സംവാദം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സംവാദം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2010 ഓഗ 8

സോളിഡാരിറ്റി: ചരിത്ര നിയോഗം ഏറ്റെടുത്ത യുവാക്കളുടെ സംഘം - റവ.ഫാ. പ്രൊഫ. എബ്രഹാം ജോസഫ്



സോളിഡാരിറ്റിയെ ഞാനറിയുന്നത് എന്റെ നാട്ടിലെ സ്‌നേഹ സമ്പന്നരായ ചെറുസംഘം യുവാക്കളില്‍ നിന്നാണ്. അവരില്‍ ചിലര്‍ എന്റെ ശിഷ്യന്മാരുമാണ്. ബാല്യകാലം മുതല്‍ നന്മ ഉള്ളില്‍ സൂക്ഷിച്ചവര്‍. സോളിഡാരിറ്റി എന്ന പേര് ആദ്യം കേള്‍ക്കുന്നത് പോളണ്ടില്‍ നിന്നാണ്. ലേ വലേസ എന്ന മഹാ വിപ്ലവകാരി അധാര്‍മിക ഭരണ വ്യവസ്ഥയെ ചെറുക്കാന്‍ രൂപവത്കരിച്ച തൊഴിലാളി പ്രസ്ഥാനം.അത് അതിന്റെ ധര്‍മം നിറവേറ്റി. 2003 മെയ് 13ന് കേരളത്തില്‍ പിറവികൊണ്ട യുവതിടമ്പുകളുടെ സംഘത്തിനും സ്വീകരിച്ച പേര് സോളിഡാരിറ്റിയാണ് എന്നത് ചരിത്രപരമായ അനിവാര്യതയാണ്; അത് ഒരു യാദൃശ്ചികതയാണെങ്കിലും. ഒരേ ആശയത്തിനും ലക്ഷ്യത്തിനും വേണ്ടി കൈകോര്‍ക്കുന്ന സമൂഹങ്ങളുടെ ഐക്യം എന്നര്‍ഥം വരുന്ന സോളിഡാരിറ്റി എന്ന പേര് അന്വര്‍ഥമാക്കും വിധമാണ് കഴിഞ്ഞ ഏഴു വര്‍ഷത്തിലധികമായി സോളിഡാരിറ്റി പ്രവര്‍ത്തിച്ചതെന്ന് വളരെ അടുത്ത് നിന്ന് ആവേശത്തോടെ അവരെ നിരീക്ഷിക്കുന്നയാളെന്ന നിലയില്‍ ഞാന്‍ സാക്ഷ്യംവഹിക്കുന്നു.
മൂല്യങ്ങള്‍ മരിച്ചുകൊണ്ടിരിക്കുന്നു എന്ന മുറവിളിയാണല്ലോ എങ്ങും കേട്ടുകൊണ്ടിരിക്കുന്നത്. ഭയപ്പെടുത്തുന്ന ധാര്‍മിക ച്യുതി. എന്താകും നാളത്തെ വാര്‍ത്തയെന്ന് ഭയപ്പാടോടുകൂടി നോക്കുന്നവര്‍ ചുറ്റിലും. നിരാലംബരുടെ കണ്ണീരൊപ്പാന്‍ മുതലാളിത്ത ആര്‍ത്തിക്കിടെ ആര്‍ക്കിവിടെ സമയം? ഞങ്ങള്‍ അതിന് നിയോഗിക്കപ്പെട്ടവര്‍ എന്ന് ഉച്ചത്തില്‍ പറഞ്ഞുകൊണ്ട് എഴുന്നേറ്റ് നില്‍ക്കാന്‍ മൂല്യത്തെയും ജീവിത വിശുദ്ധിയേയും കൈമുതലാക്കിയ ഒരുപറ്റം യുവാക്കള്‍ നെഞ്ച്‌വിരിച്ചെഴുന്നേറ്റാല്‍ ആരാണ് കോരിത്തരിച്ച് പോകാത്തത്. കരുത്തിനെ കാരുണ്യത്തിന് വഴിമാറ്റിയൊഴുക്കുന്നവരെ എത്ര വാഴ്‌ത്തേണ്ടിവരും. അതാണ് സോളിഡാരിറ്റി. ചരിത്രനിയോഗം സ്വയം ഏറ്റെടുത്തവര്‍. കാസര്‍കോഡ് എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ ,സുനാമി ദുരന്തത്തിന്റെ ഇരകള്‍ക്ക്, മുക്കാല്‍ സെന്റ് കോളനിയിലെ മനുഷ്യമക്കള്‍ക്ക് സ്‌നേഹ സ്പര്‍ശവുമായി ആ കരുത്തന്‍മാര്‍ വന്നെങ്കില്‍ ദൈവിക രാജ്യം എന്താണെന്ന്് ഉറക്കെപ്പറയുകയല്ലേ അവര്‍ ചെയ്യുന്നത്.
കുളത്തൂപ്പുഴയില്‍ മുക്കാല്‍ സെന്റ് കോളനിയില്‍ നീതിനിഷേധിക്കപ്പെട്ട ഏതാനും കുടുംബങ്ങള്‍ക്ക് സമരത്തിലൂടെ അവര്‍ക്കര്‍ഹതപ്പെട്ട ഭൂമി വാങ്ങിക്കൊടുത്തശേഷം അവര്‍ക്ക് ലഭിച്ച മണ്ണില്‍ അന്തിയുങ്ങാന്‍ മനോഹരമായ ചെറുഭവനങ്ങള്‍ നിര്‍മിച്ച് നല്‍കുന്ന സോളിഡാരിറ്റി പ്രവര്‍ത്തകരെ ഞാന്‍ നേരില്‍ കണ്ടു. കല്ലും മണ്ണും ചുമന്ന് സ്വന്തം വിയര്‍പ്പുകൊണ്ട് സേവനം ചെയ്യുന്ന അവരുടെ നിശ്ചയദാര്‍ഢ്യം എന്നെ ആഹ്ലാദിപ്പിച്ചു. എഴുപതു കഴിഞ്ഞ ഞാനും പ്രായമെല്ലാം മറന്ന് അവരോടൊപ്പം കല്ലുചുമന്നു. ഇവര്‍ ദൈവരാജ്യം പണിയുന്നവര്‍ തന്നെയെന്ന് ഉറക്കെപ്പറയാന്‍ എനിക്ക് മടിയേതുമില്ല.
