിടെ സമയം? ഞങ്ങള്‍ അതിന് നിയോഗിക്കപ്പെട്ടവര്‍ എന്ന് ഉച്ചത്തില്‍ പറഞ്ഞുകൊണ്ട് എഴുന്നേറ്റ് നില്‍ക്കാന്‍ മൂല്യത്തെയും ജീവിത വിശുദ്ധിയേയും കൈമുതലാക്കിയ ഒരുപറ്റം യുവാക്കള്‍ നെഞ്ച്‌വിരിച്ചെഴുന്നേറ്റാല്‍ ആരാണ് കോരിത്തരിച്ച് പോകാത്തത്. കരുത്തിനെ കാരുണ്യത്തിന് വഴിമാറ്റിയൊഴുക്കുന്നവരെ എത്ര വാഴ്‌ത്തേണ്ടിവരും. അതാണ് സോളിഡാരിറ്റി. ചരിത്രനിയോഗം സ്വയം ഏറ്റെടുത്തവര്‍. കാസര്‍കോഡ് എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ ,സുനാമി ദുരന്തത്തിന്റെ ഇരകള്‍ക്ക്, മുക്കാല്‍ സെന്റ് കോളനിയിലെ മനുഷ്യമക്കള്‍ക്ക് സ്‌നേഹ സ്പര്‍ശവുമായി ആ കരുത്തന്‍മാര്‍ വന്നെങ്കില്‍ ദൈവിക രാജ്യം എന്താണെന്ന്് ഉറക്കെപ്പറയുകയല്ലേ അവര്‍ ചെയ്യുന്നത്.
കുളത്തൂപ്പുഴയില്‍ മുക്കാല്‍ സെന്റ് കോളനിയില്‍ നീതിനിഷേധിക്കപ്പെട്ട ഏതാനും കുടുംബങ്ങള്‍ക്ക് സമരത്തിലൂടെ അവര്‍ക്കര്‍ഹതപ്പെട്ട ഭൂമി വാങ്ങിക്കൊടുത്തശേഷം അവര്‍ക്ക് ലഭിച്ച മണ്ണില്‍ അന്തിയുങ്ങാന്‍ മനോഹരമായ ചെറുഭവനങ്ങള്‍ നിര്‍മിച്ച് നല്‍കുന്ന സോളിഡാരിറ്റി പ്രവര്‍ത്തകരെ ഞാന്‍ നേരില്‍ കണ്ടു. കല്ലും മണ്ണും ചുമന്ന് സ്വന്തം വിയര്‍പ്പുകൊണ്ട് സേവനം ചെയ്യുന്ന അവരുടെ നിശ്ചയദാര്‍ഢ്യം എന്നെ ആഹ്ലാദിപ്പിച്ചു. എഴുപതു കഴിഞ്ഞ ഞാനും പ്രായമെല്ലാം മറന്ന് അവരോടൊപ്പം കല്ലുചുമന്നു. ഇവര്‍ ദൈവരാജ്യം പണിയുന്നവര്‍ തന്നെയെന്ന് ഉറക്കെപ്പറയാന്‍ എനിക്ക് മടിയേതുമില്ല.
മൈക്കിന്റെ മുന്നിലും പാര്‍ട്ടി ഓഫീസിലെത്തുന്ന ചാനലുകാര്‍ക്കു മുന്നിലും സാമ്രാജ്യത്വ വിരോധം ഛര്‍ദ്ദിക്കുകയും നിലപാടുകളില്‍ അവയെ കുഴിച്ച്മൂടുകയും ചെയ്ത അഭിനവ വിപ്ലവകാരികള്‍ മുതലാളിത്ത അപ്പോസ്തലന്‍മാരായി രംഗത്തു വന്നപ്പോള്‍ ആഹ്ലാദിച്ച സാമ്രാജ്യത്വ ദല്ലാളന്‍മാര്‍കും കുത്തക ഭീമന്‍മാര്‍ക്കും ഭയപ്പാടുണ്ടാക്കാന്‍ പോന്ന മുന്നേറ്റമാണ് കേരളത്തില്‍ ഏഴു വര്‍ഷം മുമ്പുണ്ടായത്. പ്ലാച്ചിമടകള്‍ ഇനി ഏറെ ഉണ്ടാകില്ലെന്ന് നമുക്കുറച്ച് വിശ്വസിക്കാം. കിനാലൂരിലെ കുഞ്ഞുങ്ങള്‍ വഴിയാധാരമാകാത്തത് ധാര്‍മിക യൗവനത്തിന്റെ കരുത്തു കൊണ്ടല്ലേ? പൊതുവഴികള്‍ മുതലാളിക്ക് പതിച്ച് കൊടുത്ത് നട്ടെല്ല് വളച്ച് കപ്പം കൊടുത്ത് മുതലാളിയെ വണങ്ങി മാത്രം സാധാരണക്കാര്‍ സഞ്ചരിച്ചാല്‍ മതിയെന്ന ഭരണകൂട ധിക്കാരം അത്ര എളുപ്പത്തില്‍ നടത്താനാവാത്തത് ഈ ധാര്‍മിക യൗവനത്തിന്റെ ഇച്ഛാശക്തികൊണ്ടല്ലേ?.
വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ കേരളത്തില്‍ പലവഴി ശ്രമങ്ങള്‍ നടക്കുമ്പോള്‍ സ്‌നേഹം കൊണ്ടും സഹവര്‍ത്തിത്വം കൊണ്ടും അതിനെ മറികടക്കാന്‍ മതമൂല്യങ്ങളില്‍ ഉറച്ച് നിന്നുകൊണ്ട് തന്നെ കഴിയുമെന്ന് ബോധ്യപ്പെടുത്തിയതാണ് സോളിഡാരിറ്റിയുടെ ഏഴു വര്‍ഷങ്ങള്‍. ആരൊക്കെ എന്തൊക്കെപ്പറഞ്ഞാലും വര്‍ഗീയതയുടെ കണികയുടെ അംശം പോലും ഹൃദയത്തിലില്ലാത്ത യുവതലമുറ. അടുക്കുന്ന ആരിലും അസൂയ ജനിപ്പിക്കും വിധം നിര്‍മല ഹൃദയരായ ഈ യുവാക്കള്‍ ചരിത്രത്തിന്റെ നിയോഗം തന്നെയാണ്. മനുഷ്യന്റെ ജീവനും രക്തവും പവിത്രമാണ് എന്ന് നബിതിരുമേനി പഠിപ്പിച്ചതിനെ പ്രാവര്‍ത്തികമാക്കുന്നു അവര്‍.
ഇത് ഒരു പുതുയുഗപ്പിറവിയുടെ ശംഖനാദമാണ്. മഹാത്മജി വിഭാവനം ചെയ്ത രാമരാജ്യത്തിലേക്കുള്ള മുന്നേറ്റം. ഞാനടക്കമുള്ള ക്രൈസ്തവര്‍ പ്രാര്‍ഥിക്കാറുള്ള ദൈവരാജ്യം വരേണമേ എന്ന പ്രാര്‍ഥനയെ അന്വര്‍ഥമാക്കുന്ന മുന്നേറ്റം. പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിന്റെ തിരു ഇഷ്ടം നടപ്പാക്കാന്‍ യുവാക്കള്‍ നടത്തുന്ന ധാര്‍മിക മുന്നേറ്റം.
നല്ല വിത്തില്‍ നിന്ന് പാഴ്മരമുണ്ടാകില്ല. സ്‌നേഹ വിശുദ്ധിയോടെ കാരുണ്യ സ്പര്‍ശത്തോടെ ഇന്ത്യയില്‍ നിലകൊള്ളുന്ന ജമാഅത്തെ ഇസ്‌ലാമി രൂപംനല്‍കിയ സോളിഡാരിറ്റി ഒരിക്കലും പാഴ്മരമാകില്ല. കരുത്തിനെ നിരാലംബരുടെ കണ്ണീരൊപ്പാന്‍ ഉപയോഗിക്കുന്നവരുടെ, ധാര്‍മികതയെ സാമ്രാജ്യത്വ വിരുദ്ധപ്പോരാട്ടത്തിന്റെ ആയുധമാക്കുന്നവരുടെ, ജീവിത വിശുദ്ധിയെ സമരായുധമാക്കിയവരുടെ, സ്വയം വെയില്‍കൊണ്ട് അന്യര്‍ക്ക് തണല്‍ നല്‍കുന്ന വന്‍മരം പോലെ നിലയുറപ്പിച്ച കരുത്തരുടെ സംഘം. അതാണ് ഞാനറിഞ്ഞ സോളിഡാരിറ്റി. ഞാനെന്നും സോളിഡാരിറ്റിക്കൊപ്പമുണ്ടാകും. എനിക്ക് ചെറുപ്പമായിരുന്നെങ്കില്‍ അതില്‍ അംഗമായി പ്രവര്‍ത്തിക്കുമായിരുന്നു. അംഗമായില്ലെങ്കിലും അതിന്റെ പ്രവര്‍ത്തനത്തിലെ ഒരു കണ്ണിയായി ദൈവം അനുവദിക്കുന്ന കാലത്തോളം ഒപ്പമുണ്ടാകും. കാരണം, സോളിഡാരിറ്റി അധര്‍മത്തെ സ്‌നേഹം കൊണ്ട് ഇല്ലാതാക്കാനുള്ള ദൈവ നിയോഗമാണ്. അത് അതിന്റെ നിയോഗം നിര്‍വഹിക്കുക തന്നെ ചെയ്യും.
(അഞ്ചല്‍ സെന്റ്‌ ജോണ്‍'സ കോളേജ് മുന്‍ പൊളിറ്റിക്കല്‍ സയന്‍സ് മേധാവിയാണ് ലേഖകന്‍ )

2010 ജൂലൈ 5

പ്രവാചക നിന്ദകന് രക്തം നല്‍കുകയോ- മഹാപാതകം?


അബുമാഷ്

അക്രമികളുടെ വെട്ടേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള ടി.ജെ ജോസഫിന് അടിയന്തിര ശസ്ത്രക്രീയക്ക് 10 യൂണിറ്റ് ബി-പോസിറ്റീവ് രക്തം ആവശ്യം വന്നപ്പോള്‍ അദ്ദേഹത്തിന്റെ സഹോദരി സിസ്റ്റര്‍ മേരി സ്‌റ്റെല്ല ജമാഅത്തെ ഇസ്ലാമി കൊച്ചി ഏരിയാ ഓര്‍ഗനൈസര്‍ വി.എ സലിമിനെയാണ് വിളിച്ചത്. അപ്പോള്‍തന്നെ 10 സോളിഡാരിറ്റി പ്രവര്‍ത്തകര്‍ എറണാകുളം സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ ഓടിയെത്തി രക്തം നല്‍കുകയുണ്ടായി. ഇക്കാര്യം ഞാന്‍ ഫേയ്‌സ് ബുക്കില്‍ ചിലരുടെ പോസ്റ്റുകളില്‍ കമന്റായി എഴുതിയിരുന്നു. അതിനു ശേഷം എനിക്ക് പലയിടങ്ങളില്‍ നിന്നും ഭീഷണിപ്പെടുത്തുന്ന സ്വരത്തില്‍ ഫോണ്‍കോളുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. പ്രവാചകനെയും ദൈവത്തേയും നിന്ദിച്ച മനുഷ്യന് എന്തിന് രക്തം നല്‍കി എന്നതാണ് മിക്ക ഫോണുകളുടേയും ഉള്ളടക്കം. ഇനി ചില മുസ്ലിം സംഘടനകള്‍ സോളിഡാരിറ്റിയെ എതിര്‍ക്കാനുള്ള കാരണമായി ഇതും പറഞ്ഞേക്കാം. അവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ, സോളിഡാരിറ്റി തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നത് പ്രവാചകന്‍ മുഹമ്മദ്(സ) പ്രബോധനം ചെയ്ത ഇസ്ലാമാണ്. അതുകൊണ്ടാണ് ടി.ജെ ജോസഫിന് രക്തം നല്‍കിയത്. വേണമെങ്കില്‍ ഇനിയും നല്‍കും. ആ ുടുംബത്തിന്റെ പ്രയാസത്തില്‍ കഴിയുന്നത്ര പങ്കുചേരും. നമസ്‌കരിച്ചുകൊണ്ടിരിക്കെ ഒട്ടകത്തിന്റ ചീഞ്ഞളിഞ്ഞ കുടല്‍മാല കഴുത്തില്‍ ചാര്‍ത്തിക്കൊടുത്ത നരാധമന് മാപ്പ് കൊടുത്തതാണല്ലോ മുഹമ്മദ് നബിയുടെ മാതൃക. അതിലും വലിയ ഒരു പ്രവാചക നിന്ദയൊന്നുമല്ലല്ലോ ജോസഫ് ചെയ്തത്. വി നടന്നു പോകുമ്പോള്‍ തന്റെ മുകളില്‍ നിത്യേനെ ചപ്പുചവറുകളും എച്ചിലും വലിച്ചെറിഞ്ഞ പെണ്‍കുട്ടി രോഗബാധിതയായപ്പോള്‍ അടുത്ത ചെന്ന് കണ്ണീര്‍ വാര്‍ത്ത് രോഗ ശമനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണല്ലോ കാരുണ്യത്തിന്റെ പ്രവാചകന്‍ ചെയ്തത്. അവളുടെ കൈപ്പത്തി വെട്ടിമാറ്റിയില്ലല്ലോ!. ഈ പ്രവാചകന്റെ ദര്‍ശനത്തില്‍ നിന്ന് പ്രവര്‍ത്തിക്കുനന് സോളിഡാരിറ്റിക്ക് ജോസഫിന് രക്തം നല്‍കാന്‍ മടിയില്ല. തിന്‍മയെ ഏറ്റവും നല്ല നന്‍മകൊണ്ട് നേരിട്ട് കൊടിയ ശത്രുവിനെപ്പോലും മിത്രമാക്കാനുള്ള പരിശ്രമമാണ് സോളിഡാരിറ്റിയുടേത്. എന്നോട് ഫോണില്‍ വിളിച്ച് ഒരാള്‍ പറഞ്ഞത് സോളിഡാരിറ്റി ഭീരുക്കളായതുകൊണ്ടാണ് ഇങ്ങനെ ചെയ്തത് എന്നാണ്. കാരുണ്യവാന് മാത്രമേ ധീരനാവാന്‍ സാധിക്കുകയുള്ളൂ. ക്രൂരന്‍മാരാവുക എപ്പോഴും ഭീരുക്കളുമാണ്. വൃദ്ധയായ മാതാവിന്റെ ഭാര്യയുടെ സഹോദരിയുടെ മുനിനിലിട്ട് ഒരാളെ മാരകായുധങ്ങളുമായി സംഘം ചേര്‍ന്ന് വെട്ടിക്കൊല്ലാന്‍ ശ്രമിക്കുന്നത് എന്ത് ധീരതാണ് സുഹൃത്തുക്കളേ!. അത് ചെയ്ത നിങ്ങളും ഗര്‍ഭത്തിലെ കുഞ്ഞിനെ ശൂലത്തില്‍ കുത്തിയെടുത്ത നരാധമന്‍മാരും തമ്മില്‍ എന്ത് വ്യത്യാസം? പിഞ്ച് വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് അദ്്ധ്യാപകനെ ക്രൂരമായി വെട്ടി കൊലപ്പെടുത്തിയവരും നിങ്ങളും തുല്യര്‍ തന്നെയാണ്!.
NB:- എന്നെ തട്ടിക്കളയും എന്ന് ഭീഷണി മുഴക്കിയവരോട് - നിങ്ങള്‍ക്ക സ്വാഗതം. (അന്വേഷിച്ചപ്പോള്‍ എല്ലാ ഫോണുകളും കോയിന്‍ ബൂത്തുകളില്‍ നിന്നാണ്. മര്യാദക്ക് ഭീഷണിപ്പെടുത്താന്‍ പോലും ധൈര്യമില്ലാത്തവര്‍)


കൊച്ചി: മൂവാറ്റുപുഴയില്‍ അധ്യാപകന്‍ ആക്രമിക്കപ്പെട്ട സംഭവം സമുദായ സംഘര്‍ഷമായി മാറാതിരിക്കാന്‍ വിവിധ തലങ്ങളില്‍ നടന്നത് കരുതലോടെയുള്ള നീക്കങ്ങള്‍. മത-സമുദായ നേതൃത്വങ്ങള്‍ക്കൊപ്പം പൊലീസും ഇക്കാര്യത്തില്‍ കരുതലോടെ പ്രവര്‍ത്തിച്ചത് ഗുണകരമായി. ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിന് അവസരം നല്‍കാത്ത വിധമായിരുന്നു പൊലീസിന്റെ നീക്കം. സംഭവവുമായി ഏതെങ്കിലും മതസംഘടനക്ക് ബന്ധമുള്ളതായി സൂചനയൊന്നുമില്ലെന്ന് പൊലീസ് ആദ്യമേ വ്യക്തമാക്കുകയായിരുന്നു. വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ അധ്യാപകന്‍ ടി.ജെ ജോസഫിന്റെ ജീവന്‍ രക്ഷിക്കുന്നതിന് അദ്ദേഹത്തിന്റെ സഹോദരി സിസ്റ്റര്‍ മേരി സ്‌റ്റെല്ലയുടെ അഭ്യര്‍ഥന പ്രകാരം ജമാഅത്തെ ഇസ്‌ലാമി, സോളിഡാരിറ്റി പ്രവര്‍ത്തകരാണ് രക്തം ദാനം ചെയ്തത്. ഞായറാഴ്ചയുടെ ആലസ്യത്തിലായിരുന്ന നാടിനെ നടുക്കിയാണ് മൂവാറ്റുപുഴയില്‍ അധ്യാപകനെ വെട്ടിയ വാര്‍ത്ത പുറത്തുവന്നത്. ചോദ്യപേപ്പര്‍ വിവാദത്തില്‍ പ്രതിയായ അധ്യാപകന്‍ എന്ന നിലക്ക് സംഭവം വര്‍ഗീയ സംഘര്‍ഷത്തിലേക്ക് നീങ്ങുമെന്ന ആശങ്കയും വ്യാപകമായി. ഇതോടെ മതനേതൃത്വങ്ങള്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ചു. കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ഇറങ്ങുന്നവരെ അകറ്റിനിര്‍ത്തുകയായിരുന്നു ആദ്യ ലക്ഷ്യം.

കരുതലോടെ പ്രതികരിച്ച സഭാനേതൃത്വവും മതസൗഹാര്‍ദം തകരുന്ന നീക്കങ്ങള്‍ ഉണ്ടാകരുതെന്ന നിലപാടിന് ഊന്നല്‍ നല്‍കി. ചോദ്യപേപ്പര്‍ വിവാദത്തില്‍ അധ്യാപകന്‍ തെറ്റുചെയ്‌തെന്ന് വ്യക്തമായ ഉടന്‍ മാനേജ്‌മെന്റ് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്ത് സഭ ഖേദപ്രകടനം നടത്തിയ സാഹചര്യത്തില്‍ ഇത്തരം സംഭവമുണ്ടായത് അപലപനീയമാണെന്നാണ് കേരള കാത്തലിക് ബിഷപ്പ്‌സ് കൗണ്‍സില്‍ വക്താവ് ഡോ. സ്റ്റീഫന്‍ ആലത്തറ പ്രതികരിച്ചത്.

സംഭവമറിഞ്ഞയുടന്‍ ജമാഅത്തെ ഇസ്‌ലാമി നേതാക്കള്‍ സംസ്ഥാന അസി. അമീര്‍ എം.ഐ അബ്ദുല്‍ അസീസിന്റെ നേതൃത്വത്തില്‍ ആശുപത്രിയിലെത്തി അധ്യാപകന്റെ ബന്ധുക്കളെ ആശ്വസിപ്പിച്ചതും ഇതേ കരുതലോടെയാണ്. ഒരു മതവിഭാഗവും അക്രമത്തെ പ്രോല്‍സാഹിപ്പിക്കുന്നില്ലെന്നും അക്രമികള്‍ ആരായാലും മാപ്പര്‍ഹിക്കുന്നില്ലെന്നും അബ്ദുല്‍ അസീസ് വ്യക്തമാക്കി. അധ്യാപകന്റെ ജീവന്‍ രക്ഷിക്കുന്നതിന് എന്തുസഹായത്തിനും തങ്ങള്‍ ഒപ്പമുണ്ടാകുമെന്ന് അദ്ദേഹം സിസ്റ്റര്‍ സ്‌റ്റെല്ലക്ക് വാക്കുനല്‍കുകയും ചെയ്തു. ഈ വാഗ്ദാനത്തിലെ ആത്മാര്‍ഥത തിരിച്ചറിഞ്ഞ അവര്‍, ജോസഫിന് പത്ത് കുപ്പി രക്തം അടിയന്തരമായി ആവശ്യം വന്നപ്പോള്‍ ആദ്യം വിളിച്ചത് ജമാഅത്തെ ഇസ്‌ലാമി എറണാകുളം ഏരിയ ഓര്‍ഗനൈസര്‍ വി.എ. സലീമിനെയായിരുന്നു. വെട്ടേറ്റ അധ്യാപകന് പത്തുകുപ്പി ബി-പോസിറ്റീവ് രക്തം ആവശ്യമുണ്ടെന്നറിഞ്ഞ് ജമാഅത്ത്-സോളിഡാരിറ്റി പ്രവര്‍ത്തകരെത്തി രക്തദാനം നടത്തി.
അധ്യാപകനെ ആക്രമിച്ച സംഭവത്തെ അപലപിച്ച് മുസ്‌ലിം ലീഗ് നേതൃത്വം ഉടന്‍രംഗത്തിറങ്ങിയതും ശ്രദ്ധേയമായി. മുസ്‌ലിം സമുദായത്തെ ഒന്നടങ്കം പ്രതിരോധത്തിലാക്കിയ നടപടിയായി ഇതെന്ന് സാമാന്യ ജനവും വിലയിരുത്തലിലെത്തിയതോടെ അക്രമികള്‍ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയായി

2010 മാർ 11

കുടുംബം


മനുഷ്യരാകെ ഒരൊറ്റ കുടുംബമാണെന്ന് ഖുര്‍ആന്‍ പറയുന്നു: എല്ലാ മനുഷ്യരും ഒരു പിതാവിന്റെയും മാതാവിന്റെയും മക്കളാണ് (ഖുര്‍ആന്‍. 4:1). എങ്കിലും അവര്‍ പല ദേശക്കാരും ഭാഷക്കാരും കുടുംബക്കാരുമായിരിക്കുന്നു. സമൂഹത്തിന്റെ അടിസ്ഥാന ഘടകമെന്ന നിലക്ക് കുടുംബവ്യവസ്ഥ വളരെ പ്രധാനപ്പെട്ടതാണ്.

ഭദ്രമായ കുടുംബങ്ങളിലൂടെ ഭദ്രമായ സമൂഹം, ഭദ്രമായ സമൂഹങ്ങളിലൂടെ രചനാത്മകമായ മനുഷ്യലോകം - ഇതാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട് കുടുംബത്തിന്റെ അടിത്തറ വിവാഹവും ദാമ്പത്യവുമാണ്. വിവാഹം പവിത്രമായ ഒരു കരാറാണ്. ഇണയെ തെരഞ്ഞെടുക്കുന്നതില്‍ എറ്റവും വലിയ പരിഗണന നല്‍കേണ്ടത് ആദര്‍ശപ്പൊരുത്തത്തിനത്രെ.

ഏതു ജീവിതവ്യവഹാരവും പോലെ കുടുംബജീവിതവും ദൈവാരാധനയുടെ ഭാഗവും പുണ്യവുമാണ്. ദാമ്പത്യം കേവലമായ ശാരീരിക താത്പര്യമല്ല, മറിച്ച് മതപരമായ ഒരു സാമൂഹിക സ്ഥാപനം കൂടിയാകുന്നു. കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്നവര്‍ ദൈവത്തോടു ചെയ്ത പ്രതിജ്ഞ ലംഘിക്കുകയാണ് ചെയ്യുന്നത്. ദാമ്പത്യജീവിതത്തില്‍ ഭാര്യക്കും ഭര്‍ത്താവിനും പരസ്പരം ഉത്തരവാദിത്വമുണ്ട്. വിട്ടുവീഴ്ചയും കാരുണ്യവും കാണിക്കേണ്ടതുണ്ട്. കുടുംബത്തില്‍ മുതിര്‍ന്നവര്‍ക്ക് ആദരം നല്‍കണം; ഇളയവര്‍ക്ക് വാത്സല്യവും. കുടുംബത്തിലെ സമ്പന്നര്‍ ദരിദ്രരെ സഹായിക്കാന്‍ ബാധ്യസ്ഥരാണ്. മാതാവിനും പിതാവിനും അത്യുന്നത പദവിയാണുള്ളത്. ദൈവത്തോടുള്ള കടപ്പാടിനോടു ചേര്‍ത്താണ് ഖുര്‍ആന്‍ മാതാപിതാക്കളോടുള്ള കടപ്പാട് പരാമര്‍ശിച്ചിരിക്കുന്നത്. അവരോട് 'ഛെ' എന്നു പോലും പറയരുത്. കുട്ടിക്കാലത്ത് മാതാപിതാക്കള്‍ തന്ന വാത്സല്യത്തിന് ദൈവം അവരോട് കരുണ ചെയ്യണമെന്ന് മക്കള്‍ പ്രാര്‍ഥിക്കണം. (ഖുര്‍ആന്‍ 17:23,24) പ്രായമായ മാതാപിതാക്കളെ ശുശ്രൂഷിക്കല്‍ വളര്‍ന്നുവലുതായ മക്കളുടെ ബാധ്യതയാണ്; അവരുടെ സകലവിധ ഭൌതീകവകാശങ്ങളും നിറവേറ്റിക്കൊടുക്കേണ്ടതുണ്ട്. ഇതേ ബാധ്യത പിതാമഹന്‍മാരോടും പിതാമഹിമാരോടും ഉണ്ട്.

കുടുംബനാഥന്‍ ഭര്‍ത്താവാണ് (ഖു . 4:34). ഈ നേതൃത്വം പക്ഷേ ഉടമ-അടിമ രീതിയിലുള്ളതല്ല. 'ഭാര്യ' (ഭരിക്കപ്പെടേണ്ടവള്‍) 'ഭര്‍ത്താവ്'(ഭരിക്കുന്നവന്‍) തുടങ്ങിയ സംജ്ഞകള്‍ അല്ല ഇസ്ളാമിലുള്ളത്; മറിച്ച് 'ആണ്‍ ഇണ', (സൌജ്) 'പെണ്‍ ഇണ' (സൌജത്)എന്നിങ്ങനെയാണ്. പുരുഷന്റെയും സ്ത്രീയുടെയും ശാരീരിക-മാനസിക സവിശേഷതകളെ ആധാരമാക്കിയുള്ള ചുമതലാവിഭജനമാണ് ഇസ്ളാമിലുള്ളത്. അവര്‍ പരസ്പരം സംരക്ഷിച്ചും ആവശ്യങ്ങള്‍ പരിഹരിച്ചും ദൌര്‍ബല്യങ്ങളും കുറവുകളും മറച്ചുവെച്ചും അന്യോന്യം വസ്ത്രങ്ങള്‍ പോലെ വര്‍ത്തിക്കണം (ഖുര്‍ആന്‍ 2:187). കുടുംബത്തിന്റെ നിത്യനിദാനചെലവുകള്‍ഭാര്യക്ക് സ്വന്തമായി സ്വത്തും വരുമാനവും ഉണ്ടെങ്കില്‍പ്പോലും?കുടുംബനാഥന്റെ ചുമതലയിലാണ്. പരസ്പരസ്നേഹവും അതുവഴിയുണ്ടാകുന്ന ശാന്തിയുമാണ് ദാമ്പത്യത്തിന്റെ ബലം. (ഖുര്‍ആന്‍ 30:21 ) കുടുംബനാഥന്‍ നേതൃപദവി കൈകാര്യം ചെയ്യുന്നത് നീതിയോടെയും കൂടിയാലോചനകളിലൂടെയും ആകേണ്ടതുണ്ട്. കുടുംബത്തിന്റെ ആഭ്യന്തര കാര്യങ്ങള്‍ നിര്‍വഹിക്കുകയും മക്കളെ വളര്‍ത്തുകയുമാണ് ഭാര്യയുടെ ധര്‍മ്മം. ഇതു ഭംഗിയായി ചെയ്യുന്നതിനു വേണ്ടി പുറത്തിറങ്ങിയുള്ള പ്രവര്‍ത്തനങ്ങളില്‍ സ്ത്രീക്ക് ഇളവ് അനുവദിച്ചിരിക്കുന്നു. അതേ സമയം സ്വന്തം ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നതില്‍ ഭംഗം വരാത്തവിധം വീടിനുപുറത്ത് ഇടപെടുന്നതിന് വിലക്കുകളൊന്നുമില്ല. പുരുഷന്റെയും സ്ത്രീയുടെയും കര്‍മ്മങ്ങള്‍ക്ക് തുല്യപരിഗണനയാണ് ദൈവം നല്കുന്നത്.

ഖുര്‍ആനിലൂടെ ദൈവം പറയുന്നു:"സ്ത്രീയാവട്ടെ പുരുഷനാവട്ടെ നിങ്ങളില്‍ ആരുടെയും കര്‍മ്മത്തെ ഞാന്‍ നിഷ്ഫലമാക്കുകയില്ല; നിങ്ങളെല്ലാം ഒരേ വര്‍ഗ്ഗത്തില്‍ പ്പെട്ടവരാണല്ലോ''. (3:195) സ്ത്രീക്ക് തുല്യപരിഗണനയും കുടുംബത്തിന്റെ കേന്ദ്രബിന്ദു എന്ന പദവിയും നല്കിയത് ഇസ്ലാമികനാഗരികതയാണ്.

ക്രിസ്തുവിനുമുമ്പ് ആറാം നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ നടന്ന ഒരു പണ്ഡിതയോഗത്തിന്റെ വിഷയം സ്ത്രീയെ മനുഷ്യജീവിയായി കണക്കാക്കാമോ എന്നതായിരുന്നു. കേംബ്രിഡ്ജ്, ഓക്സ്ഫോര്‍ഡ് സര്‍വകലാശാലകളില്‍ പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളുടെ അതേ പരിഗണന നല്കിത്തുടങ്ങിയത് 1964 ല്‍ ആണ്. ഇംഗ്ളണ്ടില്‍ സ്ത്രീകള്‍ക്ക് മാനുഷികാവകാശങ്ങള്‍ ലഭ്യമായത് 1882 ല്‍ ആയിരുന്നു. ഇസ്ലാമിനു മുമ്പത്തെ അറേബ്യയില്‍ പെണ്‍കുട്ടി ജനിക്കുന്നത് ഭാഗ്യക്കേടായി ഗണിക്കപ്പെട്ടു.
പെണ്‍കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചുമൂടിയിരുന്ന സമ്പ്രദായവും ചില അറബിഗോത്രങ്ങളിലുണ്ടായിരുന്നു. ഇസ്ലാം സ്ത്രീ-പുരുഷപ്രകൃതങ്ങളുടെ വൈജാത്യം അംഗീകരിച്ചതോടൊപ്പം ജന്മസ്വഭാവത്തിലും പദവിയിലും കര്‍മ്മഫലത്തിലും വ്യക്തിത്വത്തിലും അവര്‍ക്ക് തുല്ല്യമായ സ്ഥാനം നല്‍കി. പുരുഷാധിപത്യത്തില്‍നിന്ന് ദൈവികാധിപത്യത്തിലേക്ക് അവരെ മോചിപ്പിച്ചു, ഭാര്യയോട് മാന്യമായി പെരുമാറണമെന്ന് ശാസന നല്‍കി. സ്ത്രീകളുടെയും കുടുബത്തിന്റെയും അവകാശാധികാരങ്ങളെപ്പറ്റിയുള്ളതാണ് ഖുര്‍ആനിലെ നിയമശാസനങ്ങളില്‍ അധികഭാഗവും.

സമൂഹത്തില്‍ നിലനിന്ന ആചാരങ്ങളും സ്ത്രീനീതിക്കായി ഇസ്ലാം മാറ്റിയെടുത്തു. ബഹുഭാര്യത്വം ഇന്ന് ഇസ്ലാമിന്റെ സവിശേഷതയെന്നനിലക്ക് പരിചയപ്പെടുത്തപ്പെടാറുണ്ട്. വാസ്തവത്തില്‍ ഭാര്യമാരുടെ എണ്ണത്തിന് പരിധിയും നിയന്ത്രണവും വരുത്തുകയാണ് ഇസ്ലാം ചെയ്തത്. ഉത്തരവാദിത്വമില്ലാത്ത പരസ്ത്രീഗമനത്തിലെ സ്ത്രീവിരുദ്ധതപോലും കാണാതെ ഉത്തരവാതിത്വപൂര്‍ണമായ ബഹുഭാര്യാത്വത്തെ നിയമപരമായ അനുവാദമായിമാത്രം നിശ്ചയിച്ച ഇസ്ലാമിനെ വിമര്‍ശിക്കുന്ന രീതി മുന്‍വിധി നിറഞ്ഞതാണ്. വിവാഹമോചനത്തിന്റെ കാര്യത്തിലും, കര്‍ശനമായ നിയന്ത്രണവും ഒപ്പം അനിവാര്യഘട്ടങ്ങളില്‍ നിയമപരമായ അനുവാദവുമാണ് ഇസ്ലാം സ്വീകരിച്ച സമീപനം. ഇണകള്‍ തമ്മിലും മാതാപിതാക്കളും മക്കളും തമ്മിലും ബന്ധുക്കള്‍ തമ്മിലും സ്നേഹവും ഉത്തരവാദിത്തബോധവുമുള്ളബന്ധമാണ് ഇസ്ലാം വിഭാവന ചെയ്യുന്നത്. ഇങ്ങനെ രൂപപ്പെടുന്ന കുടുംബങ്ങള്‍ ഭദ്രമായ സമൂഹത്തിന്റെ ആധാരമായി നിലനില്‍ക്കും.

2010 മാർ 1

ലോകമെങ്ങുമുള്ള മുസ്ലിംകള്‍ ഭീകരവാദികളും തീവ്രവാദികളുമാകാന്‍ കാരണം ഇസ്ലാമല്ലേ?