മൈക്കിന്റെ മുന്നിലും പാര്‍ട്ടി ഓഫീസിലെത്തുന്ന ചാനലുകാര്‍ക്കു മുന്നിലും സാമ്രാജ്യത്വ വിരോധം ഛര്‍ദ്ദിക്കുകയും നിലപാടുകളില്‍ അവയെ കുഴിച്ച്മൂടുകയും ചെയ്ത അഭിനവ വിപ്ലവകാരികള്‍ മുതലാളിത്ത അപ്പോസ്തലന്‍മാരായി രംഗത്തു വന്നപ്പോള്‍ ആഹ്ലാദിച്ച സാമ്രാജ്യത്വ ദല്ലാളന്‍മാര്‍കും കുത്തക ഭീമന്‍മാര്‍ക്കും ഭയപ്പാടുണ്ടാക്കാന്‍ പോന്ന മുന്നേറ്റമാണ് കേരളത്തില്‍ ഏഴു വര്‍ഷം മുമ്പുണ്ടായത്. പ്ലാച്ചിമടകള്‍ ഇനി ഏറെ ഉണ്ടാകില്ലെന്ന് നമുക്കുറച്ച് വിശ്വസിക്കാം. കിനാലൂരിലെ കുഞ്ഞുങ്ങള്‍ വഴിയാധാരമാകാത്തത് ധാര്‍മിക യൗവനത്തിന്റെ കരുത്തു കൊണ്ടല്ലേ? പൊതുവഴികള്‍ മുതലാളിക്ക് പതിച്ച് കൊടുത്ത് നട്ടെല്ല് വളച്ച് കപ്പം കൊടുത്ത് മുതലാളിയെ വണങ്ങി മാത്രം സാധാരണക്കാര്‍ സഞ്ചരിച്ചാല്‍ മതിയെന്ന ഭരണകൂട ധിക്കാരം അത്ര എളുപ്പത്തില്‍ നടത്താനാവാത്തത് ഈ ധാര്‍മിക യൗവനത്തിന്റെ ഇച്ഛാശക്തികൊണ്ടല്ലേ?.
വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ കേരളത്തില്‍ പലവഴി ശ്രമങ്ങള്‍ നടക്കുമ്പോള്‍ സ്‌നേഹം കൊണ്ടും സഹവര്‍ത്തിത്വം കൊണ്ടും അതിനെ മറികടക്കാന്‍ മതമൂല്യങ്ങളില്‍ ഉറച്ച് നിന്നുകൊണ്ട് തന്നെ കഴിയുമെന്ന് ബോധ്യപ്പെടുത്തിയതാണ് സോളിഡാരിറ്റിയുടെ ഏഴു വര്‍ഷങ്ങള്‍. ആരൊക്കെ എന്തൊക്കെപ്പറഞ്ഞാലും വര്‍ഗീയതയുടെ കണികയുടെ അംശം പോലും ഹൃദയത്തിലില്ലാത്ത യുവതലമുറ. അടുക്കുന്ന ആരിലും അസൂയ ജനിപ്പിക്കും വിധം നിര്‍മല ഹൃദയരായ ഈ യുവാക്കള്‍ ചരിത്രത്തിന്റെ നിയോഗം തന്നെയാണ്. മനുഷ്യന്റെ ജീവനും രക്തവും പവിത്രമാണ് എന്ന് നബിതിരുമേനി പഠിപ്പിച്ചതിനെ പ്രാവര്‍ത്തികമാക്കുന്നു അവര്‍.
ഇത് ഒരു പുതുയുഗപ്പിറവിയുടെ ശംഖനാദമാണ്. മഹാത്മജി വിഭാവനം ചെയ്ത രാമരാജ്യത്തിലേക്കുള്ള മുന്നേറ്റം. ഞാനടക്കമുള്ള ക്രൈസ്തവര്‍ പ്രാര്‍ഥിക്കാറുള്ള ദൈവരാജ്യം വരേണമേ എന്ന പ്രാര്‍ഥനയെ അന്വര്‍ഥമാക്കുന്ന മുന്നേറ്റം. പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിന്റെ തിരു ഇഷ്ടം നടപ്പാക്കാന്‍ യുവാക്കള്‍ നടത്തുന്ന ധാര്‍മിക മുന്നേറ്റം.
നല്ല വിത്തില്‍ നിന്ന് പാഴ്മരമുണ്ടാകില്ല. സ്‌നേഹ വിശുദ്ധിയോടെ കാരുണ്യ സ്പര്‍ശത്തോടെ ഇന്ത്യയില്‍ നിലകൊള്ളുന്ന ജമാഅത്തെ ഇസ്‌ലാമി രൂപംനല്‍കിയ സോളിഡാരിറ്റി ഒരിക്കലും പാഴ്മരമാകില്ല. കരുത്തിനെ നിരാലംബരുടെ കണ്ണീരൊപ്പാന്‍ ഉപയോഗിക്കുന്നവരുടെ, ധാര്‍മികതയെ സാമ്രാജ്യത്വ വിരുദ്ധപ്പോരാട്ടത്തിന്റെ ആയുധമാക്കുന്നവരുടെ, ജീവിത വിശുദ്ധിയെ സമരായുധമാക്കിയവരുടെ, സ്വയം വെയില്‍കൊണ്ട് അന്യര്‍ക്ക് തണല്‍ നല്‍കുന്ന വന്‍മരം പോലെ നിലയുറപ്പിച്ച കരുത്തരുടെ സംഘം. അതാണ് ഞാനറിഞ്ഞ സോളിഡാരിറ്റി. ഞാനെന്നും സോളിഡാരിറ്റിക്കൊപ്പമുണ്ടാകും. എനിക്ക് ചെറുപ്പമായിരുന്നെങ്കില്‍ അതില്‍ അംഗമായി പ്രവര്‍ത്തിക്കുമായിരുന്നു. അംഗമായില്ലെങ്കിലും അതിന്റെ പ്രവര്‍ത്തനത്തിലെ ഒരു കണ്ണിയായി ദൈവം അനുവദിക്കുന്ന കാലത്തോളം ഒപ്പമുണ്ടാകും. കാരണം, സോളിഡാരിറ്റി അധര്‍മത്തെ സ്‌നേഹം കൊണ്ട് ഇല്ലാതാക്കാനുള്ള ദൈവ നിയോഗമാണ്. അത് അതിന്റെ നിയോഗം നിര്‍വഹിക്കുക തന്നെ ചെയ്യും.
(അഞ്ചല്‍ സെന്റ്‌ ജോണ്‍'സ കോളേജ് മുന്‍ പൊളിറ്റിക്കല്‍ സയന്‍സ് മേധാവിയാണ് ലേഖകന്‍ )