അല്പം വിശദീകരണമര്‍ഹിക്കുന്ന വിഷയമാണിത്. 1492 മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിന്റെ വര്‍ഷമായിരുന്നു. നീണ്ട നിരവധി നൂറ്റാണ്ടുകാലം ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലും കലാ,സാഹിത്യ, സാംസ്കാരിക, നാഗരിക, വൈജ്ഞാനിക മേഖലകളിലും ലോകത്തിന് നേതൃത്വം നല്‍കിപ്പോന്ന മുസ്ലിം സ്പെയിനിലെ അവസാനത്തെ ഭരണാധികാരി അബൂ അബ്ദുല്ലയായിരുന്നു. ഗ്രാനഡെ നഗരം മാത്രമേ അദ്ദേഹത്തിന്റെ അധീനതയിലുണ്ടായിരുന്നുള്ളൂ. 1492 ജനുവരി അവസാനത്തോടെയാണ് അയാളെ പുറംതള്ളി സ്പാനിഷുകാര്‍ അവിടെ ആധിപത്യമുറപ്പിച്ചത്. സ്പെയിനിന്റെ പതനം പൂര്‍ത്തിയായ അതേ വര്‍ഷമാണ് സാമ്രാജ്യത്വാധിനിവേശം ആരംഭിച്ചതെന്ന വസ്തുത ഏറെ ശ്രദ്ധേയമത്രെ. 1492-ലാണല്ലോ കൊളംബസ് തന്റെ 'കണ്ടെത്തല്‍' യാത്രക്ക് തുടക്കം കുറിച്ചത്.
അതേവര്‍ഷം ഒക്ടോബര്‍ 12-ന് അയാള്‍ ഗ്വാനാഹാനി ദ്വീപിലെത്തി. ആയുധങ്ങളുമായി കപ്പലിറങ്ങിയ കൊളംബസും കൂട്ടുകാരും, അതുമുതല്‍ ആ നാട് സ്പാനിഷ് രാജാവിന്റെതായിരിക്കുമെന്ന് പ്രഖ്യാപിച്ചു. തദ്ദേശീയരെ അവര്‍ക്കറിയാത്ത സ്പാനിഷ് ഭാഷയിലുള്ള ഉത്തരവ് വായിച്ചുകേള്‍പ്പിച്ചു. അത് അനുസരിച്ചില്ലെങ്കില്‍ എന്താണ് സംഭവിക്കുകയെന്ന് ഇങ്ങനെ വിശദീകരിച്ചു: "ഞാന്‍ ഉറപ്പിച്ചു പറയുന്നു, ദൈവസഹായത്താല്‍ ഞങ്ങള്‍ നിങ്ങളുടെ രാജ്യത്ത് ബലമായി പ്രവേശിക്കും. നിങ്ങളോട് ആവുംവിധം യുദ്ധം ചെയ്യും. നിങ്ങളെ ക്രിസ്ത്യന്‍ പള്ളിക്കും തമ്പ്രാക്കന്മാര്‍ക്കും കീഴ്പെടുത്തും. നിങ്ങളെയും ഭാര്യമാരെയും കുട്ടികളെയുമെല്ലാം പിടികൂടി അടിമകളാക്കും. നിങ്ങളുടെ സാമാനങ്ങള്‍ പിടിച്ചടക്കും. ഞങ്ങളാലാവുന്ന എല്ലാ ദ്രോഹവും നാശവും നിങ്ങള്‍ക്ക് വരുത്തും''((David E Stannard, American Holocaust, The conquest of the New World, OUP 1993, P 66) ( ഉദ്ധരണം: പരാന്നഭോജികള്‍: പാശ്ചാത്യവല്‍ക്കരണത്തിന്റെ അഞ്ഞൂറു വര്‍ഷം, ഐ.പി.എച്ച്, പുറം 17)ഇതോടെയാണ് യൂറോപ്പിന്റെ അധിനിവേശം ആരംഭിച്ചത്. മുസ്ലിം സ്പെയിന്‍ തകര്‍ന്ന് കൃത്യം ആറുവര്‍ഷം കഴിഞ്ഞ് 1498-ലാണല്ലോ വാസ്കോഡഗാമ കോഴിക്കോട്ട് കപ്പലിറങ്ങിയത്.1492-ല്‍ അമേരിക്കയില്‍ ഏഴരകോടിക്കും പത്തുകോടിക്കുമിടയില്‍ ആദിവാസികളുണ്ടായിരുന്നു. യൂറോപ്യന്‍ അധിനിവേശത്തെത്തുടര്‍ന്ന് ഒന്നര നൂറ്റാണ്ടുകൊണ്ട് അവരില്‍ 90 ശതമാനവും സ്വന്തം മണ്ണില്‍നിന്ന് തുടച്ചുനീക്കപ്പെട്ടു. ക്രൂരമായ കൂട്ടക്കൊലകളിലൂടെ തദ്ദേശീയരെ നശിപ്പിച്ചശേഷം 1776 ലെ 'സ്വാതന്ത്ര്യപ്രഖ്യാപനത്തോടെ' യൂറോപ്യര്‍ അമേരിക്ക അധീനപ്പെടുത്തുകയായിരുന്നു. തീര്‍ത്തും അനീതിയിലും അതിക്രമത്തിലും അധിഷ്ഠിതമായ ഈ പ്രഖ്യാപനത്തിലൂടെയാണ് ഇന്നത്തെ അമേരിക്ക സ്ഥാപിതമായത്.
1527-ല്‍ പോര്‍ച്ചുഗീസുകാര്‍ ബഹ്റൈന്‍ പിടിച്ചടക്കി. തൊട്ടുടനെ ഒമാനും കീഴ്പ്പെടുത്തി. എങ്കിലും ഉസ്മാനികള്‍ ആ നാടുകള്‍ തിരിച്ചുപിടിച്ചു. പിന്നീട് 1798-1801 കാലത്ത് നെപ്പോളിയന്‍റെ ഫ്രഞ്ച് സേന ഈജിപ്തിലെ അലക്സാണ്ട്രിയ, അക്കാ നഗരങ്ങള്‍ അധീനപ്പെടുത്തി.
പിന്നിട്ട രണ്ട് നൂറ്റാണ്ടുകള്‍ അറബ് -മുസ്ലിം നാടുകള്‍ ഇതര ഏഷ്യനാഫ്രിക്കന്‍ രാജ്യങ്ങളെപ്പോലെത്തന്നെ പാശ്ചാത്യാധിനിവേശത്തിന്റേതായിരുന്നു. ഫ്രാന്‍സ് 1830-ല്‍ അള്‍ജീരിയയും 1859-ല്‍ ജിബൂട്ടിയും 1881-ല്‍ തുനീഷ്യയും 1919-ല്‍ മൌറിത്താനിയയും അധീനപ്പെടുത്തി. ഇറ്റലി 1859-ല്‍ സോമാലിയയും 1911-ല്‍ ലിബിയയും 1880-ല്‍ ഐരിത്രിയയും കീഴ്പ്പെടുത്തി. ബ്രിട്ടന്‍ 1800-ല്‍ മസ്കത്തും 1820-ല്‍ ഒമാന്റെ ബാക്കി ഭാഗവും 1839-ല്‍ ഏതനും 1863-ല്‍ ബഹ്റൈനും 1878-ല്‍ സൈപ്രസും 1882-ല്‍ ഈജിപ്തും 1898-ല്‍ സുഡാനും 1899-ല്‍ കുവൈതും പിടിച്ചടക്കി. 1916-ല്‍ ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്നുണ്ടാക്കിയ സൈക്സ്-പിക്കോട്ട് രഹസ്യ കരാറനുസരിച്ച് ഉസ്മാനിയാ ഖലീഫയുടെ കീഴിലുണ്ടായിരുന്ന അറബ് പ്രവിശ്യകള്‍ ബ്രിട്ടനും ഫ്രാന്‍സും പങ്കിട്ടെടുത്തു. അങ്ങനെ ഇറാഖും ജോര്‍ദാനും ഫലസ്തീനും ഖത്തറും ബ്രിട്ടന്റെയും സിറിയയും ലബനാനും ഫ്രാന്‍സിന്റെയും പിടിയിലമര്‍ന്നു. മൊറോക്കോ സ്പെയിനിന്റെയും ഇന്തോനേഷ്യ ഡച്ചുകാരുടെയും കോളനികളായി. ഇന്ത്യയും അഫ്ഗാനിസ്ഥാനുമെല്ലാം സാമ്രാജ്യശക്തികളുടെ പിടിയിലമര്‍ന്നപോലെത്തന്നെ.
കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാദം പിന്നിട്ടതോടെ പടിഞ്ഞാറിന്റെ കോളനികളിലെല്ലാം സ്വാതന്ത്യ്രസമരം ശക്തിപ്പെട്ടു. തദ്ഫലമായി 1932-ല്‍ ഇറാഖും '46-ല്‍ സിറിയയും ലബനാനും '51-ല്‍ ലിബിയയും ഒമാനും '52-ല്‍ ഈജിപ്തും '56-ല്‍ മൊറോക്കോയും സുഡാനും തുനീഷ്യയും '58-ല്‍ ജോര്‍ദാനും '59-ല്‍ മൌറിത്താനിയയും '60-ല്‍ സോമാലിയയും '61-ല്‍ കുവൈത്തും '62-ല്‍ അള്‍ജീരിയയും '68-ല്‍ യമനും '71-ല്‍ ഖത്തറും ബഹ്റൈനും അറബ് എമിറേറ്റ്സും '77-ല്‍ ജിബൂട്ടിയും സ്വാതന്ത്യ്രം നേടി.
എന്നാല്‍, സാമ്രാജ്യശക്തികള്‍ ഈ നാടുകളോട് വിടപറഞ്ഞത് അവിടങ്ങളിലടക്കം അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന ഏകാധിപതികളും സ്വേച്ഛാധികാരികളുമായ രാജാക്കന്മാരെയും ചക്രവര്‍ത്തിമാരെയും സുല്‍ത്താന്മാരെയും പ്രതിഷ്ഠിച്ച ശേഷമായിരുന്നു. അതോടൊപ്പം ഈ നാടുകള്‍ക്കിടയിലെല്ലാം അപരിഹാര്യങ്ങളായ അതിര്‍ത്തിത്തര്‍ക്കങ്ങളും ഉണ്ടാക്കിവെച്ചു. യമനും സൌദി അറേബ്യയും തമ്മിലും ഇറാനും ഇറാഖും തമ്മിലും ഇറാഖും കുവൈത്തും തമ്മിലും ഇറാനും യു.എ.ഇയും തമ്മിലും ഇനിയും പരിഹരിക്കപ്പെടാത്ത തര്‍ക്കങ്ങള്‍ നിലനില്‍ക്കാനുള്ള കാരണം സാമ്രാജ്യത്വശക്തികള്‍ ചെയ്തുവെച്ച കുതന്ത്രങ്ങളത്രെ. അറബ്-മുസ്ലിം നാടുകള്‍ ഒന്നിക്കുന്നതിന് ഈ അതിര്‍ത്തി തര്‍ക്കങ്ങള്‍ സ്ഥിരമായ തടസ്സം സൃഷ്ടിക്കുന്നതോടൊപ്പം പലപ്പോഴും കിടമല്‍സരത്തിന് കാരണമായിത്തീരുകയും ചെയ്യുന്നു. അമേരിക്കക്കും ഇതര മുതലാളിത്ത നാടുകള്‍ക്കും അവിടങ്ങളിലെ പെട്രോളും വാതകവും ഇതര അസംസ്കൃത പദാര്‍ഥങ്ങളും തട്ടിയെടുക്കാനും ആ നാടുകളെ തങ്ങളുടെ ആയുധക്കമ്പോളമാക്കി മാറ്റാനും ഇത് അവസരമൊരുക്കുന്നു.
സാമ്രാജ്യശക്തികള്‍ തന്നെ സൃഷ്ടിച്ച തര്‍ക്കത്തിന്റെ പേരിലാണല്ലോ ഇറാഖും കുവൈത്തും തമ്മിലേറ്റുമുട്ടിയത്. ഇത് അമേരിക്കക്ക് മേഖലയില്‍ ഇടപെടാന്‍ അവസരമൊരുക്കി. അതുതന്നെയായിരുന്നുവല്ലോ അവരുടെ ലക്ഷ്യം. അറബ്-മുസ്ലിം നാടുകള്‍ സ്വാതന്ത്യ്രം നേടിയശേഷവും അവിടങ്ങളിലെല്ലാം പടിഞ്ഞാറിന്റെ അദൃശ്യസാമ്രാജ്യത്വവും ചൂഷണവും നിയന്ത്രണവും ഇന്നോളം നിലനിന്നുപോന്നിട്ടുണ്ട്. ആ രാജ്യങ്ങള്‍ക്കൊന്നും തന്നെ സ്വന്തം നാടുകളിലെ വിഭവങ്ങള്‍ ഇഷ്ടാനുസൃതം വിനിയോഗിക്കാനോ നിയന്ത്രിക്കാനോ സാധിച്ചിട്ടില്ല. അവിടങ്ങളിലെ ഭരണാധികാരികള്‍ അറിഞ്ഞോ അറിയാതെയോ നിര്‍ബന്ധിതമായോ അല്ലാതെയോ പടിഞ്ഞാറിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുവരികയായിരുന്നു.
ഇറാഖില്‍ ഇടപെടാന്‍ അവസരം ലഭിച്ചതോടെ അമേരിക്ക അറബ് നാടുകളുടെ മേലുള്ള പിടിമുറുക്കുകയും തങ്ങളുടെ പട്ടാളത്തെ തീറ്റിപ്പോറ്റുന്ന ചുമതലയും സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്ന ബാധ്യതയും ആ നാടുകളുടെ മേല്‍ വെച്ചുകെട്ടുകയും ചെയ്തു. ഇന്ന് എല്ലാ പ്രധാന അറബ് നാടുകളിലും അമേരിക്കക്ക് ആയുധശാലകളും സൈനികത്താവളങ്ങളുമുണ്ട്. അത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നതും ഈ സാമ്രാജ്യത്വ ചൂഷണത്തിന് അറുതിവരുത്തണമെന്ന് വാദിക്കുന്നതും കൊടിയ പാതകമായാണ് പാശ്ചാത്യസാമ്രാജ്യ ശക്തികള്‍ കണക്കാക്കുന്നത്.
കഴിഞ്ഞ നൂറ്റാണ്ടിലെ അവസാനദശകം വരെ ലോകത്ത് ശാക്തികമായ സന്തുലിതത്വം നിലനിന്നിരുന്നു. എന്നാല്‍ സോഷ്യലിസ്റ് ചേരി ദുര്‍ബലമായി ചരിത്രത്തിന്റെ ഭാഗമായതോടെ ശീതസമരം അവസാനിച്ചു. ലോകം അമേരിക്കയുടെ നേതൃത്വത്തില്‍ ഏകധ്രുവമായി മാറി. ഗള്‍ഫ് യുദ്ധത്തില്‍ അമേരിക്കന്‍ ചേരി വിജയിച്ചതോടെ ആ രാജ്യം ലോകപോലീസ് ചമയാന്‍ തുടങ്ങി. തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് എതിരു നില്‍ക്കുന്നവരെയെല്ലാം തീവ്രവാദികളും ഭീകരവാദികളുമായി മുദ്രകുത്തുകയും അവരെയൊക്കെ തകര്‍ക്കാന്‍ ഇറങ്ങിപ്പുറപ്പെടുകയും ചെയ്തു.
പാശ്ചാത്യ ചേരി കമ്യൂണിസ്റ് നാടുകളുടെ തകര്‍ച്ചയോടെ തങ്ങളുടെ മുഖ്യശത്രുവായി പ്രതിഷ്ഠിച്ചത് ഇസ്ലാമിനെയാണ്. അമേരിക്കയും അതിന്റെ നേതൃത്വത്തിലുള്ള നാറ്റോയും ഇക്കാര്യം സംശയലേശമന്യേ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ ലോകമെങ്ങുമുള്ള ഇസ്ലാമിക നവോത്ഥാന ചലനങ്ങളെയും മുന്നേറ്റങ്ങളെയും അടിച്ചമര്‍ത്താനും നശിപ്പിക്കാനും അമേരിക്കയും കൂട്ടാളികളും ആവുന്നതൊക്കെ ചെയ്യുന്നു. അതിനായി ആടിനെ പട്ടിയാക്കും വിധമുള്ള പ്രചാരവേലകള്‍ സംഘടിപ്പിക്കുന്നു. ഇസ്ലാമിനും മുസ്ലിംകള്‍ക്കുമെതിരെ മതമൌലികവാദം, മതഭ്രാന്ത്, ഭീകരത, തീവ്രവാദം തുടങ്ങിയ പദങ്ങള്‍ നിരന്തരം നിര്‍ലോഭം പ്രയോഗിച്ചുകൊണ്ടിരിക്കുന്നു. 1993-ല്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സ് അംഗീകരിച്ചു പുറത്തിറക്കിയ കേവലം 93 പുറങ്ങളുള്ള 'പുതിയ ലോക ഇസ്ലാമിസ്റുകള്‍' എന്ന ഔദ്യോഗിക രേഖയില്‍ 288 പ്രാവശ്യം ഭീകരത, ഭീകരര്‍ എന്നീ പദങ്ങള്‍ പ്രയോഗിച്ചിട്ടുണ്ട്. സയണിസ്റ് പ്രസ്ഥാനത്തോട് കൂറുപുലര്‍ത്തുന്ന ഫാന്‍ഫോറെയ്സ്റ്, യോസഫ് സോദാന്‍സ്കി എന്നിവരാണ് പ്രസ്തുത രേഖ തയ്യാറാക്കിയത്.
യഥാര്‍ഥത്തില്‍ ആരാണ് ലോകത്ത് കൂട്ടക്കൊലകളും യുദ്ധങ്ങളും ഭീകരപ്രവര്‍ത്തനങ്ങളും നടത്തുന്നത്? ഒന്നാം ലോകയുദ്ധത്തില്‍ 80 ലക്ഷവും രണ്ടാം ലോകയുദ്ധത്തില്‍ അഞ്ചുകോടിയും വിയറ്റ്നാമില്‍ മുപ്പതു ലക്ഷവും കൊല്ലപ്പെട്ടു. പനാമയിലും ഗോട്ടിമലയിലും നിക്കരാഗ്വയിലും കമ്പൂച്ചിയയിലും കൊറിയയിലും ദക്ഷിണാഫ്രിക്കയിലുമെല്ലാം അനേകലക്ഷങ്ങള്‍ അറുകൊല ചെയ്യപ്പെടുകയുണ്ടായി. ഇതിലൊന്നും ഇസ്ലാമിന്നോ മുസ്ലിംകള്‍ക്കോ ഒരു പങ്കുമില്ല.
ജപ്പാന്‍ യുദ്ധത്തില്‍നിന്ന് പിന്മാറാന്‍ തയ്യാറായിട്ടും ഹിരോഷിമയിലും നാഗസാക്കിയിലും ബോംബ് വര്‍ഷിച്ച കൊടും ഭീകരനായ അമേരിക്കതന്നെയാണ് ഇന്നും ആ പേരിന്നര്‍ഹന്‍. തങ്ങളുടെ കുടില താല്‍പര്യങ്ങള്‍ക്കെതിരു നില്‍ക്കുന്ന എല്ലാ നാടുകളെയും സമൂഹങ്ങളെയും ആ രാജ്യം എതിര്‍ക്കുന്നു. സ്വന്തം വരുതിയില്‍ വരാത്ത നാടുകളിലെല്ലാം ഭീകരപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നു. ചാരസംഘടനയായ സി.ഐ.എയെയും ഭീകരപ്രവര്‍ത്തകരായ സയണിസ്റുകളെയും അതിനായി ഉപയോഗിക്കുന്നു. ആഭ്യന്തര പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ പോലും ലോകത്ത് യുദ്ധങ്ങളുണ്ടാക്കുന്നു. അമേരിക്കന്‍ രാഷ്ട്രീയവൃത്തങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന മിസ്റര്‍ റോസ്പെറോ പറയുന്നു: "ആഭ്യന്തരസ്ഥിതി മോശമാകുമ്പോള്‍ ശ്രദ്ധ തിരിച്ചുവിടാനായി ഞങ്ങള്‍ ലോകത്ത് കൊച്ചുകൊച്ചു യുദ്ധങ്ങള്‍ സംഘടിപ്പിക്കുന്നു.''
ഇവ്വിധം കഴിഞ്ഞ ഒരു നൂറ്റാണ്ടിനകം അമേരിക്ക ലോകത്തിലെ അമ്പതിലേറെ രാജ്യങ്ങളില്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഇടപെട്ട് കുഴപ്പങ്ങള്‍ കുത്തിപ്പൊക്കുകയും കൂട്ടക്കൊലകള്‍ സംഘടിപ്പിക്കുകയുമുണ്ടായി. ഇത്തരമൊരു ഭീകരരാഷ്ട്രത്തിന്റെ പ്രചാരണമാണ് ഇസ്ലാമിനെയും മുസ്ലിംകളെയും സംബന്ധിച്ച തെറ്റിദ്ധാരണകള്‍ വളര്‍ന്നുവരാനിടവരുത്തിയത്. എല്ലാ വിധ പ്രചാരണോപാധികളും കയ്യടക്കിവെക്കുന്ന അമേരിക്കയുടെ കുടിലതന്ത്രങ്ങള്‍ ലോകജനതയെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ അനല്പമായ പങ്കുവഹിക്കുകയാണുണ്ടായത്.
യഥാര്‍ഥത്തില്‍, ഇന്ന് ലോകത്തിലെ ഏറ്റവും കൊടിയ ഭീകരകൃത്യം നടത്തുന്നത് സമാധാനത്തിന്റെ സംരക്ഷകരായി അറിയപ്പെടുന്ന ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൌണ്‍സിലാണ്. ഏതെങ്കിലും ഒരു രാജ്യത്തെ ഭരണാധികാരിയോടുള്ള ശത്രുതയുടെ പേരില്‍ ആ രാജ്യത്തിന്റെ യാത്രാവിമാനം തട്ടിക്കൊണ്ടുപോയി അതിലെ നാനൂറോ അഞ്ഞൂറോ ആളുകളെ ബന്ദികളാക്കിയാല്‍ നാമവരെ തീവ്രവാദികളെന്നും ഭീകരവാദികളെന്നും വിളിക്കും. തീര്‍ച്ചയായും അത് ശരിയുമാണ്. നിരപരാധരായ യാത്രക്കാരെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നത് ക്രൂരതയാണ്; മനുഷ്യവിരുദ്ധവും. അതുകൊണ്ടുതന്നെ മതവിരുദ്ധവുമാണ്. എന്നാല്‍ സദ്ദാം ഹുസൈന്‍ എന്ന ഒരു ഭരണാധികാരിയോടുള്ള വിരോധത്തിന്റെ പേരില്‍ ഇറാഖിലെ ഒന്നേകാല്‍ കോടി മനുഷ്യരെ കഴിഞ്ഞ പതിനൊന്നുവര്‍ഷം ആഹാരവും മരുന്നും കൊടുക്കാതെ ഐക്യരാഷ്ട്രസഭ ബന്ദികളാക്കുകയും ആറുലക്ഷം കുട്ടികളുള്‍പ്പെടെ പതിനൊന്നു ലക്ഷത്തെ കൊന്നൊടുക്കുകയും ചെയ്തു. ഇവ്വിധം ലോകത്തിലെ ഏറ്റം ക്രൂരനായ കൊലയാളിയും കൊടുംഭീകരനുമായി മാറിയ സെക്യൂരിറ്റി കൌണ്‍സില്‍ ഇപ്പോഴും സമാധാനത്തിന്റെ കാവല്‍ക്കാരായാണ് അറിയപ്പെടുന്നതെന്നത് എത്രമാത്രം വിചിത്രവും വിരോധാഭാസവുമാണ്. അമേരിക്കയുടേതല്ലാത്ത ഒരു മാനദണ്ഡവും അളവുകോലും ലോകത്തിന് ഇന്നില്ല എന്നതാണ് ഇതിനു കാരണം.
മുസ്ലിംകളില്‍ തീവ്രവാദികളോ ഭീകരപ്രവര്‍ത്തകരോ ആയി ആരുമില്ലെന്ന് അവകാശപ്പെടാനാവില്ല. ഇസ്ലാമിനെ ഏറെ കളങ്കപ്പെടുത്തുകയും അതിന്റെ പ്രതിഛായ തകര്‍ക്കുകയും ചെയ്യുന്ന അപക്വവും വിവേകരഹിതവുമായ അത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന ഒറ്റപ്പെട്ട ചിലരെ അങ്ങിങ്ങായി കാണാന്‍ കഴിഞ്ഞേക്കും. മുസ്ലിം നാടുകളില്‍ അത്തരം ഭീകരപ്രവര്‍ത്തനങ്ങളും തീവ്രവാദചിന്തകളും വളര്‍ന്നുവരാന്‍ കാരണം, അവിടങ്ങളിലെ ഏകാധിപത്യ-സ്വേഛാധിപത്യ ഭരണകൂടങ്ങളും അവയുടെ കൊടിയ തിന്മകളുമാണ്. ജനാധിപത്യപരവും സമാധാനപരവുമായ മാര്‍ഗങ്ങളിലൂടെ ജനാഭിലാഷങ്ങളെ പ്രതിനിധീകരിക്കുന്ന ഭരണകൂടങ്ങള്‍ സ്ഥാപിക്കാനും വ്യവസ്ഥാമാറ്റത്തിനുമായി കഴിഞ്ഞ നിരവധി പതിറ്റാണ്ടുകളിലായി നടത്തിപ്പോന്ന ശ്രമങ്ങള്‍ സാമ്രാജ്യ ശക്തികളുടെ ഇടപെടല്‍കാരണം പരാജയമടഞ്ഞതിനാല്‍ ക്ഷമകെട്ട ഒരുപറ്റം ചെറുപ്പക്കാര്‍ തീവ്രവാദസമീപനം സ്വീകരിക്കുകയാണുണ്ടായത്. മുസ്ലിം ന്യൂനപക്ഷ പ്രദേശങ്ങളില്‍ ഭൂരിപക്ഷത്തോടൊപ്പം ഭരണകൂടവും ചേര്‍ന്ന് നടത്തുന്ന കൊടുംഭീകരവൃത്തികളാണ് ചില ചെറുപ്പക്കാരെ തുല്യനിലയില്‍ പ്രതികരിക്കാന്‍ പ്രേരിപ്പിക്കുന്നത്. തീര്‍ത്തും ഒറ്റപ്പെട്ട ഇത്തരം സംഭവങ്ങളെ പെരുപ്പിച്ചുകാണിച്ചാണ് തല്‍പര കക്ഷികള്‍ ഇസ്ലാമിനെതിരെ ഭീകരതയും തീവ്രവാദവും ആരോപിക്കുന്നത്.
ഇസ്ലാം എല്ലാവിധ ഭീകരതക്കും എതിരാണ്- വ്യക്തികളുടെയും സംഘടിത പ്രസ്ഥാനങ്ങളുടെയും ഭരണകൂടങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെയും. ഭീകരതയെയും തീവ്രവാദത്തെയും അത് തീര്‍ത്തും നിരാകരിക്കുകയും ശക്തിയായി എതിര്‍ക്കുകയും ചെയ്യുന്നു. നിരപരാധികളുടെ മരണത്തിനും സ്വത്തുനാശത്തിനും ഇടവരുത്തുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ മതവിരുദ്ധമാണ്. അകാരണമായി ഒരാളെ വധിക്കുന്നത് മുഴുവന്‍ മനുഷ്യരെയും വധിക്കുന്നതുപോലെയും, ഒരാള്‍ക്കു ജീവനേകുന്നത് മുഴുവന്‍ മനുഷ്യര്‍ക്കും ജീവിതമേകുന്നതുപോലെയുമാണെന്ന് ഖുര്‍ആന്‍ അസന്ദിഗ്ധമായി വ്യക്തമാക്കുന്നു.(5: 32)
അതിനാല്‍ യഥാര്‍ഥ വിശ്വാസികള്‍ക്ക് ഒരിക്കലും തീവ്രവാദികളോ ഭീകരപ്രവര്‍ത്തകരോ ആവുക സാധ്യമല്ല. അതോടൊപ്പം ലോകമെങ്ങും മുസ്ലിംകള്‍ ഭീകരപ്രവര്‍ത്തകരാണെന്നത് അമേരിക്കയുടെയും കൂട്ടാളികളുടെയും അവയുടെ മെഗഫോണുകളാകാന്‍ വിധിക്കപ്പെട്ട പൌരസ്ത്യനാടുകളുടെ അടിയാളസമൂഹങ്ങളുടെയും പ്രചാരണം മാത്രമാണെന്ന വസ്തുത വിസ്മരിക്കാവതല്ല.

2010 ജനു 28

മുസ്ലിം രാജ്യത്തില്‍ ക്ഷേത്രങ്ങള്‍ക്ക് അനുവാദമുണ്ടോ?

മതേതരനാടുകളിലേതുപോലെയോ കൂടുതലായോ മതന്യൂനപക്ഷങ്ങള്‍ക്ക് ഇസ്ലാമികരാഷ്ട്രത്തില്‍ മതസ്വാതന്ത്യ്രമുണ്ടാകുമെന്ന് താങ്കള്‍ അവകാശപ്പെടുകയുണ്ടായല്ലോ? എന്നാല്‍ ലോകത്ത് ഏതെങ്കിലും മുസ്ലിം രാജ്യത്ത് ഹിന്ദുക്കള്‍ക്ക് ക്ഷേത്രം നിര്‍മിക്കാന്‍ അനുവാദമുണ്ടോ? പാകിസ്താനിലും ബംഗ്ളാദേശിലുമെല്ലാം ഉള്ളവതന്നെ തകര്‍ക്കുകയല്ലേ ചെയ്യുന്നത്?

മുസ്ലിംകള്‍ ഭൂരിപക്ഷമുള്ള നാടുകളെല്ലാം മതാധിഷ്ഠിത ഇസ്ലാമികരാഷ്ട്രങ്ങളാണെന്ന ധാരണ ശരിയല്ല. ഇസ്ലാമികവ്യവസ്ഥ യഥാവിധി നടപ്പാക്കപ്പെടുന്ന രാജ്യങ്ങള്‍ മാത്രമേ ഇസ്ലാമികരാഷ്ട്രമെന്ന വിശേഷണത്തിന് അര്‍ഹമാവുകയുള്ളൂ. നിലവിലുള്ള മുസ്ലിം നാടുകള്‍ അവ്വിധം ചെയ്യാത്തതിനാലാണ് ലോകത്തെവിടെയും മാതൃകാ ഇസ്ലാമിക രാഷ്ട്രങ്ങള്‍ കാണപ്പെടാത്തത്. ഭാഗികമായി ഇസ്ലാമികവ്യവസ്ഥ നടപ്പാക്കുന്ന നാടുകളുണ്ട്. അവ അത്രത്തോളമേ ഇസ്ലാമികമാവുകയുള്ളൂ.

ഇസ്ലാമികരാഷ്ട്രത്തിലെ അമുസ്ലിം പൌരന്മാര്‍ക്ക് തങ്ങളുടെ വിശ്വാസങ്ങള്‍ വച്ചുപുലര്‍ത്താനും ആരാധനാനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാനും ആചാരങ്ങള്‍ പിന്തുടരാനും സ്വാതന്ത്യ്രമുണ്ടായിരിക്കും. ആരുടെ മേലും ഇസ്ലാമിനെ അടിച്ചേല്‍പിക്കുകയോ ആരെയെങ്കിലും മതം മാറാന്‍ നിര്‍ബന്ധിക്കുകയോ ഇല്ല. അങ്ങനെ ചെയ്യുന്നത് ഇസ്ലാം കണിശമായി വിലക്കിയിരിക്കുന്നു: "മതത്തില്‍ ഒരുവിധ നിര്‍ബന്ധവുമില്ല. സന്മാര്‍ഗം മിഥ്യാധാരണകളില്‍ നിന്ന് വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു.''(ഖു. 2: 256)."നീ വിളംബരം ചെയ്യുക: ഇത് നിങ്ങളുടെ നാഥനില്‍നിന്നുള്ള സത്യമാകുന്നു. ഇഷ്ടമുള്ളവര്‍ക്കിത് സ്വീകരിക്കാം. ഇഷ്ടമുള്ളവര്‍ക്ക് നിഷേധിക്കാം.'' (ഖു. 18:29).ദൈവദൂതന്മാര്‍ക്കുപോലും മതം സ്വീകരിക്കാന്‍ ആരെയും നിര്‍ബന്ധിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. അല്ലാഹു അറിയിക്കുന്നു: "ജനങ്ങള്‍ വിശ്വാസികളാകാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ? ദൈവഹിതമില്ലാതെ ഒരാള്‍ക്കും വിശ്വസിക്കുക സാധ്യമല്ല''(ഖു. 6: 69)."നബിയേ, നീ ഉദ്ബോധിപ്പിച്ചുകൊണ്ടിരിക്കുക. നീ ഉദ്ബോധകന്‍ മാത്രമാകുന്നു. നീ അവരെ നിര്‍ബന്ധിച്ച് വഴിപ്പെടുത്തുന്നവനൊന്നുമല്ല.''(ഖു. 88: 21,22).

ലോകത്തിലെ ആദ്യത്തെ ഇസ്ലാമികരാഷ്ട്രമായ മദീനയില്‍, അതിന്റെ സ്ഥാപകനായ നബിതിരുമേനി മതന്യൂനപക്ഷങ്ങള്‍ക്ക് അനുവദിച്ചതുപോലുള്ള സ്വാതന്ത്യ്രവും സൌകര്യവും മറ്റേതെങ്കിലും മതാധിഷ്ഠിത നാടുകളിലോ മതനിരപേക്ഷ രാജ്യങ്ങളിലോ കാണപ്പെടുമോയെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. മദീന അംഗീകരിച്ച് പ്രഖ്യാപിച്ച പ്രമാണത്തില്‍ ഇങ്ങനെ കാണാം: "നമ്മുടെ ഭരണസാഹോദര്യസീമയില്‍പെടുന്ന ജൂതന്മാര്‍ക്ക് വര്‍ഗാടിസ്ഥാനത്തിലുള്ള പക്ഷപാതപരമായ പെരുമാറ്റങ്ങളില്‍നിന്നും ദ്രോഹങ്ങളില്‍നിന്നും രക്ഷ നല്‍കും. നമ്മുടെ സഹായത്തിനും ദയാനിരതമായ സംരക്ഷണത്തിനും മുസ്ലിം സമുദായാംഗങ്ങളെപ്പോലെ അവര്‍ക്കും അവകാശമുണ്ട്. മുസ്ലിംകളുമായി ചേര്‍ന്ന് അവര്‍ ഏക ഘടനയുള്ള ഒരു രാഷ്ട്രമായിത്തീരും. മുസ്ലിംകളെപ്പോലെത്തന്നെ അവര്‍ക്കും സ്വതന്ത്രമായി തങ്ങളുടെ മതം ആചരിക്കാവുന്നതാണ്.''സര്‍ തോമസ് ആര്‍ണള്‍ഡ് എഴുതുന്നു: "മുഹമ്മദ് പല അറബ്-ക്രൈസ്തവ ഗോത്രങ്ങളുമായും സന്ധിയിലേര്‍പ്പെട്ടിരുന്നു. അവര്‍ക്കദ്ദേഹം സംരക്ഷണവും സ്വന്തം മതമാചരിക്കാനുള്ള സ്വാതന്ത്യ്രവും നല്‍കി''(ഇസ്ലാം: പ്രബോധനവും പ്രചാരവും, പുറം 60).പ്രവാചകന്റെ പാത പിന്തുടര്‍ന്ന് മുഴുവന്‍ മുസ്ലിംഭരണാധികാരികളും സ്വീകരിച്ച സമീപനവും ഇതുതന്നെ. ഇന്ത്യാ ചരിത്രത്തില്‍ ഏറെ തെറ്റിദ്ധരിക്കപ്പെടുകയും വിമര്‍ശനവിധേയനാവുകയും ചെയ്ത ഔറംഗസീബിന്റെ മതസമീപനത്തില്‍ പ്രകടമായിരുന്ന സഹിഷ്ണുതയെ സംബന്ധിച്ച് അലക്സാണ്ടര്‍ ഹാമില്‍ട്ടണ്‍ എഴുതുന്നു: "ഹിന്ദുക്കള്‍ക്ക് പരിപൂര്‍ണമായ മതസ്വാതന്ത്യ്രം ലഭിക്കുന്നുണ്ടെന്നതിന് പുറമെ ഹൈന്ദവ രാജാക്കന്മാരുടെ കീഴിലായിരിക്കുമ്പോഴൊക്കെ അവര്‍ നടത്തിയിരുന്ന വ്രതങ്ങളും ഉത്സവങ്ങളും ആഘോഷിക്കാനുള്ള സൌകര്യങ്ങള്‍ ഉണ്ടായിരുന്നു. മീററ്റ് നഗരത്തില്‍ മാത്രം ഹൈന്ദവവിഭാഗത്തില്‍ നൂറില്‍പരം വ്യത്യസ്ത വിഭാഗങ്ങളുണ്ടെങ്കിലും അവര്‍ തമ്മില്‍ പ്രാര്‍ഥനകളുടെയോ സിദ്ധാന്തങ്ങളുടെയോ പേരില്‍ യാതൊരു വിധ വിവാദവും ഉണ്ടായിരുന്നില്ല. ഏതൊരാള്‍ക്കും അയാളാഗ്രഹിക്കുന്ന വിധം ദൈവാര്‍ച്ചനകള്‍ നടത്തുവാനും ആരാധിക്കാനുമുള്ള സ്വാതന്ത്യ്രമുണ്ടായിരുന്നു. മതധ്വംസനങ്ങള്‍ അജ്ഞാതമത്രെ'' (Alaxander Hamilton, A new Account of the East Indies, Vol. 1, PP. 159, 162, 163).).മുസ്ലിം ഭരണാധികാരികള്‍ മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുകയോ സമ്മര്‍ദം ചെലുത്തുകയോ ചെയ്തിരുന്നുവെങ്കില്‍ നീണ്ട നിരവധി നൂറ്റാണ്ടുകളുടെ ഭരണത്തിനു ശേഷവും മുസ്ലിംകളിവിടെ ന്യൂനപക്ഷമാകുമായിരുന്നില്ലെന്ന് സുവിദിതമാണല്ലോ. ഇസ്ലാമിക ഭരണത്തില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് പൂര്‍ണമായ ആരാധനാസ്വാതന്ത്യ്രം നല്‍കപ്പെട്ടിരുന്നു.

നജ്റാനിലെ ക്രിസ്ത്യാനികളുമായി പ്രവാചകനുണ്ടാക്കിയ സന്ധിവ്യവസ്ഥകളില്‍ ഇങ്ങനെ കാണാം. "നജ്റാനിലെ ക്രൈസ്തവര്‍ക്കും അവരുടെ സഹവാസികള്‍ക്കും ദൈവത്തിന്റെ അഭയവും ദൈവദൂതനായ മുഹമ്മദിന്റെ സംരക്ഷണോത്തരവാദിത്വവുമുണ്ട്. അവരുടെ ജീവന്‍, മതം, ഭൂമി, ധനം എന്നിവയ്ക്കും അവരില്‍ ഹാജറുള്ളവന്നും ഇല്ലാത്തവന്നും അവരുടെ ഒട്ടകങ്ങള്‍ക്കും നിവേദകസംഘങ്ങള്‍ക്കും കുരിശ്, ചര്‍ച്ച് പോലുള്ള മതചിഹ്നങ്ങള്‍ക്കും വേണ്ടിയാണിത്. നിലവിലുള്ള അവസ്ഥയില്‍ ഒരു മാറ്റവും വരുത്തുന്നതല്ല. അവരുടെ യാതൊരവകാശവും ഒരു മതചിഹ്നവും മാറ്റപ്പെടുന്നതല്ല. അവരുടെ പാതിരിയോ പുരോഹിതനോ ചര്‍ച്ച് സേവകനോ തന്റെ സ്ഥാനത്ത് നിന്ന് നീക്കപ്പെടുന്നതല്ല.''ഒന്നാം ഖലീഫ അബൂബക്ര്‍ സ്വിദ്ദീഖ്(റ) ഹീറാവാസികളുമായി ഒപ്പുവച്ച സന്ധിവ്യവസ്ഥകളിലിങ്ങനെ പറയുന്നു: "അവരുടെ ആരാധനാലയങ്ങളും കനീസുകളും ശത്രുക്കളില്‍നിന്ന് രക്ഷ നേടുന്ന കോട്ടകളും പൊളിച്ചുമാറ്റപ്പെടുന്നതല്ല. മണിയടിക്കുന്നതോ പെരുന്നാളിന് കുരിശ് എഴുന്നള്ളിക്കുന്നതോ തടയപ്പെടുന്നതുമല്ല.''മധ്യപൂര്‍വദേശത്തെ ക്രൈസ്തവവിശ്വാസികള്‍ മുസ്ലിം ഭരണത്തിന് കീഴില്‍ സമ്പൂര്‍ണ മതസ്വാതന്ത്യ്രം അനുവദിച്ചിരുന്നതിനാല്‍ വളരെയേറെ സംതൃപ്തരായിരുന്നു. നീണ്ട അഞ്ചു നൂറ്റാണ്ടുകാലം ഇസ്ലാമികാധിപത്യം അനുഭവിച്ചശേഷവും ഈ അവസ്ഥയിലൊരു മാറ്റവും സംഭവിച്ചിരുന്നില്ലെന്ന് പന്ത്രണ്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ അന്തോക്യയിലെ യാക്കോബായ പാത്രിയാര്‍ക്കീസായിരുന്ന വലിയ മൈക്കലിന്റെ പ്രസ്താവന അസന്ദിഗ്ധമായി വ്യക്തമാക്കുന്നു.

റോമന്‍ ഭരണാധികാരിയായിരുന്ന ഹിരാക്ളിയസിന്റെ മര്‍ദന കഥകള്‍ വിവരിച്ചുകൊണ്ട് അദ്ദേഹം എഴുതുന്നു: "ഇങ്ങനെയാണ് സര്‍വശക്തനും മനുഷ്യരുടെ സാമ്രാജ്യങ്ങള്‍ തന്റെ ഹിതത്തിനനുസരിച്ച് മാറ്റിമറിക്കുന്നവനും താനിഛിക്കുന്നവര്‍ക്ക് സാമ്രാജ്യം നല്‍കുന്നവനും പാവങ്ങളെ ഉദ്ധരിക്കുന്നവനുമായ പ്രതികാരത്തിന്റെ ദൈവം ഇശ്മേലിന്റെ സന്താനങ്ങളെ റോമന്‍ കരങ്ങളില്‍നിന്നും നമ്മെ രക്ഷിക്കാനായി തെക്കുനിന്നു കൊണ്ടുവന്നത്. റോമക്കാര്‍ നമ്മുടെ ചര്‍ച്ചുകളും മഠങ്ങളും കവര്‍ച്ച ചെയ്യുന്നതും നമ്മെ നിര്‍ദയം മര്‍ദിക്കുന്നതും ദൈവം നോക്കിക്കാണുകയായിരുന്നു. യഥാര്‍ഥത്തില്‍ നമുക്കല്‍പം നഷ്ടം സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് കാല്‍സിഡോണിയന്‍ പക്ഷത്തുനിന്ന് ഏല്‍പിക്കപ്പെട്ട നമ്മുടെ ചര്‍ച്ചുകള്‍ അവരുടെ കൈയില്‍ തന്നെ ശേഷിക്കുന്നതുകൊണ്ട് ഉണ്ടായതു മാത്രമാണ്. അറബികള്‍ നഗരങ്ങള്‍ അധീനപ്പെടുത്തിയപ്പോള്‍ ഓരോരുത്തരുടെയും കൈവശമുള്ള ചര്‍ച്ചുകള്‍ അങ്ങനെത്തന്നെ നിലനിര്‍ത്തി. ഏതായിരുന്നാലും റോമക്കാരുടെ ക്രൂരതയില്‍നിന്നും നീചത്വത്തില്‍നിന്നും രോഷത്തില്‍നിന്നും മതാവേശത്തില്‍നിന്നും രക്ഷ പ്രാപിക്കുകയും നാം സമാധാനത്തില്‍ കഴിയുകയും ചെയ്യുന്നുവെന്നത് ഒട്ടും നിസ്സാരകാര്യമല്ല''(Michael the elder Vol. 2, PP. 412, 413. ഉദ്ധരണം: സര്‍ തോമസ് ആര്‍ണള്‍ഡ്, ഇസ്ലാം പ്രബോധനവും പ്രചാരവും, പുറം 67).

ഇന്ത്യയിലെ മുസ്ലിം ആധിപത്യത്തെ സംബന്ധിച്ച് ശ്രീ. ഈശ്വരി പ്രസാദ് പറയുന്നു: "മുസ്ലിംകള്‍ കീഴടക്കപ്പെട്ട ജനതയ്ക്ക് ആരാധനാ സ്വാതന്ത്യ്രം അനുവദിക്കുകയും അവരോട് സഹിഷ്ണുതാപൂര്‍വം പെരുമാറുകയുമുണ്ടായി.''(History of Muslim Rule, Page 46).ഡോക്ടര്‍ താരാചന്ദ് എഴുതുന്നു: "മുസ്ലിം ജേതാക്കള്‍ പരാജിതരോട് വളരെ നന്നായി പെരുമാറി. ഹിന്ദു പണ്ഡിതന്മാര്‍ക്കും പൂജാരിമാര്‍ക്കും തങ്ങളുടെ ദേവാലയങ്ങള്‍ക്കും ചട്ടപ്പടിയുള്ള അവകാശം നല്‍കാന്‍ കര്‍ഷകരെ അനുവദിച്ചു.''(Ibid, Page 49).മകന്‍ ഹുമയൂണിന് ബാബര്‍ ചക്രവര്‍ത്തി നല്‍കിയ അന്ത്യോപദേശങ്ങളില്‍ ഹിന്ദുസഹോദരന്മാരോട് അത്യുദാരമായി പെരുമാറാനാവശ്യപ്പെടുകയുണ്ടായി. ഡോ. രാജേന്ദ്രപ്രസാദ് ഉള്‍പ്പെടെ ഉദ്ധരിച്ച പ്രസ്തുത അന്ത്യോപദേശങ്ങളില്‍ ഇങ്ങനെ കാണാം: "ഇന്ത്യ മതവൈവിധ്യങ്ങളുടെ നാടാണ്. അതില്‍ നീ നന്ദി രേഖപ്പെടുത്തണം. അല്ലാഹു നിനക്ക് അധികാരം നല്‍കിയാല്‍ നീ മതപക്ഷപാതിത്വം കാണിക്കരുത്. ഹൈന്ദവരുടെ ഹൃദയം വ്രണപ്പെടും വിധം പശുക്കളെ അറുക്കരുത്. അതു ചെയ്താല്‍ ജനം നിന്നെ വെറുക്കും. ക്ഷേത്രങ്ങളും ആരാധനാലയങ്ങളും തകര്‍ക്കരുത്. ഭരണാധികാരി ഭരണീയരെയും ഭരണീയര്‍ ഭരണകര്‍ത്താവിനെയും സ്നേഹിക്കുന്ന സാഹചര്യം സൃഷ്ടിക്കുക. ദയാഹൃദയം കൊണ്ടാണ് ഇസ്ലാമിനെ ധന്യമാക്കേണ്ടത്. അടിച്ചമര്‍ത്തലിലൂടെയല്ല''(ഉദ്ധരണം: മിസിസ് നിലോഫര്‍ അഹ്മദ്, ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റഡീസ്, ന്യൂഡല്‍ഹി).