2010 ഏപ്രി 7

ഇസ്ലാം കാഫിറുകള്‍ക്കെതിരെ ജിഹാദ് ചെയ്യാന്‍ കല്‍പിക്കുന്നില്ലേ?


മുഴുവന്‍ മുസ്ലിംകളും ജിഹാദ് നിര്‍വഹിക്കാന്‍ ബാധ്യസ്ഥരാണ്. അതില്‍നിന്ന് മാറിനില്‍ക്കാന്‍ ആര്‍ക്കും അനുവാദമില്ല. നരകശിക്ഷയില്‍നിന്ന് രക്ഷനേടാനും സ്വര്‍ഗലബ്ധിക്കും അതനിവാര്യമാണ്. ഖുര്‍ആന്‍ പറയുന്നു: "വിശ്വസിച്ചവരേ, വേദനയേറിയ ശിക്ഷയില്‍നിന്ന് നിങ്ങളെ മോചിപ്പിക്കുന്ന ഒരു വ്യാപാരത്തെക്കുറിച്ച് നിങ്ങള്‍ക്കു ഞാനറിയിച്ചു തരട്ടെയോ? നിങ്ങള്‍ ദൈവത്തിലും അവന്റെ ദൂതനിലും വിശ്വസിക്കുക. നിങ്ങളുടെ ജീവധനാദികളാല്‍ ദൈവമാര്‍ഗത്തില്‍ ജിഹാദ് നടത്തുക. അതാണ് നിങ്ങള്‍ക്കുത്തമം. നിങ്ങള്‍ അറിയുന്നവരെങ്കില്‍.'' (61: 10-11)
'ജിഹാദ് ചെയ്യുന്നവരും ക്ഷമ അവലംബിക്കുന്നവരുമാണെന്ന് വ്യക്തമാക്കപ്പെടാതെ സ്വര്‍ഗപ്രവേശം സാധ്യമല്ലെന്നു' ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു (3: 142). മുസ്ലിംസമുദായത്തിന്റെ നിയോഗലക്ഷ്യം തന്നെ ജിഹാദ് നിര്‍വഹിക്കലത്രെ. "ദൈവമാര്‍ഗത്തില്‍ യഥാവിധി ജിഹാദ് ചെയ്യുക. തന്റെ ദൌത്യത്തിനുവേണ്ടി നിങ്ങളെ നിയോഗിച്ചത് അവനാണ്. മതത്തില്‍ നിങ്ങള്‍ക്കൊരു ക്ളിഷ്ടതയും അവനുണ്ടാക്കിയിട്ടില്ല.''(22: 78)
ജിഹാദ് ആര്‍ക്കെങ്കിലും എതിരാണെന്ന ധാരണ പരമാബദ്ധമാണ്. സത്യസംസ്ഥാപനത്തിനുള്ള നിരന്തരയത്നമാണത്. മോഹങ്ങളെ മെരുക്കിയെടുത്തും ഇഛകളെ നിയന്ത്രിച്ചും ആഗ്രഹങ്ങളുടെ മേല്‍ മേധാവിത്വം പുലര്‍ത്തിയും സ്വന്തം ജീവിതത്തെ ദൈവനിര്‍ദേശങ്ങള്‍ക്കനുരൂപമാക്കി, യഥാര്‍ഥ സത്യവിശ്വാസിയാവാന്‍ നടത്തുന്ന ശ്രമം പോലും ജിഹാദാണ്. യുദ്ധരംഗത്തുനിന്ന് മടങ്ങവേ ഒരിക്കല്‍ പ്രവാചകന്‍ പറഞ്ഞു: "നാം ഏറ്റവും ചെറിയ ജിഹാദില്‍നിന്ന് ഏറ്റവും വലിയ ജിഹാദിലേക്ക് തിരിച്ചുവന്നിരിക്കുന്നു''. പ്രവാചക ശിഷ്യന്‍മാര്‍ ചോദിച്ചു: "ഏതാണ് ഏറ്റവും വലിയ ആ ജിഹാദ്?'' നബിതിരുമേനി അരുള്‍ ചെയ്തു: "മനസ്സിനോടുള്ള സമരവും സ്വന്തത്തോടുള്ള ജിഹാദുമാണത്.''