ആലംഗീര്‍ നാമയിലിങ്ങനെ വായിക്കാം: "ഔറംഗസീബ് ബംഗാളിലും ആസാമിലും ചില ഹിന്ദു ക്ഷേത്രങ്ങള്‍ നിര്‍മിക്കുകയും ബുദ്ധഗയക്ക് വമ്പിച്ച ഭൂസ്വത്ത് രാജകീയശാസന വഴി നല്‍കുകയുമുണ്ടായി''(ഉദ്ധരണം:Illustrated weekly, 5.10.'75).പണ്ഡിറ്റ് സുന്ദര്‍ലാല്‍ പറയുന്നു: "അക്ബര്‍, ജഹാംഗീര്‍, ഷാജഹാന്‍ എന്നിവരുടെ കാലത്തും ഔറംഗസീബിന്റെയും പിന്‍ഗാമികളുടെയും കാലത്തും ഹിന്ദുക്കളോടും മുസ്ലിംകളോടും ഒരേ സമീപനമാണ് സ്വീകരിച്ചിരുന്നത്. രണ്ടു മതങ്ങളും തുല്യമായി ആദരിക്കപ്പെട്ടു. മതത്തിന്റെ പേരില്‍ ആരോടും ഒരുവിധ വിവേചനവും കാണിച്ചിരുന്നില്ല. എല്ലാ ചക്രവര്‍ത്തിമാരും നിരവധി ക്ഷേത്രങ്ങള്‍ക്ക് ഒട്ടേറെ ഭൂസ്വത്തുക്കള്‍ നല്‍കുകയുണ്ടായി. ഇന്നും ഇന്ത്യയിലെ വിവിധ ക്ഷേത്രപൂജാരികളുടെ വശം ഔറംഗസീബിന്റെ ഒപ്പുള്ള രാജകല്‍പന നിലവിലുണ്ട്. അവ അദ്ദേഹം പാരിതോഷികങ്ങളും ഭൂസ്വത്തുക്കളും നല്‍കിയതിന്റെ സ്മരണികയത്രെ. ഇത്തരം രണ്ടു കല്‍പനകള്‍ ഇപ്പോഴും ഇലഹാബാദിലുണ്ട്. അവയിലൊന്ന് സോമനാഥ ക്ഷേത്രത്തിലെ പൂജാരിയുടെ വശമാണ്''.

ഇതര മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളുടെ സംരക്ഷണത്തിലും ഇസ്ലാമികരാഷ്ട്രം എന്നും എവിടെയും തികഞ്ഞ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തിപ്പോന്നിട്ടുണ്ട്. ഒന്നാം ഖലീഫയായ അബൂബക്ര്‍ സ്വിദ്ദീഖിനോട് രാജ്യത്തെ ക്രൈസ്തവ വിശ്വാസികള്‍, തങ്ങള്‍ പുതുതായി നിര്‍മിച്ച ചര്‍ച്ച് ഉദ്ഘാടനം ചെയ്യാനാവശ്യപ്പെടുകയും അത് ഇസ്ലാമികാരാധനയായ നമസ്കാരം നിര്‍വഹിച്ച് നടത്തിയാല്‍ മതിയെന്ന് നിര്‍ദേശിക്കുകയും ചെയ്തു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: "ഞാനത് ഉദ്ഘാടനം ചെയ്താല്‍ എന്റെ കാലശേഷം യാഥാര്‍ഥ്യമറിയാത്തവര്‍ ഞങ്ങളുടെ ഖലീഫ നമസ്കരിച്ച സ്ഥലമാണെന്ന് അതിന്റെ പേരില്‍ അവകാശവാദമുന്നയിക്കുകയും അത് കുഴപ്പങ്ങള്‍ക്കിടവരുത്തുകയും ചെയ്തേക്കാം.'' ഖലീഫയുടെ ആശങ്ക ശരിയാണെന്നു ബോധ്യമായ ക്രൈസ്തവ സഹോദരന്മാര്‍ തങ്ങളുടെ ഉദ്യമത്തില്‍നിന്ന് പിന്‍മാറി.

ഫലസ്തീന്‍ സന്ദര്‍ശിക്കവെ നമസ്കാരസമയമായപ്പോള്‍ രണ്ടാം ഖലീഫ ഉമറുല്‍ ഫാറൂഖിനോട് അവിടത്തെ പാത്രിയാര്‍ക്കീസ് സ്വഫര്‍നിയൂസ്, തങ്ങളുടെ ചര്‍ച്ചില്‍വച്ച് നമസ്കാരം നിര്‍വഹിക്കാനാവശ്യപ്പെട്ടു. എന്നാല്‍ ആ നിര്‍ദേശം ഖലീഫ നന്ദിപൂര്‍വം നിരസിക്കുകയാണുണ്ടായത്. അതിന് അദ്ദേഹം പറഞ്ഞ കാരണം, താനവിടെ വച്ച് നമസ്കരിച്ചാല്‍ പില്‍ക്കാലത്ത് അവിവേകികളായ മുസ്ലിംകളാരെങ്കിലും അതിന്റെ പേരില്‍ അവകാശവാദമുന്നയിക്കുകയും അത് പള്ളിയാക്കി മാറ്റാന്‍ ശ്രമിക്കുകയും ചെയ്തേക്കുമെന്നായിരുന്നു. അത്തരമൊരവിവേകത്തിന് അവസരമുണ്ടാവരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്ന ഉമറുല്‍ ഫാറൂഖ് ചര്‍ച്ചിനു പുറത്തുള്ള ഒരു ഒഴിഞ്ഞ സ്ഥലത്ത് വസ്ത്രം വിരിച്ച് നമസ്കരിക്കുകയാണുണ്ടായത്.

അമുസ്ലിംകള്‍ക്ക് അവരുടെ വ്യക്തിനിയമങ്ങളനുസരിച്ച് ജീവിക്കാന്‍ പൂര്‍ണ സ്വാതന്ത്യ്രം നല്‍കുന്ന ഇസ്ലാം അവരുടെ ഒരവകാശവും ഹനിക്കാന്‍ അനുവദിക്കുന്നില്ല. പ്രവാചകന്‍ തിരുമേനി അരുള്‍ ചെയ്യുന്നു: "സൂക്ഷിച്ചുകൊള്ളുക, അമുസ്ലിം പൌരന്മാരെ വല്ലവരും അടിച്ചമര്‍ത്തുകയോ അവരുടെ മേല്‍ കഴിവിനതീതമായ നികുതിഭാരം ചുമത്തുകയോ അവരോട് ക്രൂരമായി പെരുമാറുകയോ അവരുടെ അവകാശങ്ങള്‍ വെട്ടിക്കുറയ്ക്കുകയോ ചെയ്യുകയാണെങ്കില്‍ അന്ത്യവിധി നാളില്‍ അവര്‍ക്കെതിരെ ഞാന്‍ സ്വയം തന്നെ പരാതി ബോധിപ്പിക്കുന്നതാണ്.''(അബൂദാവൂദ്)"ആര്‍ അമുസ്ലിം പൌരനെ അപായപ്പെടുത്തുന്നുവോ അവന്‍ സ്വര്‍ഗത്തിന്റെ ഗന്ധം പോലും അനുഭവിക്കുകയില്ല'' (അബൂയൂസുഫ്, കിതാബുല്‍ ഖറാജ്, പേജ് 71).

വിവാഹം, വിവാഹമോചനം, അനന്തരാവകാശം തുടങ്ങിയ വ്യക്തിനിയമങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെല്ലാം ബന്ധപ്പെട്ട കക്ഷികളുടെ മതാചാരപ്രകാരമാണ് ഇസ്ലാമിക കോടതികള്‍ തീര്‍പ്പ് കല്‍പിക്കുക. ശരീഅത്ത് വിധികള്‍ അവരുടെ മേല്‍ നടപ്പിലാക്കുകയില്ല. നബിതിരുമേനിയുടെ കാലത്ത് ജൂതന്മാരുടെ കേസുകള്‍ വിചാരണയ്ക്കു വന്നാല്‍ മദീനയിലെ 'ബൈത്തുല്‍ മിദ്റാസ്' എന്ന ജൂതസെമിനാരിയുമായി ബന്ധപ്പെട്ട് അവിടത്തെ പുരോഹിതന്മാരോട് തോറയിലെ വിധികള്‍ അന്വേഷിച്ച് പഠിച്ച ശേഷമേ അവിടന്നു തീര്‍പ്പ് കല്‍പിച്ചിരുന്നുള്ളൂ. (ഇബ്നു ഹിശാം, സീറത്തുന്നബി, വാള്യം 2, പുറം 201).

സര്‍ തോമസ് ആര്‍ണള്‍ഡ് എഴുതുന്നു: "അമുസ്ലിം സമൂഹങ്ങള്‍ മിക്കവാറും പൂര്‍ണമായ സ്വയംഭരണാവകാശം അനുഭവിക്കുകയുണ്ടായി. എന്തുകൊണ്ടെന്നാല്‍ തങ്ങളുടെ ആഭ്യന്തരകാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്യ്രം ഭരണകൂടം അവരുടെ കരങ്ങളില്‍ തന്നെ ഏല്‍പിച്ചിരുന്നു. മതപരമായ വിഷയങ്ങളില്‍ തീരുമാനമെടുക്കുവാനുള്ള അധികാരം അവരുടെ പുരോഹിതന്മാര്‍ക്ക് ലഭിച്ചു. അവരുടെ ചര്‍ച്ചുകളും മഠങ്ങളും യാതൊരു ഊനവും തട്ടാതെ നിലനിര്‍ത്താനനുവദിച്ചു''(ഇസ്ലാം: പ്രബോധനവും പ്രചാരവും, പുറം 78).എന്നാല്‍ ഇസ്ലാമികരാഷ്ട്രത്തില്‍ അനീതികളും വിവേചനങ്ങളും നടക്കുകയില്ല. ജാതി-മത-കക്ഷി ഭേദമന്യേ നിഷ്കൃഷ്ടമായ നീതി നടപ്പിലാക്കപ്പെടും. ഖുര്‍ആന്‍ കല്‍പിക്കുന്നു: "വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനു വേണ്ടി നേര്‍മാര്‍ഗത്തില്‍ നിലകൊള്ളുന്നവരും നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമാകുക. ഒരു ജനതയോടുള്ള വിരോധം നീതി നടപ്പിലാക്കപ്പെടാതിരിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. നീതി പാലിക്കുവിന്‍. അതാണ് ദൈവഭക്തിക്ക് ഏറ്റവും അനുയോജ്യം''(5:8).

ഇസ്ലാമികരാശ്ട്രത്തില അമുസ്ലിം പൌരന്മാര്‍ക്കെതിരെ കലാപം നടത്തിയാല്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കപ്പെടും. വധിച്ചാല്‍ പ്രതിക്രിയ നടപ്പാക്കപ്പെടും. ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെട്ടാല്‍ തകര്‍ത്തവര്‍ക്കെതിരെ കടുത്ത ശിക്ഷ വിധിക്കുകയും തകര്‍ക്കപ്പെട്ടവ പുനര്‍നിര്‍മിക്കുകയും ചെയ്യും. ആരാധനാലയങ്ങളെപ്പോലെത്തന്നെ മതന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തും വിദ്യാസ്ഥാപനങ്ങളും വ്യക്തിനിയമങ്ങളും പൂര്‍ണമായും സുരക്ഷിതമായിരിക്കും. അവയുടെയൊന്നും നേരെ ഒരുവിധ കൈയേറ്റവും അനുവദിക്കപ്പെടുന്നതല്ല. അതുകൊണ്ടുതന്നെ ഇസ്ലാമിക ഭരണത്തില്‍ മതന്യൂനപക്ഷങ്ങള്‍ സ്വാതന്ത്യ്രവും സുരക്ഷയും അനുവദിക്കുമെന്നതിലൊട്ടും സംശയമില്ല. അവരൊരിക്കലും അല്‍പവും അനീതിക്കോ കൈയേറ്റങ്ങള്‍ക്കോ അവഹേളനങ്ങള്‍ക്കോ ഇരയാവുകയില്ല.

രാജ്യത്തെ ആദിവാസികളും പിന്നോക്ക ജാതിക്കാരുമെല്ലാം തങ്ങള്‍ ഹിന്ദുക്കളല്ലെന്ന് ശക്തമായി വാദിച്ചുകൊണ്ടിരിക്കെ, ചോദ്യത്തിലുന്നയിച്ച, ഇന്ത്യയിലെ ഭൂരിപക്ഷം ഹിന്ദുക്കളാണെന്ന പരാമര്‍ശം സൂക്ഷ്മമോ വസ്തുനിഷ്ഠമോ അല്ലെന്നുകൂടി പറയേണ്ടതുണ്ട്.

2010 ജനു 19

പൊതുജീവിതത്തിലെ സ്ത്രീ പങ്കാളിത്തം

സ്ത്രീകളെ പൊതുജീവിതത്തില്‍നിന്ന് മാറ്റിനിര്‍ത്തുകയും അടുക്കളയില്‍ തളച്ചിടുകയുമല്ലേ ഇസ്ലാം ചെയ്യുന്നത്?

പ്രകൃതിപരമായ പ്രത്യേകതകള്‍ പരിഗണിക്കുമ്പോള്‍ സ്ത്രീയുടെ പ്രധാന പ്രവര്‍ത്തനരംഗം വീടുതന്നെയാണ്. മഹിതമായ കൃത്യം മാതൃത്വവും. എന്നാല്‍ സ്ത്രീ പൊതുജീവിതത്തില്‍ ഇടപെടുന്നതിനെയോ സജീവപങ്കാളിത്തം വഹിക്കുന്നതിനെയോ ഇസ്ലാം വിലക്കുന്നില്ല. എന്നല്ല; അതനുവദിക്കുകയും അനിവാര്യസന്ദര്‍ഭങ്ങളില്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.അധ്യയനത്തിലും അധ്യാപനത്തിലും പ്രവാചകന്റെ കാലംതൊട്ടുതന്നെ സ്ത്രീകളും പുരുഷന്മാരെപ്പോലെ സജീവമായി പങ്കെടുത്തുപോന്നിട്ടുണ്ട്. പ്രവാചകസന്നിധിയില്‍ വന്ന് കാര്യങ്ങള്‍ പഠിച്ചു മനസ്സിലാക്കുന്നതിലും അത് മറ്റുള്ളവരെ പഠിപ്പിക്കുന്നതിലും അവരൊട്ടും പിന്നിലായിരുന്നില്ല. പ്രവാചകചര്യയുടെ നിവേദകരില്‍ പ്രമുഖരായ വനിതകള്‍ ഉണ്ടാവാനുള്ള കാരണവും അതത്രെ.പ്രവാചകപത്നി ആഇശയുടെ പാണ്ഡിത്യം സുവിദിതമാണ്. ഇമാം സുഹ്രി പറയുന്നു: "ആഇശ ജനങ്ങളില്‍ ഏറ്റവും അറിവുള്ള വ്യക്തിയായിരുന്നു. പ്രവാചകന്റെ അനുചര•ാരില്‍ പ്രമുഖര്‍ പോലും അവരോട് ചോദിച്ച് പഠിക്കാറുണ്ടായിരുന്നു''. സുബൈറിന്റെ മകന്‍ ഉര്‍വ രേഖപ്പെടുത്തുന്നു: "ഖുര്‍ആന്‍, അനന്തരാവകാശ നിയമങ്ങള്‍, വിജ്ഞാനം, കവിത, കര്‍മശാസ്ത്രം, അനുവദനീയം, നിഷിദ്ധം, വൈദ്യം, അറബികളുടെ പുരാതന വൃത്താന്തങ്ങള്‍, ഗോത്രചരിത്രം എന്നിവയില്‍ ആഇശയേക്കാള്‍ അറിവുള്ള ആരെയും ഞാന്‍ കണ്ടിട്ടില്ല''.ലബീദിന്റെ മകന്‍ മഹ്മൂദ് പറയുന്നു: "പ്രവാചകപത്നിമാരെല്ലാം ഹദീസുകള്‍ മനഃപാഠമാക്കിയിരുന്നു. എന്നാല്‍ ആഇശയോടും ഉമ്മുസല്‍മയോടുമൊപ്പമെത്തിയിരുന്നില്ല മറ്റുള്ളവര്‍.''പ്രവാചകപത്നിമാരില്‍ ആഇശ മാത്രം 2210 ഹദീസുകള്‍ നിവേദനം ചെയ്തിട്ടുണ്ട്. ഉമ്മുസല്‍മയും നിരവധി ഹദീസുകള്‍ നിവേദനം ചെയ്യുകയുണ്ടായി. സ്ത്രീകള്‍ മാത്രമല്ല, ധാരാളം പുരുഷന്മാരും അവരില്‍നിന്ന് അറിവ് നേടിയിരുന്നു. വൈജ്ഞാനികരംഗത്തെന്നപോലെ ഇസ്ലാമികപ്രബോധന പ്രവര്‍ത്തനങ്ങളിലും സ്ത്രീകള്‍ സജീവ പങ്കുവഹിച്ചു. അതിനാല്‍ പുരുഷന്മാരെപ്പോലെത്തന്നെ അവരും കൊടിയ പീഡനങ്ങള്‍ക്കിരയായി. ഇസ്ലാമിലെ ആദ്യത്തെ രക്തസാക്ഷിപോലും സുമയ്യ എന്ന സ്ത്രീയാണ്. ജന്മനാട്ടില്‍ ജീവിതം ദുസ്സഹമായി പലായനം അനിവാര്യമായപ്പോള്‍ സ്ത്രീകളുമതില്‍ പങ്കാളികളായി.പ്രവാചകന്റെയോ സച്ചരിതരായ ഖലീഫമാരുടെയോ കാലത്ത് പൊതുജീവിതത്തില്‍നിന്ന് സ്ത്രീകള്‍ മാറ്റിനിര്‍ത്തപ്പെട്ടിരുന്നില്ല. യുദ്ധരംഗത്തുപോലും സ്ത്രീകളുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു. ഉഹ്ദ് യുദ്ധത്തില്‍ ഭടന്മാര്‍ക്ക് വെള്ളമെത്തിക്കാനും മുറിവേറ്റവരെ ശുശ്രൂഷിക്കാനും നേതൃത്വം നല്‍കിയത് പ്രവാചകപത്നി ആഇശയായിരുന്നു. ഉമ്മു സുലൈമും ഉമ്മു സലീത്തും ഈ സാഹസത്തില്‍ പങ്കുചേരുകയുണ്ടായി.ഖൈബര്‍ യുദ്ധത്തില്‍ പങ്കെടുത്ത പട്ടാളക്കാര്‍ക്ക് ആഹാരമൊരുക്കിക്കൊടുക്കുകയും മുറിവേറ്റവരെ ശുശ്രൂഷിക്കുകയും ചെയ്ത വനിതകള്‍ക്ക് പ്രവാചകന്‍ സമരാര്‍ജിത സമ്പത്തില്‍നിന്ന് വിഹിതം നല്‍കുകയുണ്ടായി. ഉഹ്ദ് യുദ്ധത്തില്‍ മുറിവേറ്റവരെയും രക്തസാക്ഷികളെയും മദീനയിലേക്കെത്തിക്കുന്ന ചുമതല നിര്‍വഹിച്ചത് മുഅവ്വിദിന്റെ പുത്രി റുബയ്യഉം സഹപ്രവര്‍ത്തകരുമായിരുന്നു. ഉമ്മു അതിയ്യ ഏഴു യുദ്ധങ്ങളില്‍ സംബന്ധിക്കുകയുണ്ടായി. അനസുബ്നു മാലിക്കിന്റെ മാതാവ് ഉമ്മു സുലൈമും നിരവധി യുദ്ധങ്ങളില്‍ പ്രവാചകനെ അനുഗമിക്കുകയുണ്ടായി. ഖന്‍ദഖ് യുദ്ധത്തില്‍ സ്ത്രീകളെയും കുട്ടികളെയും അക്രമിക്കാനെത്തിയ ശത്രുവെ കൂര്‍ത്ത കമ്പെടുത്ത് കുത്തിക്കൊന്നത് സ്വഫിയ്യയാണ്. ഉഹ്ദ് യുദ്ധത്തില്‍ പ്രവാചകന്റെ പരിരക്ഷയ്ക്കായി പൊരുതിയ പ്രമുഖരിലൊരാള്‍ ഉമ്മു അമ്മാറയാണ്. അവരുടെ ശരീരത്തില്‍ നിരവധി മുറിവുകളേല്‍ക്കുകയുണ്ടായി. ഒന്നാം ഖലീഫ അബൂബക്ര്‍ സിദ്ദീഖിന്റെ കാലത്തു നടന്ന യമാമ യുദ്ധത്തില്‍ പങ്കെടുത്ത അവരുടെ ശരീരത്തില്‍ പന്ത്രണ്ടു മുറിവുകളുണ്ടായിരുന്നു. ഈവിധം രണാങ്കണത്തില്‍ ധീരമായി പൊരുതിയ നിരവധി വനിതകളെ ഇസ്ലാമികചരിത്രം പരിചയപ്പെടുത്തുന്നുണ്ട്. ആധുനികലോകത്തും മുസ്ലിം സ്ത്രീകള്‍ സമരരംഗത്ത് സജീവമായി പങ്കെടുത്തതിന് നിരവധി ഉദാഹരണങ്ങളുണ്ട്. റിദാ ഷാ പഹ്ലവിയുടെ ഏകാധിപത്യ മര്‍ദക ഭരണത്തിനെതിരെ ഖുമൈനി നയിച്ച പോരാട്ടത്തിലും റഷ്യന്‍ അധിനിവേശത്തിനെതിരെ അഫ്ഗാന്‍ ജനത നടത്തിയ ചെറുത്തുനില്‍പിലും സ്ത്രീകള്‍ ധീരോജ്ജ്വലമായ സേവനങ്ങളര്‍പ്പിക്കുകയുണ്ടായി. ഇസ്ലാമിക സമരനിരയിലെ സ്ത്രീസാന്നിധ്യം പാശ്ചാത്യ മാധ്യമങ്ങള്‍പോലും എടുത്തുകാണിക്കാന്‍ നിര്‍ബന്ധിതമാകുംവിധം അവഗണിക്കാനാവാത്തതാണ്.സ്ത്രീ വീടിന് പുറത്തുപോയി തൊഴിലിലേര്‍പ്പെടുന്നതിനെയോ സേവനവൃത്തികളില്‍ വ്യാപൃതമാവുന്നതിനെയോ പൊതു പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുന്നതിനെയോ ഇസ്ലാം ഒരു നിലയ്ക്കും വിലക്കുന്നില്ലെന്ന് ഇതും ഇതുപോലുള്ളവയുമായ സംഭവങ്ങള്‍ അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. രണ്ടാം ഖലീഫ ഉമറുല്‍ ഫാറൂഖിന്റെ ഭരണകാലത്ത് കടകമ്പോളങ്ങളുടെ മേല്‍നോട്ടത്തിന്റെ ഉത്തരവാദിത്വം ഏല്‍പിച്ചിരുന്നത് ശിഫാ ബിന്‍തു അബ്ദില്ലാ എന്ന സ്ത്രീയെയായിരുന്നുവെന്നത് പ്രത്യേകം പ്രസ്താവ്യമത്രെ. നമ്മുടെ കാലത്തെ ഉപഭോക്തൃസംരക്ഷണ വകുപ്പിന്റെ ഡയറക്ടര്‍ പദവിക്കു സമാനമായ സ്ഥാനമാണത്.സമകാലീന സമൂഹത്തിലും മുസ്ലിം സ്ത്രീകള്‍ ഇസ്ലാമിക പ്രവര്‍ത്തനങ്ങളിലെന്നപോലെ സാമൂഹിക സേവനരംഗത്തും പൊതുജീവിതത്തിലും സജീവമായി പങ്കുവഹിച്ചുവരുന്നുണ്ട്. ശാസ്ത്ര- സാങ്കേതിക-വിദ്യാഭ്യാസ മേഖലകളിലെല്ലാം ഇറാനിയന്‍ സ്ത്രീകള്‍ സ്തുത്യര്‍ഹമായ സേവനമാണ് നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. അവിടത്തെ യൂനിവേഴ്സിറ്റികളിലെ പ്രഫസര്‍മാരിലും മറ്റു ജീവനക്കാരിലും നാല്‍പതു ശതമാനത്തോളം സ്ത്രീകളാണ്. നഴ്സറി സ്കൂള്‍ തൊട്ട് ഹൈസ്കൂളിലെ അവസാനവര്‍ഷം വരെ അധ്യാപനവൃത്തി പൂര്‍ണമായും നിര്‍വഹിക്കുന്നത് സ്ത്രീകളാണ്. ഇറാനിലെ നല്ലൊരു വിഭാഗം സ്ത്രീകള്‍ സ്വന്തമായി കച്ചവടസ്ഥാപനങ്ങള്‍ നടത്തുന്നവരാണ്. സ്വകാര്യസ്ഥാപനങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും ഉന്നത ജോലിയിലേര്‍പ്പെട്ടവരും നിരവധിയാണ്. ധാരാളം വനിതാ അഡ്വക്കേറ്റുമാരും ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും അവിടെ ജോലി ചെയ്യുന്നുണ്ട്. വിദ്യാഭ്യാസ ആരോഗ്യവകുപ്പുകളിലായി പതിനൊന്ന് ലക്ഷത്തിലേറെ സ്ത്രീകള്‍ സേവനമനുഷ്ഠിച്ചു വരുന്നു. മാധ്യമരംഗത്തും ഇറാനില്‍ സ്ത്രീകള്‍ക്ക് മെച്ചപ്പെട്ട പ്രാതിനിധ്യമുണ്ട്. ടെലിവിഷന്‍ മേഖലയില്‍ മുപ്പത്തഞ്ചു ശതമാനം സ്ത്രീകളാണ്.ഈജിപ്ത്, സുഡാന്‍ തുടങ്ങി ഇതര മുസ്ലിം നാടുകളിലും ഇസ്ലാമിക മര്യാദകള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടു തന്നെ ലക്ഷക്കണക്കിന് സ്ത്രീകള്‍ പൊതുരംഗത്ത് പ്രവര്‍ത്തിച്ചുവരുന്നു. മതപണ്ഡിതന്മാരോ ഇസ്ലാമിക പ്രസ്ഥാനങ്ങളോ ഇതിനെ എതിര്‍ക്കാറില്ലെന്നതും ശ്രദ്ധേയമത്രെ. ഈ വിധം പൊതു ജീവിതത്തില്‍ സജീവമായി പങ്കുവഹിക്കാന്‍ അനുവദിക്കുമ്പോഴും സ്ത്രീയുടെ പ്രഥമവും പ്രധാനവുമായ ചുമതല ഗൃഹഭരണവും കുട്ടികളുടെ സംരക്ഷണവുമാണെന്ന കാര്യം ഇസ്ലാം ഊന്നിപ്പറയുന്നു. അതവഗണിക്കുന്നത് അത്യന്തം അപകടകരവും ദൂരവ്യാപകമായ വിപത്തുകള്‍ക്ക് നിമിത്തവുമാണെന്ന് ഉണര്‍ത്തുകയും ചെയ്യുന്നു.

സ്ത്രീകള്‍ ഭരണ-രാഷ്ട്രീയ രംഗങ്ങളില്‍ പങ്കുവഹിക്കുന്നതിനെ ഇസ്ലാം വിലക്കുന്നുണ്ടോ? മുസ്ലിം സ്ത്രീകള്‍ ഭരണാധികാരികളാകാന്‍ പാടില്ലെന്ന് പറഞ്ഞുകേള്‍ക്കുന്നത് ശരിയാണോ?

ഈ ചോദ്യത്തിന് ഇരുപതാം നൂറ്റാണ്ട് കണ്ട പ്രമുഖ പണ്ഡിതന്മാരിലൊരാളായ ശൈഖ് മുഹമ്മദുല്‍ ഗസ്സാലി നല്‍കിയ വിശദീകരണം ഇവിടെ ഉദ്ധരിക്കുന്നത് ഉചിതമായിരിക്കുമെന്ന് കരുതുന്നു. അദ്ദേഹം എഴുതുന്നു: "മദീനാ മാര്‍ക്കറ്റിന്റെ നിയന്ത്രണവും വിധിത്തീര്‍പ്പും ശിഫാഇനെയാണ് ഉമറുല്‍ ഫാറൂഖ് ഏല്‍പിച്ചിരുന്നത്. അവരവിടെ നിയമലംഘനങ്ങള്‍ തടയുകയും നീതി നടപ്പാക്കുകയും വിധി പ്രസ്താവിക്കുകയും ചെയ്തത് ആണ്‍-പെണ്‍ഭേദമന്യേ എല്ലാവര്‍ക്കുമിടയിലായിരുന്നു. ഏതെങ്കിലും വിധത്തിലുള്ള നിയന്ത്രണങ്ങള്‍ ഖലീഫ അവരുടെ മേല്‍ ഏര്‍പ്പെടുത്തിയിരുന്നില്ല.സ്ത്രീകളെ രാഷ്ട്രനേതൃത്വമോ ഭരണാധികാരമോ ഏല്‍പിച്ചുകൊടുക്കാന്‍ മോഹിച്ചു നടക്കുന്ന കൂട്ടത്തിലൊന്നുമല്ല ഞാന്‍. ഒരു കാര്യമേ നാം ആഗ്രഹിക്കുന്നുള്ളൂ. സമൂഹത്തിലെ ഏറ്റവും അനുയോജ്യനായ ആള്‍ രാജ്യത്തിന്റെയും രാജ്യഭരണത്തിന്റെയും നേതൃത്വത്തില്‍ വരണം.'സ്ത്രീയെ അധികാരമേല്‍പിച്ച ജനത പരാജയപ്പെട്ടിരിക്കുന്നു' എന്ന പ്രവാചകവചനമുണ്ടല്ലോ. അപ്പോള്‍ ഏതെങ്കിലും വിധത്തിലുള്ള അധികാരം സ്ത്രീയെ ഏല്‍പിക്കുന്നത് പരാജയകാരണമാവില്ലേയെന്ന് ചോദിച്ചേക്കാം. ഇവിടെ ഈ പ്രവാചകവചനത്തെ സംബന്ധിച്ച് അല്‍പം ആഴത്തില്‍ ആലോചിക്കാന്‍ നാമാഗ്രഹിക്കുന്നു. പ്രവാചകവചനം സ്വീകാര്യം തന്നെ. എന്നാല്‍ അതിന്റെ ആശയം എന്തായിരിക്കും?ഇസ്ലാമിക മുന്നേറ്റത്തിനു മുമ്പില്‍ പേര്‍ഷ്യന്‍ സാമ്രാജ്യം നിലംപൊത്തിക്കൊണ്ടിരുന്നപ്പോള്‍ അവിടെ ഭരണം നടത്തിയിരുന്നത് അഭിശപ്തമായ രാജവാഴ്ചയും ഏകാധിപത്യവുമായിരുന്നു. വിഗ്രഹാരാധനയിലധിഷ്ഠിതമായ മതം, കൂടിയാലോചന അചിന്ത്യമായ രാജകുടുംബം, മരണം വിധിക്കപ്പെട്ട അഭിപ്രായ വിമര്‍ശനസ്വാതന്ത്യ്രം, തമ്മിലടിക്കുന്ന രാജകുടുംബങ്ങള്‍, മകന്‍ പിതാവിനെയും സഹോദരന്‍ സഹോദരനെയും വകവരുത്തുന്ന അധികാരക്കൊതി, സര്‍വോപരി എല്ലാം സഹിച്ച് അടങ്ങിയൊതുങ്ങി കഴിയുന്ന പ്രതികരണശേഷി അറിയാത്ത ജനത!മുസ്ലിം മുന്നേറ്റത്തിനു മുമ്പില്‍ പേര്‍ഷ്യന്‍ സൈന്യം പിടിച്ചുനില്‍ക്കാനാവാതെ പിന്തിരിയുകയും രാജ്യാതിര്‍ത്തി ചുരുങ്ങിച്ചുരുങ്ങി വരികയുമായിരുന്നു. അപ്പോഴുമവര്‍ക്ക് പ്രാപ്തനായ ഒരാളെ രാജ്യഭരണം ഏല്‍പിക്കാനായില്ല. രാജഭരണത്തിന്റെ ഭാഗമായി അവിവേകിയായ ഒരു സ്ത്രീയെ അധികാരത്തില്‍ വാഴിക്കുകയായിരുന്നു. ഇത് ആ രാജ്യത്തിന്റെയും സാമ്രാജ്യത്തിന്റെയും എന്നന്നേക്കുമായുള്ള തിരോധാനം വിളിച്ചറിയിക്കുന്നതായിരുന്നു. ദീര്‍ഘവീക്ഷകനും സൂക്ഷ്മജ്ഞാനിയുമായ പ്രവാചകന്‍ ഇതേ പ്പറ്റിയുള്ള തന്റെ വിലയിരുത്തല്‍ സത്യസന്ധമായി രേഖപ്പെടുത്തുകയായിരുന്നു. 'സ്ത്രീയെ അധികാരമേല്‍പിച്ച ജനത പരാജയമടഞ്ഞതുതന്നെ.'നേരെ മറിച്ച് ആ അവസരം പേര്‍ഷ്യന്‍ഭരണം കൂടിയാലോചനയിലധിഷ്ഠിതവും ഭരണാധികാരിയായ വനിത ഗോള്‍ഡാമീറിനെപ്പോലൊരാളാവുകയും സൈനിക തീരുമാനങ്ങള്‍ ഉത്തരവാദപ്പെട്ടവരുടെ കരങ്ങളില്‍ ആയിരിക്കുകയും ചെയ്തിരുന്നുവെങ്കില്‍ പ്രവാചകന്റെ വിലയിരുത്തല്‍ മറ്റൊരു വിധത്തിലായിരുന്നേനെ.''ഉപര്യുക്ത പ്രവാചകവചനത്തെ സംബന്ധിച്ച് ഡോ. ജമാല്‍ ബദവി എഴുതുന്നു: "ഈ നബിവചനം സ്ത്രീകളെ ഭരണനേതൃത്വത്തില്‍നിന്നും മാറ്റിനിര്‍ത്താനുള്ള തെളിവായി വ്യാഖ്യാനിക്കപ്പെട്ടുവരുന്നുണ്ടെങ്കിലും പല പണ്ഡിതന്‍മാരും ഇതിനോട് യോജിക്കുന്നില്ല. നബിയുടെ കാലത്തെ പേര്‍ഷ്യന്‍ ഭരണാധികാരികള്‍ പ്രവാചകനോടും അദ്ദേഹം അവരുടെ അടുത്തേക്കയച്ച ദൂതനോടും കൊടിയ ശത്രുത കാണിച്ചവരായിരുന്നു. അതിനാല്‍ പേര്‍ഷ്യക്കാര്‍ ഖുസ്രുവിന്റെ പുത്രിയെ തങ്ങളുടെ ഭരണാധികാരിയായി അംഗീകരിച്ച വാര്‍ത്തയോടുള്ള പ്രതികരണത്തെ, രാഷ്ട്രത്തിന്റെ ഭരണനേതൃത്വവുമായി ബന്ധപ്പെട്ട ലിംഗപ്രശ്നത്തിന്റെ വിശദീകരണമായല്ല, ആ മര്‍ദകസാമ്രാജ്യത്തിന്റെ ആസന്നപതനത്തെ സംബന്ധിച്ച പ്രവചനമെന്ന നിലയിലാണ് കാണേണ്ടത്. നബിയുടെ പ്രവചനം പിന്നീട് പുലരുകയും ചെയ്തു... അതിനാല്‍ ഈ നബിവചനം സ്ത്രീകളെ രാഷ്ട്രത്തിന്റെ ഭരണനേതൃത്വത്തില്‍നിന്നും ഒഴിച്ചുനിര്‍ത്തിയേ പറ്റൂ എന്നുള്ളതിന് തെളിവാകുന്നില്ല.''അതിനാല്‍ സ്ത്രീയെ ഭരണനേതൃത്വത്തില്‍നിന്ന് വിലക്കുന്ന വ്യക്തവും ഖണ്ഡിതവുമായ ഖുര്‍ആന്‍ വാക്യമോ പ്രവാചക വചനമോ ഇല്ല. എങ്കിലും വളരെ അനിവാര്യ സാഹചര്യമില്ലെങ്കില്‍ അതൊഴിവാക്കുന്നതാണുത്തമം. ഡോ. ജമാല്‍ ബദവി എഴുതുന്നു: "ഇസ്ലാമിന്റെ രാഷ്ട്രീയ വ്യവസ്ഥ വിശദീകരിക്കുന്നതില്‍ പ്രസിദ്ധിയാര്‍ജിച്ച പ്രമുഖ നിയമപണ്ഡിതന്‍ അബൂയഅ്ലാ രാഷ്ട്രത്തലവന്റെ യോഗ്യതകളില്‍ 'പുരുഷനായിരിക്കുക' എന്നൊരു വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് അല്‍ഖാസിമി നിരീക്ഷിക്കുന്നു. ഇവിടെ പക്ഷേ, ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇസ്ലാമിലെ രാഷ്ട്രത്തലവന്‍ വെറുമൊരു ചടങ്ങു തലവനല്ല. അദ്ദേഹം നമസ്കാരത്തിനു നേതൃത്വം കൊടുക്കുന്നു. ചിലപ്പോള്‍ നിരന്തരം യാത്രചെയ്യുന്നു. ഇതര രാഷ്ട്രത്തലവന്‍മാരുമായി- അവര്‍ പലപ്പോഴും പുരുഷന്‍മാരായിരിക്കും- കൂടിയാലോചന നടത്തുന്നു; പലപ്പോഴും രഹസ്യ സംഭാഷണങ്ങളും. സ്ത്രീകള്‍ക്ക് ഇത്തരം ബന്ധങ്ങളും ബാധ്യതകളും ദുര്‍വഹമായിരിക്കുമെന്നതില്‍ സംശയമില്ല. മാത്രമല്ല, സ്ത്രീ-പുരുഷന്‍മാര്‍ക്കിടയിലെ ശരിയായ പരസ്പരബന്ധങ്ങളെ സംബന്ധിച്ച് ഇസ്ലാമിക മാര്‍ഗ നിര്‍ദേശങ്ങളോട് അവ പൊരുത്തപ്പെടുകയില്ല.''ഇത് രാഷ്ട്രത്തിന്റെ പരമോന്നത പദവിയെ സംബന്ധിച്ചു മാത്രം ബാധകമാകുന്ന കാര്യമാണ്. സ്ത്രീ അതിനുതാഴെയുള്ള സ്ഥാനങ്ങള്‍ വഹിക്കുന്നതിനെയോ സജീവ രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനെയോ ഇസ്ലാംവിലക്കുന്നില്ല. ഇറാന്‍ ഇസ്ലാമിക് റിപ്പബ്ളിക്കിലെ വൈസ് പ്രസിഡന്റുമാരിലൊരാളും അവിടത്തെ എം.പി.മാരില്‍ പതിനാലു പേരും വനിതകളാണ്. ഇതര മുസ്ലിം നാടുകളുടെ സ്ഥിതിയും ഭിന്നമല്ല.എങ്കിലും സ്ത്രീകളുടെ പ്രഥമവും പ്രധാനവുമായ ബാധ്യത വീടിന്റെ ഭരണവും മാതൃത്വപരമായ ഉത്തരവാദിത്തങ്ങളുടെ ശരിയായ നിര്‍വഹണവുമാണെന്ന കാര്യം വിസ്മരിക്കാവതല്ല. വരുംതലമുറകളെ യഥാവിധി വാര്‍ത്തും വളര്‍ത്തിയുമെടുക്കുകയെന്നതിനെ ഇസ്ലാം ഒട്ടും നിസ്സാരമായിക്കാണുന്നില്ലെന്നു മാത്രമല്ല, അതിപ്രധാന കൃത്യമായി പരിഗണിക്കുകയും ചെയ്യുന്നു. മാതൃത്വം ഭൂമിയില്‍ ഏറ്റവും ആദരണീയവും മഹിതവുമാവാനുള്ള കാരണവും അതുതന്നെ.

സ്ത്രീയുടെ പദവി ഇസ്ലാമില്‍

ഇസ്ലാമില്‍ സ്ത്രീ-പുരുഷ സമത്വമുണ്ടോ? സ്ത്രീയുടെ പദവി പുരുഷന്റേതിനേക്കാള്‍ വളരെ താഴെയല്ലേ?