കുടുംബത്തിന്റെ ഇസ്ലാമീകരണത്തിനായി നടത്തപ്പെടുന്ന വിദ്യാഭ്യാസം, സംസ്കരണം, സദുപദേശം, ശിക്ഷണം തുടങ്ങിയവയെല്ലാം ജിഹാദിലുള്‍പ്പെടുന്നു. സത്യസംസ്ഥാപനത്തിനും നന്‍മയുടെ പ്രചാരണത്തിനും ധര്‍മത്തിന്റെ ഉന്നതിക്കുമായുള്ള എഴുത്തും പ്രസംഗവും സംഭാഷണവും ചര്‍ച്ചയും വിദ്യാഭ്യാസ പ്രചാരണവുമെല്ലാം അതില്‍പെടുന്നു. സമുദായത്തിന്റെ അഭ്യുന്നതി ലക്ഷ്യംവെച്ചുള്ള ശാസ്ത്ര-സാങ്കേതിക-സാമ്പത്തിക-സാംസ്കാരിക-കലാ-സാഹിത്യ പ്രവര്‍ത്തനങ്ങളും ജിഹാദുതന്നെ. ദൈവിക സന്‍മാര്‍ഗത്തിന്റെ സംസ്ഥാപനത്തിനായി നടത്തപ്പെടുന്ന സകല ശ്രമങ്ങളും ദൈവമാര്‍ഗത്തിലെ ജിഹാദാണ്. സമഗ്രമായൊരു പദമാണത്. ബുദ്ധിപരമായും ചിന്താപരമായുമുള്ള വിപ്ളവങ്ങളുണ്ടാക്കാനും ജനങ്ങളുടെ വികാരങ്ങളും താല്‍പര്യങ്ങളും സംസ്കരിക്കാനും, അവരുടെ വീക്ഷണം ദൈവിക സന്‍മാര്‍ഗത്തിനനുരൂപമാക്കി മാറ്റാനും നടത്തപ്പെടുന്ന വാചികവും ലിഖിതവുമായ സംരംഭങ്ങള്‍തൊട്ട് സത്യത്തിന്റെ ശത്രുക്കളോടുള്ള സായുധ സമരം വരെ അത് വ്യാപിച്ചുകിടക്കുന്നു. വ്യക്തി, തന്റെ അഭിമാനവും ജീവനും സ്വത്തും സംരക്ഷിക്കാന്‍ ശ്രമിക്കുന്നതും ജിഹാദ്തന്നെ; ആ മാര്‍ഗത്തിലെ മരണം ദൈവസരണിയിലെ രക്തസാക്ഷിത്വവും.
അതിനാല്‍, മുസ്ലിംകള്‍ ന്യൂനാല്‍ ന്യൂനപക്ഷമായാലും മഹാഭൂരിപക്ഷമായാലും ജിഹാദ് നിര്‍ബന്ധമാണ്. സാഹചര്യമാണ് അതിന്റെ രീതി നിശ്ചയിക്കുക. അത് ഇതര മതവിശ്വാസികള്‍ക്കെതിരെയുള്ള സായുധ സമരമോ യുദ്ധമോ അല്ല. ദൈവികമാര്‍ഗത്തിലെ ത്യാഗപരിശ്രമമാണ്.
ചോദ്യത്തില്‍ സൂചിപ്പിക്കപ്പെട്ടപോലെ മുസ്ലിംകളല്ലാത്തവരെല്ലാം കാഫിറുകളല്ല. കാഫിര്‍ എന്നത് ഇസ്ലാമിലെ ഒരു സാങ്കേതികപദമാണ്. സത്യവും സന്‍മാര്‍ഗവും യഥാവിധി മനസ്സിലാക്കിയ ശേഷവും ബോധപൂര്‍വം അതിനെ നിഷേധിക്കുന്നവനാണ് കാഫിര്‍. കാഫിറുകളോടും അനിവാര്യമായ കാരണമില്ലാതെ ആയുധമെടുത്ത് അടരാടാന്‍ ഇസ്ലാം അനുവദിക്കുന്നില്ല. അവര്‍ മുസ്ലിംഭൂരിപക്ഷ പ്രദേശത്തായാലും ന്യൂനപക്ഷ നാടുകളിലായാലും ശരി.

2010 ജനു 3

മതമേതായാലും മനുഷ്യന്‍ നന്നായാല്‍ പോരേ?



"മതം ദൈവികമാണെങ്കില്‍ ലോകത്ത് വിവിധ മതങ്ങളുണ്ടായത് എന്തുകൊണ്ട്? വ്യത്യസ്ത ദേശക്കാര്‍ക്കും കാലക്കാര്‍ക്കും വെവ്വേറെ മതമാണോ ദൈവം നല്‍കിയത്? അങ്ങനെയാണെങ്കില്‍ തന്നെ വിവിധ മതങ്ങള്‍ക്കിടയില്‍ പരസ്പര ഭിന്നതയും വൈരുധ്യവും ഉണ്ടാവാന്‍ കാരണമെന്ത്?''

മാനവസമൂഹത്തിന് ദൈവം നല്‍കിയ ജീവിതവ്യവസ്ഥയാണ് മതം. മനുഷ്യന്‍ ആരാണെന്നും എവിടെനിന്നു വന്നുവെന്നും എങ്ങോട്ടു പോകുന്നുവെന്നും ജീവിതം എന്താണെന്നും ഏതു വിധമാവണമെന്നും മരണശേഷം എന്ത് എന്നും ഒക്കെയാണ് അത് മനുഷ്യന് പറഞ്ഞുകൊടുക്കുന്നത്. അങ്ങനെ ജനജീവിതത്തെ നേര്‍വഴിയിലൂടെ നയിച്ച് വിജയത്തിലെത്തിക്കുകയാണ് മതം ചെയ്യുന്നത്; ചെയ്യേണ്ടത്. ദൈവം തന്റെ സമഗ്രമായ ഈ ജീവിതവ്യവസ്ഥ കാലദേശഭേദമില്ലാതെ എല്ലാ ജനസമൂഹങ്ങള്‍ക്കും സമ്മാനിച്ചിട്ടുണ്ട്. തന്റെ സന്ദേശവാഹകരിലൂടെയാണത് അവതരിപ്പിച്ചത്. എല്ലാ ദൈവദൂതന്മാരും മനുഷ്യരാശിക്കു നല്‍കിയ ജീവിതാദര്‍ശം മൌലികമായി ഒന്നുതന്നെയാണ്. അല്ലാഹു അറിയിക്കുന്നു: "എല്ലാ സമുദായങ്ങളിലേക്കും നാം ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്. അവരിലൂടെ എല്ലാവരെയും അറിയിച്ചു: നിങ്ങള്‍ ദൈവത്തെ മാത്രം വണങ്ങി, വഴങ്ങി, വിധേയമായി ജീവിക്കുക. പരിധിലംഘിച്ച അതിക്രമകാരികളെ നിരാകരിക്കുക.''(ഖുര്‍ആന്‍ 16: 36)