മനുഷ്യര്‍ പല തരക്കാരാണ്. മനുഷ്യരിലെ അവസ്ഥാവ്യത്യാസമനുസരിച്ച് അവരുടെ സ്ഥാനപദവികളിലും അവകാശ-ബാധ്യതകളിലും അന്തരമുണ്ടാവുക സ്വാഭാവികവും അനിവാര്യവുമത്രെ. അതുപോലെ സ്ത്രീ-പുരുഷന്മാര്‍ക്കിടയിലും ശാരീരികവും മാനസികവുമായ അന്തരമുണ്ട്. പുരുഷന്‍ എത്രതന്നെ ആഗ്രഹിച്ചാലും ശ്രമിച്ചാലും ഗര്‍ഭം ധരിക്കാനും പ്രസവിക്കാനും മുലയൂട്ടാനും സാധ്യമല്ലല്ലോ. സ്ത്രീ, പുരുഷനില്‍നിന്ന് വ്യത്യസ്തമായി മാസത്തില്‍ നിശ്ചിത ദിവസങ്ങളില്‍ ആര്‍ത്തവവും അതിന്റെ അനിവാര്യതയായ ശാരീരികവും മാനസികവുമായ പ്രശ്നങ്ങളും അനുഭവിക്കുന്നു. കായികമായി പുരുഷന്‍ സ്ത്രീയേക്കാള്‍ കരുത്തനും ഭാരിച്ച ജോലികള്‍ ചെയ്യാന്‍ കഴിവുറ്റവനുമാണ്.പുരുഷന്റെ ഏതാണ്ട് എല്ലാ ശാരീരികാവയവങ്ങളും സ്ത്രീയുടേതില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണ്. പ്രമുഖ ശരീര ശാസ്ത്രജ്ഞനായ ഹാവ്ലോക് എല്ലിസ് പറയുന്നു: "പുരുഷന്‍ അവന്റെ കൈവിരല്‍ത്തുമ്പു വരെ പുരുഷന്‍ തന്നെയാണ്. സ്ത്രീ കാല്‍വിരല്‍ത്തുമ്പുവരെ സ്ത്രീയും''.ശരീരഘടനയിലെ അന്തരം മാനസികവും വൈകാരികവുമായ അവസ്ഥയിലും പ്രകടമത്രെ. അതിനാല്‍ സ്ത്രീപുരുഷന്മാര്‍ക്കിടയില്‍ ശാരീരികമോ മാനസികമോ ആയ സമത്വമോ തുല്യതയോ ഇല്ല. അതുകൊണ്ടുതന്നെ അവര്‍ക്കിടയിലെ സമ്പൂര്‍ണ സമത്വം അപ്രായോഗികമാണ്, പ്രകൃതിവിരുദ്ധവും.മനുഷ്യരാശിയുടെ സ്രഷ്ടാവും സംരക്ഷകനുമായ ദൈവം നല്കിയ ജീവിതവ്യവസ്ഥയാണ് ഇസ്ലാം. അതിനാലത് മനുഷ്യപ്രകൃതിയോട് പൂര്‍ണമായും ഇണങ്ങുന്നതും പൊരുത്തപ്പെടുന്നതുമത്രെ. ഇസ്ലാം സ്ത്രീയെയും പുരുഷനെയും അവകാശ-ബാധ്യതകളുടെ പേരില്‍ പരസ്പരം കലഹിക്കുന്ന രണ്ടു ശത്രുവര്‍ഗമായല്ല കാണുന്നത്. ഒരേ വര്‍ഗത്തിലെ അന്യോന്യം സഹകരിച്ചും ഇണങ്ങിയും കഴിയുന്ന, കഴിയേണ്ട രണ്ട് അംഗങ്ങളായാണ്. അല്ലാഹു അറിയിക്കുന്നു: "നിങ്ങളെല്ലാവരും ഒരേ വര്‍ഗത്തില്‍പെട്ടവരാണ്''(ഖുര്‍ആന്‍ 4:25). പ്രവാചകന്‍ പറഞ്ഞു: "സ്ത്രീകള്‍ പുരുഷന്മാരുടെ ഭാഗം തന്നെയാണ്''(അബൂദാവൂദ്).അതിനാല്‍ സ്ത്രീപുരുഷന്മാരുടെ പദവികളെ ഗണിത ശാസ്ത്രപരമായി വിശകലനം ചെയ്യുക സാധ്യമല്ല. ചില കാര്യങ്ങളില്‍ പുരുഷന്മാര്‍ക്കാണ് മുന്‍ഗണനയെങ്കില്‍ മറ്റു ചിലതില്‍ സ്ത്രീകള്‍ക്കാണ്. തദ്സംബന്ധമായ ഇസ്ലാമിന്റെ സമീപനം ഇങ്ങനെ സംഗ്രഹിക്കാം:1. അല്ലാഹുവിങ്കല്‍ സ്ത്രീപുരുഷന്മാര്‍ക്കിടയില്‍ എന്തെങ്കിലും അന്തരമോ വിവേചനമോ ഇല്ല. അവന്റെയടുക്കല്‍ സമ്പൂര്‍ണ സമത്വവും തുല്യതയും വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു."പുരുഷനാവട്ടെ സ്ത്രീയാവട്ടെ, ആരു സത്യവിശ്വാസമുള്‍ക്കൊണ്ട് സല്‍ക്കര്‍മമനുഷ്ഠിക്കുന്നുവോ, ഈ ലോകത്ത് അവര്‍ക്ക് നാം വിശുദ്ധജീവിതം നല്‍കും. പരലോകത്ത് അവരുടെ ശ്രേഷ്ഠവൃത്തികളുടെ അടിസ്ഥാനത്തില്‍ നാമവര്‍ക്ക് പ്രതിഫലം നല്‍കുകയും ചെയ്യും''(16: 97). "പുരുഷനാവട്ടെ സ്ത്രീയാവട്ടെ, സത്യവിശ്വാസമുള്‍ക്കൊണ്ട് സല്‍ക്കര്‍മമനുഷ്ഠിക്കുന്നതാരോ, അവര്‍ സ്വര്‍ഗാവകാശികളായിരിക്കും''(40: 40). "അവരുടെ നാഥന്‍ അവരോട് ഉത്തരമേകി: സ്ത്രീയാവട്ടെ, പുരുഷനാവട്ടെ, നിങ്ങളിലാരുടെയും കര്‍മത്തെ നാം നിഷ്ഫലമാക്കുന്നതല്ല. നിങ്ങളെല്ലാവരും ഒരേ വര്‍ഗത്തില്‍ പെട്ടവരാണല്ലോ''(3:195).2. ഭൂമിയില്‍ ഏറ്റവുമധികം ആദരവ് അര്‍ഹിക്കുന്നത് സ്ത്രീയാണ്. മാതൃത്വത്തോളം മഹിതമായി മറ്റൊന്നും ലോകത്തില്ല. തലമുറകള്‍ക്ക് ജന്മം നല്‍കുന്നത് അവരാണ്. ആദ്യ ഗുരുക്കന്മാരും അവര്‍തന്നെ. മനുഷ്യന്റെ ജനനത്തിലും വളര്‍ച്ചയിലും ഏറ്റവുമധികം പങ്കുവഹിക്കുന്നതും പ്രയാസമനുഭവിക്കുന്നതും മാതാവാണ്. അതുകൊണ്ടുതന്നെ മനുഷ്യന്‍ ഭൂമിയില്‍ ഏറ്റവുമധികം അനുസരിക്കുകയും ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ടത് മാതാവിനെയാണ്.ഒരാള്‍ പ്രവാചകസന്നിധിയില്‍ വന്ന് ചോദിച്ചു: "ദൈവദൂതരേ, എന്റെ ഏറ്റവും മെച്ചപ്പെട്ട സഹവാസത്തിന് അര്‍ഹന്‍ ആരാണ്?'' അവിടന്ന് അരുള്‍ ചെയ്തു: "നിന്റെ മാതാവ്''. അയാള്‍ ചോദിച്ചു: "പിന്നെ ആരാണ്?'' പ്രവാചകന്‍ പ്രതിവചിച്ചു: "നിന്റെ മാതാവ്''. അയാള്‍ വീണ്ടും ചോദിച്ചു: "പിന്നെ ആരാണ്'' നബി അറിയിച്ചു: "നിന്റെ മാതാവ് തന്നെ.'' അയാള്‍ ചോദിച്ചു: "പിന്നെ ആരാണ്?'' പ്രവാചകന്‍ പറഞ്ഞു: "നിന്റെ പിതാവ്''(ബുഖാരി, മുസ്ലിം).വിശുദ്ധ ഖുര്‍ആന്‍ മാതാപിതാക്കളെ ഒരുമിച്ച് പരാമര്‍ശിച്ച ഒന്നിലേറെ സ്ഥലങ്ങളില്‍ എടുത്തുപറഞ്ഞത് മാതാവിന്റെ സേവനമാണ്. "മനുഷ്യനോട് അവന്റെ മാതാപിതാക്കളുടെ കാര്യം നാം ഉപദേശിച്ചിരിക്കുന്നു. കടുത്ത ക്ഷീണത്തോടെയാണ് മാതാവ് അവനെ ഗര്‍ഭം ചുമക്കുന്നത്. അവന്റെ മുലകുടി നിര്‍ത്താന്‍ രണ്ടു വര്‍ഷം വേണം. അതിനാല്‍ നീ എന്നോടും നിന്റെ മാതാപിതാക്കളോടും നന്ദികാണിക്കണം''(31:14). "മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണമെന്ന് മനുഷ്യനോട് നാം കല്‍പിച്ചിരിക്കുന്നു. ഏറെ പ്രയാസത്തോടെയാണ് മാതാവ് അവനെ ഗര്‍ഭം ചുമന്നത്. കടുത്ത പാരവശ്യത്തോടെയാണ് പ്രസവിച്ചത്''(46:15). അതിനാല്‍ ഇസ്ലാമികവീക്ഷണത്തില്‍ പ്രഥമസ്ഥാനവും പരിഗണനയും മാതാവെന്ന സ്ത്രീക്കാണ്.3. പുരുഷന്മാരേക്കാള്‍ വിവേകപൂര്‍വവും ഉചിതവുമായ സമീപനം സ്വീകരിക്കാന്‍ സാധിക്കുന്ന സ്ത്രീകളുണ്ടെന്ന് ഖുര്‍ആന്‍ ഉദ്ധരിക്കുന്ന ശേബാരാജ്ഞിയുടെ ചരിത്രം അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. സുലൈമാന്‍ നബിയുടെ സന്ദേശം ലഭിച്ചപ്പോള്‍ അവര്‍ തന്റെ കൊട്ടാരത്തിലുള്ളവരുമായി എന്തുവേണമെന്ന് കൂടിയാലോചിച്ചു. വ്യക്തവും യുക്തവുമായ നിലപാട് സ്വീകരിക്കാനവര്‍ക്ക് സാധിച്ചില്ല. പക്വമായ അഭിപ്രായവും സമീപനവുമുണ്ടായത് ശേബാ രാജ്ഞിയുടെ ഭാഗത്തുനിന്നു തന്നെയായിരുന്നുവെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. (27: 29,44).4. ആദ്യപാപത്തിന്റെ കാരണക്കാരി സ്ത്രീയാണെന്ന ജൂത-ക്രൈസ്തവ സങ്കല്‍പത്തെ ഇസ്ലാം തീര്‍ത്തും നിരാകരിക്കുന്നു. ദൈവശാസന ലംഘിച്ച് ആദമും ഹവ്വായും വിലക്കപ്പെട്ട കനി ഭക്ഷിച്ചിട്ടുണ്ടെന്നു വ്യക്തമാക്കുന്ന ഖുര്‍ആന്‍ ഇതിന്റെ കുറ്റം പ്രധാനമായും ചുമത്തുന്നത് ആദമിലാണ്, ഹവ്വയിലല്ല. "അങ്ങനെ ആദമും പത്നിയും ആ വൃക്ഷത്തിന്റെ ഫലം ഭക്ഷിച്ചു. തദ്ഫലമായി അപ്പോള്‍തന്നെ അവരുടെ നഗ്നത പരസ്പരം വെളിവായി. ഇരുവരും തോട്ടത്തിലെ ഇലകള്‍കൊണ്ട് തങ്ങളെ മറയ്ക്കാന്‍ തുടങ്ങി. ആദം തന്റെ നാഥനെ ധിക്കരിച്ചു. നേര്‍വഴിയില്‍നിന്ന് വ്യതിചലിച്ചു. പിന്നീട് ആദമിനെ തന്റെ നാഥന്‍ തെരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ പശ്ചാത്താപം സ്വീകരിക്കുകയും സന്മാര്‍ഗമേകുകയും ചെയ്തു''(20:121-122)."നാം ഇതിനു മുമ്പ് ആദമിന് കല്‍പന കൊടുത്തിരുന്നു. പക്ഷേ, ആദം അത് മറന്നു. നാം അയാളില്‍ നിശ്ചയദാര്‍ഢ്യം കണ്ടില്ല''(20:115). ആദിപാപത്തിന്റെ കാരണക്കാരി പെണ്ണാണെന്ന പരമ്പരാഗതധാരണയെ ഖുര്‍ആനിവിടെ പൂര്‍ണമായും തിരുത്തുന്നു.5. ഭോഗാസക്തിക്കടിപ്പെട്ട ഭൌതിക സമൂഹങ്ങള്‍ പലപ്പോഴും സ്ത്രീകളെ കൊടിയ പീഡനങ്ങള്‍ക്കിരയാക്കുക മാത്രമല്ല, പെണ്‍കുഞ്ഞുങ്ങളെ ക്രൂരമായി കൊലപ്പെടുത്താറുമുണ്ട്. സമകാലീന സമൂഹത്തിലെ സ്ഥിതിയും ഭിന്നമല്ല. ഇക്കാര്യത്തില്‍ ഇന്ത്യയില്‍ പ്രഥമസ്ഥാനം തമിഴ്നാടിനാണ്. അവിടത്തെ സേലം ജില്ലയിലെ ഉശിലാംപെട്ടി ശിശുഹത്യക്ക് കുപ്രസിദ്ധിയാര്‍ജിച്ച സ്ഥലമാണ്. അവിടെ പ്രസവിച്ചത് പെണ്ണിനെയാണെന്നറിഞ്ഞാല്‍ ഭര്‍ത്താവ് കാണാന്‍ പോലും വരില്ല. കൊന്നുകളഞ്ഞിട്ടുവാ എന്ന അറിയിപ്പാണ് കിട്ടുക. അതിനാല്‍ വീട്ടുകാര്‍ കുട്ടിയുടെ കഥ കഴിച്ചശേഷം തള്ളയെ ഭര്‍ത്തൃഭവനത്തിലേക്കയക്കുന്നു.പെണ്‍കുഞ്ഞുങ്ങള്‍ പിറക്കാതിരിക്കാന്‍ അവരെ ഗര്‍ഭപാത്രത്തില്‍വെച്ച് കൊലപ്പെടുത്തുന്ന രീതി ലോകത്തിന്റെ ഇതര ഭാഗങ്ങളിലെന്നപോലെ ഇന്ത്യയിലും വളരെ വ്യാപകമത്രെ. "ഇന്ത്യയില്‍ ഭ്രൂണഹത്യക്കിരയായി ഒരു വര്‍ഷം അമ്പത് ലക്ഷം പെണ്‍കുഞ്ഞുങ്ങള്‍ മരിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കുന്നു. ഔദ്യോഗിക കണക്കനുസരിച്ച് ഇത് ഇരുപത് ലക്ഷമാണ്.ഈ ക്രൂരകൃത്യം നബിതിരുമേനിയുടെ ആഗമന കാലത്ത് അറേബ്യയിലെ ചില ഗോത്രങ്ങളിലും നിലനിന്നിരുന്നു. ഖുര്‍ആന്‍ പറയുന്നു: "അവരിലൊരാള്‍ക്ക് പെണ്‍കുട്ടി പിറന്നതായി സുവാര്‍ത്ത ലഭിച്ചാല്‍ കൊടിയ ദുഃഖം കടിച്ചിറക്കി അവന്റെ മുഖം കറുത്തിരുളുന്നു. അവന്‍ ജനങ്ങളില്‍നിന്ന് ഒളിച്ചു നടക്കുന്നു; ഈ ചീത്ത വാര്‍ത്ത അറിഞ്ഞശേഷം ആരെയും അഭിമുഖീകരിക്കാതിരിക്കാന്‍. മാനഹാനി സഹിച്ച് അതിനെ വളര്‍ത്തേണമോ അതോ അവളെ ജീവനോടെ കുഴിച്ചുമൂടേണമോ എന്ന് അയാള്‍ ആലോചിച്ചുകൊണ്ടിരിക്കുന്നു''(16: 58, 59).ഇസ്ലാം ഇതിനെ കഠിനമായി വിലക്കുകയും ഗുരുതരമായ കുറ്റമായി പ്രഖ്യാപിക്കുകയും ചെയ്തു. 'ജീവനോടെ കുഴിച്ചുമൂടപ്പെട്ട പെണ്‍കുഞ്ഞിനോട്, അവളെന്ത് അപരാധത്തിന്റെ പേരിലാണ് വധിക്കപ്പെട്ടതെന്ന് ചോദിക്കപ്പെടുന്ന' വിചാരണനാളിനെ അഭിമുഖീകരിക്കേണ്ടി വരുമെന്ന താക്കീത് നല്‍കുകയും ചെയ്തു (81: 8,9).ഇങ്ങനെ ഇസ്ലാം സ്ത്രീകളുടെ ജീവിക്കാനുള്ള അവകാശം ഉറപ്പുവരുത്തി. പെണ്‍കുഞ്ഞുങ്ങളെ ഹനിക്കുന്ന ഹീനവൃത്തിക്ക് അറുതിവരുത്തി.6. എക്കാലത്തും എവിടെയും അവഗണിക്കപ്പെടുന്ന വിഭാഗമാണ് സ്ത്രീകളെന്നതിനാല്‍ ഇസ്ലാം അവര്‍ക്ക് പ്രത്യേക പരിഗണനയും പ്രാധാന്യവും നല്‍കി. പ്രവാചകന്‍ പറഞ്ഞു: "ഒരാള്‍ക്ക് രണ്ടു പെണ്‍കുട്ടികളുണ്ടാവുകയും അയാളവരെ നല്ലനിലയില്‍ പരിപാലിക്കുകയും ചെയ്താല്‍ അവര്‍ കാരണമായി അയാള്‍ സ്വര്‍ഗാവകാശിയായിത്തീരും''(ബുഖാരി)."മൂന്നു പെണ്‍മക്കളോ സഹോദരിമാരോ കാരണമായി പ്രാരാബ്ധമനുഭവിക്കുന്നവന് സ്വര്‍ഗം ലഭിക്കാതിരിക്കില്ല'' (ത്വഹാവി). "നിങ്ങള്‍ നിങ്ങളുടെ മക്കള്‍ക്കിടയില്‍ ദാനത്തില്‍ തുല്യത പുലര്‍ത്തുക. ഞാന്‍ ആര്‍ക്കെങ്കിലും പ്രത്യേകത കല്‍പിക്കുന്നവനായിരുന്നുവെങ്കില്‍ സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കുമായിരുന്നു'' (ത്വബ്റാനി).ഈ വിധം പ്രകൃതിപരമായ പ്രത്യേകതകള്‍ പൂര്‍ണമായും പരിഗണിച്ചുള്ള സ്ഥാനപദവികളും അവകാശ-ബാധ്യതകളുമാണ് ഇസ്ലാം സ്ത്രീപുരുഷന്മാര്‍ക്ക് കല്‍പിക്കുന്നത്. അതുകൊണ്ടുതന്നെ മാതൃത്വത്തിന് മഹത്വമേകുകയും അതിനെ അത്യധികം ആദരിക്കുകയും ചെയ്യുന്നു. സ്ത്രീയുടെ ഏറ്റവും വലിയ സവിശേഷതയും മാതൃത്വമത്രെ. അമേരിക്കന്‍ മനശ്ശാസ്ത്ര വിദഗ്ധനായ തിയോഡര്‍ റൈക്ക് 'സ്ത്രീ- പുരുഷന്മാര്‍ക്കിടയിലെ വൈകാരിക വൈജാത്യങ്ങള്‍' എന്ന ഗ്രന്ഥത്തില്‍ മാതൃത്വത്തിലഭിമാനിക്കുന്ന ഒരു സ്ത്രീയുടെ വാക്കുകള്‍ ഇങ്ങനെ ഉദ്ധരിക്കുന്നു: "ധൈഷണികരംഗത്തും ഇതര മേഖലകളിലുമുള്ള പുരുഷന്റെ പ്രത്യേകത സങ്കോചലേശമന്യേ ഞങ്ങളംഗീകരിക്കുന്നു. പക്ഷേ, ഞങ്ങള്‍ സ്ത്രീകള്‍ അതിനേക്കാള്‍ എത്രയോ പ്രധാനപ്പെട്ട ഒന്നുകൊണ്ട് അനുഗൃഹീതരാണ്. ഞങ്ങളില്ലെങ്കില്‍ മനുഷ്യരാശി വേരറ്റുപോകും. മക്കള്‍ക്ക് ജന്മം നല്‍കുന്നത് ഞങ്ങളാണ്. വരുംതലമുറകളുടെ സാന്നിധ്യം അതുവഴി ഞങ്ങള്‍ ഉറപ്പുവരുത്തുന്നു''.എന്നാല്‍ പെണ്ണ് പോലും ഇന്ന് മാതൃത്വത്തിന്റെ മഹത്വത്തെപ്പറ്റി ബോധവതിയല്ല. താന്‍ ഇത്ര കുട്ടികളെ ഗര്‍ഭം ചുമക്കുകയും പ്രസവിക്കുകയും പോറ്റിവളര്‍ത്തുകയും ചെയ്തിരിക്കുന്നുവെന്ന് അഭിമാനത്തോടെ പറയുന്ന സ്ത്രീകളിന്ന് വളരെ വിരളമാണ്. മനുഷ്യന്റെ വിലയിടിവാണിതിനു കാരണം. മനുഷ്യന്‍ ഈ വിധം തീരേ വില കുറഞ്ഞ വസ്തുവായി മാറിയതിനാല്‍ അവനെ ഗര്‍ഭം ചുമക്കുന്നതും പ്രസവിക്കുന്നതും ഹോട്ടലിലെ റിസപ്ഷനിസ്റിന്റെ ജോലിയേക്കാള്‍ തരംതാണതായി സ്ത്രീകള്‍ക്ക് തോന്നി. അതിനാല്‍ പലര്‍ക്കുമിന്ന് ഗര്‍ഭം ചുമക്കാനും പ്രസവിക്കാനും മടിയാണ്. അഥവാ ഒന്നോ രണ്ടോ കുഞ്ഞിന് ജന്മം നല്‍കിയാല്‍ തന്നെ വേണ്ട രീതിയില്‍ വളര്‍ത്താനവര്‍ ഒരുക്കമല്ല. അവരുടെ സംരക്ഷണം ആയമാരെ ഏല്‍പിക്കുന്നു. അവര്‍ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നത് മാസംതോറും ലഭിക്കുന്ന വേതനം പ്രതീക്ഷിച്ചാണ്. അലിജാ അലി ഇസ്സത്ത് ബെഗോവിച്ച് പറഞ്ഞപോലെ മാതാപിതാക്കള്‍ക്ക് മക്കള്‍ വ്യക്തിത്വമുള്ള അസ്തിത്വമാണ്; ആയമാര്‍ക്ക് സാധനങ്ങളില്‍ ഒരു സാധനവും. അതിനാല്‍ ആയമാര്‍ അവരെ കളിപ്പിക്കുന്നത് യന്ത്രങ്ങളുടെ ചക്രങ്ങള്‍ തിരിക്കുന്നതുപോലെയും കുളിപ്പിക്കുന്നത് യന്ത്രങ്ങള്‍ തേച്ചുമിനുക്കുന്നതുപോലെയും തീര്‍ത്തും നിര്‍വികാരമായിരിക്കും.മാതൃത്വം അവഗണിക്കപ്പെട്ടതിന്റെ അനിവാര്യമായ ദുരന്തം ലോകമെങ്ങുമിന്ന് പ്രകടമാണ്. സോവിയറ്റ് ഭരണാധികാരിയായിരുന്ന മിഖായേല്‍ ഗോര്‍ബച്ചേവ് തന്റെ വിശ്വവിഖ്യാതമായ പെരിസ്ത്രോയിക്കയില്‍ എഴുതുന്നു: "ഞങ്ങളുടെ വിഷമകരവും വീരോചിതവുമായ ചരിത്രത്തിന്റെ വര്‍ഷങ്ങളില്‍ അമ്മയെന്ന നിലയിലും ഗൃഹനായികയെന്ന നിലയിലും സ്വന്തം കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുകയെന്ന ഒഴിച്ചുകൂടാനാവാത്ത ജോലിയും സ്ത്രീകള്‍ക്കുള്ള സ്ഥാനത്തുനിന്ന് ഉയര്‍ന്നുവരുന്ന സ്ത്രീകളുടെ പ്രത്യേകാവകാശങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും പരിഗണന നല്‍കുന്നതില്‍ ഞങ്ങള്‍ പരാജയപ്പെട്ടു. ശാസ്ത്രീയ ഗവേഷണങ്ങളിലേര്‍പ്പെടുകയും നിര്‍മാണ സ്ഥലങ്ങളിലും ഉല്‍പാദനങ്ങളിലും സേവനതുറകളിലും പണിയെടുക്കുകയും സര്‍ഗാത്മക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയും ചെയ്യുന്നതിനാല്‍ സ്ത്രീകള്‍ക്ക് വീട്ടില്‍ അവരുടെ ദൈനംദിന കടമകള്‍ നിര്‍വഹിക്കുന്നതിന് -വീട്ടു ജോലി, കുട്ടികളെ വളര്‍ത്തല്‍, നല്ല കുടുംബാന്തരീക്ഷം സൃഷ്ടിക്കല്‍-മതിയായ സമയം കിട്ടാതെ വരുന്നു. ഞങ്ങളുടെ പല പ്രശ്നങ്ങള്‍ക്കും -കുട്ടികളുടെയും യുവജനങ്ങളുടെയും പെരുമാറ്റങ്ങളുടെ ധാര്‍മിക മൂല്യങ്ങളിലും സംസ്കാരത്തിലും ഉല്‍പാദനത്തിലുമുള്ള പ്രശ്നങ്ങള്‍ക്ക് - ഭാഗികമായ കാരണം ദുര്‍ബലമാകുന്ന കുടുംബബന്ധങ്ങളും കുടുംബപരമായ ഉത്തരവാദിത്തങ്ങളോടുള്ള തണുത്ത സമീപനങ്ങളുമാണെന്ന് ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. എല്ലാ കാര്യത്തിലും സ്ത്രീയെ പുരുഷനു തുല്യമാക്കണമെന്ന ഞങ്ങളുടെ ആത്മാര്‍ഥവും രാഷ്ട്രീയമായി നീതീകരിക്കത്തക്കതുമായ ആഗ്രഹത്തിന്റെ ഫലമാണ് ഈ വിരോധാഭാസം. ഇപ്പോള്‍ പെരിസ്ത്രോയിക്കയുടെ പ്രക്രിയയില്‍ ഈ കുറവ് ഞങ്ങള്‍ തരണം ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. സ്ത്രീകള്‍ക്ക് സ്ത്രീകളെന്ന നിലയ്ക്കുള്ള അവരുടെ തനിയായ ദൌത്യത്തിലേക്ക് മടങ്ങാന്‍ സാധ്യമാക്കുന്നതിന് എന്തു ചെയ്യണമെന്ന പ്രശ്നത്തെപ്പറ്റി, പത്രങ്ങളിലും പൊതു സംഘടനകളിലും തൊഴില്‍ സ്ഥലത്തും വീട്ടിലും ഇപ്പോള്‍ ചൂടുപിടിച്ച വാദപ്രതിവാദങ്ങള്‍ നടക്കുന്നത് അതിനാലാണ്''.സ്ത്രീയുടെ ശാരീരിക സവിശേഷതകള്‍ പരിഗണിക്കുകയോ മാതൃത്വത്തിന്റെ മഹത്വം അംഗീകരിക്കുകയോ ചെയ്യാത്ത പ്രകൃതിവിരുദ്ധമായ ഏതു വ്യവസ്ഥിതിയിലും മനുഷ്യന്റെ വിലയിടിയുകയും മനസ്സിന്റെ സ്വാസ്ഥ്യം നഷ്ടപ്പെടുകയും കുടുംബഘടന ശിഥിലമാവുകയും സമൂഹത്തില്‍നിന്ന് സമാധാനം വിടപറയുകയും വ്യക്തികള്‍ ആള്‍ക്കൂട്ടത്തിലും ഒറ്റപ്പെട്ട് ഏകാന്തതയുടെ കൊടിയ വ്യഥക്ക് വിധേയരാവുകയും ചെയ്യുക അനിവാര്യമാണ്. പ്രകൃതിപരമായ പ്രത്യേകതകള്‍ പൂര്‍ണമായും പരിഗണിക്കുന്ന ഇസ്ലാമിക വ്യവസ്ഥ ഇത്തരം ന്യൂനതകളില്‍നിന്ന് തീര്‍ത്തും മുക്തവും പ്രതിസന്ധികള്‍ക്കിടവരുത്താത്തതുമത്രെ.