അങ്ങനെ ഒരു ജനതയില്‍ ദൈവദൂതന്‍ നിയോഗിതനാകുന്നു. തന്റെ ജനതയെ ദൈവികസന്മാര്‍ഗത്തിലേക്ക് ക്ഷണിക്കുന്നു. അപ്പോള്‍ അവരിലൊരു വിഭാഗം അദ്ദേഹത്തെ അംഗീകരിക്കുകയും പിന്തുടരുകയും ചെയ്യുന്നു. അവശേഷിക്കുന്നവര്‍ പൂര്‍വികാചാരങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. ദൈവദൂതന്റെ വിയോഗാനന്തരം ഹ്രസ്വമോ ദീര്‍ഘമോ ആയ കാലം കഴിയുന്നതോടെ അദ്ദേഹത്തിന്റെ അനുയായികള്‍തന്നെ ദൈവിക സന്മാര്‍ഗത്തില്‍നിന്ന് വ്യതിചലിക്കുന്നു. പണ്ഡിത പുരോഹിതന്മാര്‍ അവരില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വളര്‍ത്തുന്നു. ആവിധം സമൂഹം സത്യശുദ്ധമായ ദൈവപാതയില്‍നിന്ന് വ്യതിചലിക്കുമ്പോള്‍ വീണ്ടും ദൈവദൂതന്‍ നിയോഗിതനാവുന്നു. സമൂഹത്തിലെ ഒരുവിഭാഗം അദ്ദേഹത്തെ പിന്തുടരുകയും മറ്റുള്ളവര്‍ പഴയ സമ്പ്രദായങ്ങളില്‍തന്നെ നിലകൊള്ളുകയും ചെയ്യുന്നു. അതോടെ അദ്ദേഹത്തെ അനുഗമിക്കുന്നവര്‍ ഒരു മതാനുയായികളായും അല്ലാത്തവര്‍ മറ്റൊരു മതക്കാരായും അറിയപ്പെടുന്നു. യഥാര്‍ഥത്തില്‍ എല്ലാ ദൈവദൂതന്മാരും ജനങ്ങളെ ക്ഷണിച്ചത് ഒരേ സ്രഷ്ടാവിലേക്കും അവന്റെ ജീവിതവ്യവസ്ഥയിലേക്കുമാണ്. ഇസ്രായേല്യര്‍ ദൈവികസന്മാര്‍ഗത്തില്‍നിന്ന് വ്യതിചലിച്ചപ്പോള്‍ അവരെ നേര്‍വഴിയിലേക്ക് നയിക്കാന്‍ മോശെ പ്രവാചകന്‍ നിയോഗിതനായി. പിന്നീട് അദ്ദേഹത്തിന്റെ അനുയായികള്‍ വഴിപിഴച്ചപ്പോള്‍ യേശു നിയോഗിതനായി. യേശുവിന്റെ ക്ഷണം നിരാകരിച്ച് തങ്ങളുടെ ദുരാചാരങ്ങളിലുറച്ചുനിന്നവര്‍ ജൂതന്മാരായി അറിയപ്പെട്ടു. യേശുവിനെ പിന്തുടര്‍ന്നുവന്നവര്‍ ക്രിസ്ത്യാനികളായിത്തീര്‍ന്നു. ഈവിധം സമൂഹം സത്യപാതയില്‍നിന്ന് വ്യതിചലിക്കുമ്പോള്‍ അവരെ സന്മാര്‍ഗത്തിലേക്ക് നയിക്കാന്‍ നിയോഗിതരാവുന്ന പുതിയ പ്രവാചകന്മാരെ അനുധാവനം ചെയ്യാതെ പൂര്‍വികാചാരങ്ങളെ പിന്തുടര്‍ന്നതിനാലാണ് ലോകത്ത് വിവിധ മതങ്ങളും അവയ്ക്കിടയില്‍ ഭിന്നതയും വൈരുധ്യങ്ങളും ഉണ്ടായത്.

"നദികള്‍ പലയിടങ്ങളിലും നിന്നാരംഭിച്ച് പല വഴികളിലൂടെ ഒഴുകി സമുദ്രത്തിലെത്തുന്നു. ആ വിധം മനുഷ്യന്‍ വ്യത്യസ്ത മാര്‍ഗമവലംബിച്ച് ദൈവത്തിലെത്തുന്നു. അതിനാല്‍ ശ്രീനാരായണഗുരു പറഞ്ഞപോലെ 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി'യെന്നതല്ലേ ശരി?''

ദൈവത്തിന്റെ പ്രീതിയും പ്രതിഫലവും നേടാനുള്ള പാതയാണല്ലോ മതം. തന്നിലേക്ക് വന്നുചേരാനുള്ള വഴിയേതെന്ന് നിശ്ചയിക്കേണ്ടത് സ്രഷ്ടാവായ ദൈവം തന്നെയാണ്. അതവന്‍ നിശ്ചയിക്കുകയും തന്റെ ദൂതന്മാരിലൂടെ മാനവസമൂഹത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

പരസ്പരവിരുദ്ധമായ കാര്യങ്ങള്‍ ഒരേസമയം സത്യമാവുക സാധ്യമല്ലെന്നത് സുവിദിതമാണല്ലോ. ഗണിതശാസ്ത്രത്തില്‍ രണ്ടും രണ്ടും ചേര്‍ത്താല്‍ നാലാണെന്നത് ശരിയാണ്. മൂന്നാണെന്നതും അഞ്ചാണെന്നതും തെറ്റാണ്. ഓക്സിജനും ഹൈഡ്രജനും കൂടിച്ചേര്‍ന്നാല്‍ വെള്ളമുണ്ടാകുമെന്നത് സത്യമാണ്. മദ്യമുണ്ടാകുമെന്നത് അസത്യമാണ്. ഇവ്വിധം തന്നെ മതത്തില്‍ സത്യവും അസത്യവും ഏതെന്നത് മൌലിക പ്രധാനമാണ്. അദ്വൈതമാണ് സത്യമെന്നും ദ്വൈതം അസത്യമാണെന്നും ശ്രീശങ്കരാചാര്യര്‍ പറയുന്നു. ദ്വൈതമാണ് സത്യമെന്നും അദ്വൈതം അസത്യമാണെന്നും മാധ്വാചാര്യര്‍ സ്ഥാപിക്കുന്നു. ഇത് രണ്ടും അസത്യമാണെന്നും വിശിഷ്ടാദ്വൈതമാണ് സത്യമെന്നും രാമാനുജാചാര്യര്‍ അവകാശപ്പെടുന്നു. ദൈവാവതാര സങ്കല്പം സത്യമാണെന്ന് വിശ്വസിക്കുന്നവരും അസത്യമാണെന്ന് വിശ്വസിക്കുന്നവരും ഹൈന്ദവ പണ്ഡിതന്‍മാരിലുണ്ട്. പുനര്‍ജന്‍മസങ്കല്പത്തിന്റെ സ്ഥിതിയും ഇതുതന്നെ. ഹൈന്ദവ പണ്ഡിതന്‍മാര്‍ തന്നെ ഹിന്ദുമതത്തിലെ വിവിധ വിശ്വാസങ്ങള്‍ സത്യമാണെന്ന് വിശ്വസിക്കുന്നില്ലെന്ന് ഇത് തെളിയിക്കുന്നു. അതിനാല്‍ വിവിധ മതങ്ങളിലെ ഏകദൈവത്വം, ത്രിയേകത്വം, ബഹുദൈവത്വം, ദ്വൈതം, അദ്വൈതം, ഏകദൈവാരാധന, ബഹുദൈവാരാധന, വിഗ്രഹാരാധന, വിഗ്രഹാരാധന കൊടിയ പാപമാണെന്ന വിശ്വാസം, പരലോക വിശ്വാസം, പുനര്‍ജന്മവിശ്വാസം, മനുഷ്യരൊക്കെ പരിശുദ്ധരായാണ് ജനിക്കുന്നതെന്ന വീക്ഷണം, പാപികളായാണ് പിറക്കുന്നതെന്ന പ്രസ്താവം പോലുള്ള കാര്യങ്ങള്‍ ഒരേസമയം സത്യവും ശരിയും സ്വീകാര്യവുമാവുകയില്ല. ആവുമെന്ന് പറയുന്നത് രണ്ടും രണ്ടും നാലാണെന്നതും അഞ്ചാണെന്നതും മൂന്നാണെന്നതും സത്യവും ശരിയുമാണെന്നു പറയുന്നതുപോലെ പരമാബദ്ധമാണ്.

അതുകൊണ്ടുതന്നെ മനുഷ്യ ഇടപെടലുകളില്‍നിന്ന് മുക്തമായ, സത്യശുദ്ധമായ ദൈവിക സന്‍മാര്‍ഗം ഏതെന്ന് അന്വേഷിച്ച് കണ്െടത്തി അത് പിന്തുടരുകയാണ് വേണ്ടത്. വിജയത്തിന്റെ വഴിയും അതുതന്നെ. താന്‍ വിശ്വസിക്കുന്ന കാര്യവും അതിനു നേരെ വിരുദ്ധമായതും ഒരേസമയം സത്യവും സ്വീകാര്യവുമാണെന്ന്, ബോധമുള്ള ആരും അംഗീകരിക്കുകയില്ല. കമ്യൂണിസവും മുതലാളിത്തവും ഒരുപോലെ ശരിയും നല്ലതുമാണെന്ന് അവയെക്കുറിച്ചറിയുന്ന അവരുടെ അനുയായികളാരും പറയുകയില്ലല്ലോ.