2009 ഡിസം 30

കുടിച്ച് കുടിച്ച് നശിക്കുകയോ?

Madhyamam Editorial, Wednesday, December 30, 2009
കുടിച്ചുമരിക്കാന്‍ കേരളവും, കുടിപ്പിച്ച് കൊല്ലാന്‍ സര്‍ക്കാറും തീരുമാനിച്ചതായി തോന്നുന്നു. ഭരണകൂടത്തിന്റെ സജീവ പിന്തുണയോടെ, എക്സൈസ് വകുപ്പിന്റെയും ബെവറേജസ് കോര്‍പ്പറേഷന്റെ (ബെവ്കോ) ആശീര്‍വാദത്തോടെ, പുതുവര്‍ഷപ്പുലരി കൊടും ലഹരിയില്‍ ആഘോഷിച്ച് തീര്‍ക്കുമ്പോഴേക്കും 5300 കോടി രൂപയുടെ മദ്യം കേരളീയര്‍ ഇക്കൊല്ലം കുടിച്ചുതീര്‍ത്തിരിക്കും. ക്രിസ്മസ് ആഘോഷത്തിനുമാത്രം ഈ മാസം 24നും 25നും സംസ്ഥാനത്ത് ബെവ്കോ ഷാപ്പുകളിലൂടെ മാത്രം 44.3 കോടി രൂപയുടെ വിദേശമദ്യം വിറ്റഴിഞ്ഞു. കള്ളും ചാരായവും വേറെ. ബാറുകളിലെ വില്‍പനയും വ്യാജമദ്യങ്ങളുമെല്ലാം അതിനും പുറമെ. വിലകൂടിയ മദ്യങ്ങള്‍ കൂടുതല്‍ വിറ്റതിനാലാണ് ബെവ്കോക്ക് വിറ്റുവരവ് ഇത്ര കൂടിയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അത് അംഗീകരിച്ചാല്‍പോലും രണ്ടു വസ്തുതകള്‍ നിഷേധിക്കാനാവാത്തവിധം വ്യക്തമാണ്: ഒന്നാമത്, നാട്ടുകാര്‍ മദ്യം കൂടുതല്‍ കുടിക്കുന്നത് സംസ്ഥാന ഖജനാവിലേക്ക് വരുമാനം കൂട്ടുമെന്നതിനാല്‍ സര്‍ക്കാര്‍ പരിധിയില്ലാത്ത പിന്തുണയും പ്രോല്‍സാഹനവുമാണ് മദ്യക്കച്ചവടത്തിന് നല്‍കിക്കൊണ്ടിരിക്കുന്നത്. രണ്ടാമത്, കാലം ചെല്ലുന്തോറും കുടിക്കുന്നവരുടെ എണ്ണവും കുടിയുടെ അളവും വര്‍ധിച്ചുകൊണ്ടേ ഇരിക്കുകയാണ് കേരളത്തില്‍. ഇത് ഇങ്ങനെ തുടര്‍ന്നാല്‍...?

മദ്യവില്‍പന ഭരണകൂടത്തിന്റെ മുഖ്യ വരുമാനസ്രോതസ്സായതോടെയാണ് കേരളം മദ്യപാനത്തില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ മുന്‍നിരയിലെത്തിയത്. കമ്യൂണിസ്റ്റുകാര്‍ പ്രത്യയശാസ്ത്രപരമായി മദ്യപാനത്തിന് എതിരാണെന്നാണ് വെപ്പ്. കള്ള് ചെത്തരുത്, വില്‍ക്കരുത്, കുടിക്കരുത് എന്ന് കല്‍പിച്ച ശ്രീനാരായണഗുരുവിന്റെ അനുയായികളും മദ്യപാനത്തിന് വിശ്വാസപരമായിത്തനെ എതിരായിരിക്കേണ്ടതായിരുന്നു. ഇസ്ലാം മദ്യപാനത്തെ വ്യക്തമായിത്തന്നെ നിരോധിച്ചിട്ടുണ്ട്. ക്രൈസ്തവ സഭകള്‍ പലരും മദ്യപാനത്തിനെതിരായി പ്രക്ഷോഭം വരെ നയിക്കാറുണ്ട്. ഗാന്ധി ശിഷ്യരെന്നറിയപ്പെടുന്ന കോണ്‍ഗ്രസുകാര്‍ ആ ഒറ്റക്കാരണംകൊണ്ടുതന്നെ മദ്യത്തെ വെറുക്കേണ്ടവരാണ്. ഇപ്പറഞ്ഞവരുടെ പ്രതിനിധികള്‍ ഭരിച്ചു ഭരിച്ച് ഇപ്പോള്‍ കേരളം ഇന്ത്യയുടെ മുഖ്യ കള്ളുഷാപ്പായിരിക്കുന്നു. മദ്യം വ്യവസായമായും തൊഴിലായും വരുമാന സ്രോതസ്സായും അംഗീകരിക്കപ്പെട്ടതാണ് ഇതിനു കാരണം. എന്നാല്‍, മദ്യപാനശീലം സൃഷ്ടിക്കുന്ന കുടുംബ, സാമൂഹിക, വ്യക്തിഗത ദുരന്തങ്ങളും നഷ്ടങ്ങളും കണക്കുകൂട്ടലില്‍ വരുന്നുമില്ല. അത്യന്തം അശാസ്ത്രീയമായ വീക്ഷണത്തില്‍നിന്നാണ് കേരളത്തിന്റെ ഇന്നത്തെ സുരപാന റെക്കോഡുകള്‍ ജനിക്കുന്നതെന്നര്‍ഥം. മദ്യനിരോധം എടുത്തുകളയല്‍ എന്ന ആദ്യഘട്ടം കഴിഞ്ഞ് ഇപ്പോള്‍ മദ്യവില്‍പന പ്രമോട്ട് ചെയ്യുന്ന രണ്ടാംഘട്ടത്തിലേക്ക് കേരള സര്‍ക്കാര്‍ നമ്മെ നയിച്ചുകഴിഞ്ഞിരിക്കുന്നു. ആത്മഹത്യാ മുനമ്പിലേക്കാണ് ഈ പോക്ക്.

മദ്യപാനത്തിന് പൊതുസമൂഹത്തില്‍ ലഭിച്ചുവരുന്ന സ്വീകാര്യതയും പ്രചോദനവും പ്രചാരണവും നമ്മുടെ യുവതലമുറയെയാണ് നശിപ്പിക്കുക. 1990കളുടെ തുടക്കത്തില്‍ കേരളത്തിലെ പുരുഷന്മാരില്‍ 60 ശതമാനം ചാരായമുപയോഗിച്ചിരുന്നു; 2010ഓടെ ചാരായവും കള്ളും വിദേശമദ്യങ്ങളും വ്യാജമദ്യങ്ങളും കഴിക്കുന്നവരുടെ ശതമാനം 80ലധികമാകും. ഇത്രയും കുടുംബങ്ങള്‍ക്കും കുടുംബിനികള്‍ക്കും ചെറുതോ വലുതോ ആയ തോതില്‍ ദുരിതം എന്നുകൂടിയാണല്ലോ ഇതിനര്‍ഥം. കുടിശീലത്തിലേക്ക് മാസംതോറും യുവാക്കളും കുട്ടികളും കടന്നെത്തുന്നുണ്ട്. കഴിഞ്ഞ കൊല്ലത്തെ അപേക്ഷിച്ച് ഇക്കൊല്ലത്തെ രണ്ട് ക്രിസ്മസ് നാളുകളില്‍ 8.55 കോടി രൂപയുടെ മദ്യം കൂടുതല്‍ ചെലവായി. ഇക്കൊല്ലം തന്നെ, തിരുവോണനാളിലേതിനേക്കാള്‍ ആറു കോടി രൂപയുടെ മദ്യമാണ് ക്രിസ്മസ് തലേന്ന് കൂടുതല്‍ വിറ്റത്. ഈ വര്‍ധന ഉപഭോഗവര്‍ധന കൊണ്ടുമാത്രം ഉണ്ടായതാണ്^ വിലക്കൂടുതല്‍ കൊണ്ടല്ല. ഇതില്‍ നല്ലൊരു പങ്ക് പുതിയ കുടിയന്മാര്‍ തന്നെ എന്നതിലും സംശയം വേണ്ട. ഓരോ വര്‍ഷവും എട്ടോ പത്തോ ലക്ഷം പേര്‍ കുടിശീലം തുടങ്ങുന്നുവെങ്കില്‍, നമ്മുടെ യുവതലമുറക്ക് നാം നല്‍കുന്നത് എന്തെന്നോര്‍ത്ത് നാം ശരിക്കും ഞെട്ടണം. ഇത്തരം 'വരുമാനം' പോലും എത്രകാലം നിലനിര്‍ത്താനാവുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്? മദ്യാസക്തരുടെ ഒരു സമൂഹം എങ്ങനെ നിലനില്‍ക്കും? എന്തിന് നിലനില്‍ക്കണം?

മറ്റൊന്നുമില്ലെങ്കില്‍, റഷ്യയുടെ അനുഭവമെങ്കിലും നമുക്ക് പാഠമാകേണ്ടതാണ്. 1990 മുതല്‍ 2001 വരെയുള്ള വര്‍ഷങ്ങളില്‍ മരണപ്പെട്ട 15^54 വയസ്സുകാരായ റഷ്യക്കാരുടെ 52 ശതമാനവും മദ്യപാനം കൊണ്ടാണ് മരിച്ചതെന്ന് പുതിയ പഠനം കാണിക്കുന്നു. റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവിടങ്ങളിലെ ഗവേഷകര്‍ നടത്തിയ പഠനം 'ലാന്‍സറ്റ്' എന്ന ആരോഗ്യമാസികയില്‍ ഈയിടെ വന്നു. ആഗോളതലത്തില്‍ മദ്യജന്യ മരണം നാലുശതമാനം മാത്രമായിരിക്കുമ്പോഴാണ് റഷ്യയില്‍ പകുതിയിലേറെ വന്നിരിക്കുന്നത്. മദ്യവില്‍പനക്ക് നിയന്ത്രണമുണ്ടായിരുന്ന പ്രദേശമായിരുന്നു സോവിയറ്റ് റഷ്യ. ഗോര്‍ബച്ചേവ് കുറച്ചുകൂടി നിയന്ത്രണം കൊണ്ടുവന്നെങ്കിലും 1987ല്‍ എല്ലാം പൊളിഞ്ഞു. മദ്യനിരോധം ഇല്ലാതായതുകൊണ്ടുമാത്രം 30 ലക്ഷം പേരാണ് മരിച്ചത്; നിരോധം തുടര്‍ന്നിരുന്നെങ്കില്‍ അവരിന്ന് ജീവിച്ചിരിപ്പുണ്ടാകുമായിരുന്നു. ഒരു വന്‍ യുദ്ധത്തില്‍ മാത്രമാണ് ഇത്രയേറെ മരണം ഉണ്ടാകാറ്. മരണപ്പെടാതെ ബാക്കിയായ മദ്യപാനികളുടെയും അസംഖ്യം കുടുംബങ്ങളുടെയും ദുരവസ്ഥ ഇതിന് പുറമെയാണ്. ഇന്ന് റഷ്യ വോഡ്ക അടക്കമുള്ള മദ്യങ്ങളുടെ ഉപഭോഗം നിയന്ത്രിച്ചുകൊണ്ടുവരുന്നതിനെപ്പറ്റി ആലോചിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിവര്‍ഷം അഞ്ചു ലക്ഷം പേരാണത്രെ മദ്യംമൂലം മരിക്കുന്നത്; ആയുര്‍ദൈര്‍ഘ്യം 60 ആയി കുറയുകയും ചെയ്തിരിക്കുന്നു.

ജനങ്ങളുടെ മദ്യാസക്തി വരുമാനമാര്‍ഗമായി സര്‍ക്കാര്‍ കാണുന്നത് അധാര്‍മികം മാത്രമല്ല, അപ്രായോഗികം കൂടിയാണ് എന്നര്‍ഥം. സാമ്പത്തികശാസ്ത്രപ്രകാരം പോലും നിലനില്‍ക്കാനാവാത്ത ഒന്നാണത്. ഒരു തിരിച്ചുപോക്കിന് സമയമായിരിക്കുന്നു. മദ്യശാലകളുടെ എണ്ണവും മദ്യപാന സമയവും കുറച്ചുകൊണ്ട് തുടക്കമിടണം. മദ്യവ്യവസായത്തെയും അതിന്റെ പ്രത്യാഘാതങ്ങളെയും ഇരകളെയും പുനരധിവാസത്തെയും പറ്റി പഠിക്കാന്‍ സമിതിയെ വെക്കണം. ഏതുനിലക്കും, അഞ്ചോ ആറോ വര്‍ഷംകൊണ്ട് പൂര്‍ണ നിരോധം കൈവരുത്തുക ലക്ഷ്യമാകണം. പുതുതലമുറയെയും സംസ്ഥാനത്തിന്റെ ഭാവിയും കരുതിയെങ്കിലും സര്‍ക്കാര്‍ ഒരു ദിശാമാറ്റത്തിന് തയാറാകണം.