യഥാര്‍ഥത്തില്‍ വേണ്ടത് മനുഷ്യനെ നന്നാക്കുന്ന മതമാണ്. അഥവാ, ഐഹികജീവിതത്തില്‍ മനസ്സിന് സമാധാനവും വ്യക്തിജീവിതത്തില്‍ വിശുദ്ധിയും കുടുംബത്തിന് സ്വൈരവും സമൂഹത്തിന് സമാധാനവും രക്ഷയും രാഷ്ട്രത്തിന് ക്ഷേമവും ഭദ്രതയും ലോകത്ത് പ്രശാന്തിയും സര്‍വോപരി പരലോകത്ത് നരകത്തില്‍നിന്ന് മോചനവും സ്വര്‍ഗലബ്ധിയും ഉറപ്പുവരുത്തുന്ന മതം. മതമില്ലാതെ ഇത് സാധ്യവുമല്ല.

"ഏത് മതവും സ്വീകരിക്കാമെന്ന് ഖുര്‍ആനില്‍ തന്നെ ഉണ്ടല്ലോ. ഖുര്‍ആന്‍ 2: 62-ല്‍ ഇങ്ങനെ കാണാം: 'ഉറപ്പായി അറിയുക: ഈ പ്രവാചകനില്‍ വിശ്വസിച്ചവരോ ജൂതന്മാരോ ക്രിസ്ത്യാനികളോ സാബികളോ ആരുമാവട്ടെ, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്യുന്നവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ പ്രതിഫലമുണ്ട്. അവര്‍ ഭയപ്പെടാനോ ദുഃഖിക്കാനോ ഇടയാവുന്നതല്ല'. ഇതിനെക്കുറിച്ച് എന്തു പറയുന്നു?''

യഹൂദരുടെ വംശീയവാദത്തെ നിരാകരിക്കുന്ന വിശുദ്ധവാക്യമാണിത്. തങ്ങളുടെ വംശം മാത്രമാണ് ദൈവത്തിന് പ്രിയപ്പെട്ടവരും സ്വര്‍ഗാവകാശികളുമെന്നായിരുന്നു അവരുടെ അവകാശവാദം. തങ്ങള്‍ എങ്ങനെ ജീവിച്ചാലും രക്ഷപ്രാപിക്കുമെന്നും മറ്റുള്ളവരെല്ലാം നരകാവകാശികളായിരിക്കുമെന്നും അവര്‍ വിശ്വസിച്ചു. ഇതിനെ ഖണ്ഡിച്ചുകൊണ്ട് ഖുര്‍ആന്‍ പറഞ്ഞു: "വംശമോ ജാതിയോ സമുദായമോ അല്ല വിജയനിദാനം; മറിച്ച് ദൈവത്തിലും പരലോകത്തിലുമുള്ള വിശ്വാസവും സല്‍ക്കര്‍മവുമാണ്.''

ദൈവത്തിലും മരണാനന്തര ജീവിതത്തിലും യഥാവിധി വിശ്വസിക്കലും സല്‍ക്കര്‍മങ്ങളനുഷ്ഠിക്കലും തന്നെയാണ് ഇസ്ലാം. ആര്‍ ആവിധം ജീവിക്കുന്നുവോ അവര്‍ മുസ്ലിംകളാണ്. അവരുടെ വംശമോ വര്‍ഗമോ ദേശമോ ജാതിയോ ഏതായിരുന്നാലും ശരി. ജൂതന്മാരും ക്രിസ്ത്യാനികളും സാബികളും ദൈവത്തിലും മരണാനന്തര ജീവിതത്തിലും വിശ്വസിച്ച് സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുന്നതോടെ അവര്‍ അവരല്ലാതായിത്തീരുന്നു. വിശ്വാസങ്ങളിലും ആരാധനകളിലും ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ജീവിതരീതികളിലും സമൂലമായ മാറ്റം സംഭവിക്കുന്നു. പിന്നെ, നിലവിലുള്ള പേരിലവരറിയപ്പെടാനും ഇടയില്ല. അതിനാല്‍ ഖുര്‍ആന്‍ ഇവിടെയും വിജയത്തിന്റെ നിദാനമായി ഊന്നിപ്പറഞ്ഞത് ഇസ്ലാമിന്റെ അടിസ്ഥാനങ്ങളായ സത്യവിശ്വാസവും സല്‍ക്കര്‍മങ്ങളും തന്നെയാണ്.

(വിശദീകരണത്തിന് ഡയലോഗ് സെന്റര്‍ പ്രസിദ്ധീകരിച്ച 'സര്‍വമതസത്യവാദം' എന്ന കൃതി കാണുക.)