കുടിച്ച് കുടിച്ച് നശിക്കുകയോ?
Madhyamam Editorial, Wednesday, December 30, 2009
കുടിച്ചുമരിക്കാന്‍ കേരളവും, കുടിപ്പിച്ച് കൊല്ലാന്‍ സര്‍ക്കാറും തീരുമാനിച്ചതായി തോന്നുന്നു. ഭരണകൂടത്തിന്റെ സജീവ പിന്തുണയോടെ, എക്സൈസ് വകുപ്പിന്റെയും ബെവറേജസ് കോര്‍പ്പറേഷന്റെ (ബെവ്കോ) ആശീര്‍വാദത്തോടെ, പുതുവര്‍ഷപ്പുലരി കൊടും ലഹരിയില്‍ ആഘോഷിച്ച് തീര്‍ക്കുമ്പോഴേക്കും 5300 കോടി രൂപയുടെ മദ്യം കേരളീയര്‍ ഇക്കൊല്ലം കുടിച്ചുതീര്‍ത്തിരിക്കും. ക്രിസ്മസ് ആഘോഷത്തിനുമാത്രം ഈ മാസം 24നും 25നും സംസ്ഥാനത്ത് ബെവ്കോ ഷാപ്പുകളിലൂടെ മാത്രം 44.3 കോടി രൂപയുടെ വിദേശമദ്യം വിറ്റഴിഞ്ഞു. കള്ളും ചാരായവും വേറെ. ബാറുകളിലെ വില്പനയും വ്യാജമദ്യങ്ങളുമെല്ലാം അതിനും പുറമെ. വിലകൂടിയ മദ്യങ്ങള്‍ കൂടുതല്‍ വിറ്റതിനാലാണ് ബെവ്കോക്ക് വിറ്റുവരവ് ഇത്ര കൂടിയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അത് അംഗീകരിച്ചാല്‍പോലും രണ്ടു വസ്തുതകള്‍ നിഷേധിക്കാനാവാത്തവിധം വ്യക്തമാണ്: ഒന്നാമത്, നാട്ടുകാര്‍ മദ്യം കൂടുതല്‍ കുടിക്കുന്നത് സംസ്ഥാന ഖജനാവിലേക്ക് വരുമാനം കൂട്ടുമെന്നതിനാല്‍ സര്‍ക്കാര്‍ പരിധിയില്ലാത്ത പിന്തുണയും പ്രോല്‍സാഹനവുമാണ് മദ്യക്കച്ചവടത്തിന് നല്കിക്കൊണ്ടിരിക്കുന്നത്. രണ്ടാമത്, കാലം ചെല്ലുന്തോറും കുടിക്കുന്നവരുടെ എണ്ണവും കുടിയുടെ അളവും വര്ധിച്ചുകൊണ്ടേ ഇരിക്കുകയാണ് കേരളത്തില്‍. ഇത് ഇങ്ങനെ തുടര്‍ന്നാല്‍...?
മദ്യവില്പന ഭരണകൂടത്തിന്റെ മുഖ്യ വരുമാനസ്രോതസ്സായതോടെയാണ് കേരളം മദ്യപാനത്തില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ മുന്‍നിരയിലെത്തിയത്. കമ്യൂണിസ്റ്റുകാര്‍ പ്രത്യയശാസ്ത്രപരമായി മദ്യപാനത്തിന് എതിരാണെന്നാണ് വെപ്പ്. കള്ള് ചെത്തരുത്, വില്‍ക്കരുത്, കുടിക്കരുത് എന്ന് കല്പിച്ച ശ്രീനാരായണഗുരുവിന്റെ അനുയായികളും മദ്യപാനത്തിന് വിശ്വാസപരമായിത്തനെ എതിരായിരിക്കേണ്ടതായിരുന്നു. ഇസ്ലാം മദ്യപാനത്തെ വ്യക്തമായിത്തന്നെ നിരോധിച്ചിട്ടുണ്ട്. ക്രൈസ്തവ സഭകള്‍ പലരും മദ്യപാനത്തിനെതിരായി പ്രക്ഷോഭം വരെ നയിക്കാറുണ്ട്. ഗാന്ധി ശിഷ്യരെന്നറിയപ്പെടുന്ന കോണ്‍ഗ്രസുകാര്‍ ആ ഒറ്റക്കാരണംകൊണ്ടുതന്നെ മദ്യത്തെ വെറുക്കേണ്ടവരാണ്. ഇപ്പറഞ്ഞവരുടെ പ്രതിനിധികള്‍ ഭരിച്ചു ഭരിച്ച് ഇപ്പോള്‍ കേരളം ഇന്ത്യയുടെ മുഖ്യ കള്ളുഷാപ്പായിരിക്കുന്നു. മദ്യം വ്യവസായമായും തൊഴിലായും വരുമാന സ്രോതസ്സായും അംഗീകരിക്കപ്പെട്ടതാണ് ഇതിനു കാരണം. എന്നാല്‍, മദ്യപാനശീലം സൃഷ്ടിക്കുന്ന കുടുംബ, സാമൂഹിക, വ്യക്തിഗത ദുരന്തങ്ങളും നഷ്ടങ്ങളും കണക്കുകൂട്ടലില്‍ വരുന്നുമില്ല. അത്യന്തം അശാസ്ത്രീയമായ വീക്ഷണത്തില്‍നിന്നാണ് കേരളത്തിന്റെ ഇന്നത്തെ സുരപാന റെക്കോഡുകള്‍ ജനിക്കുന്നതെന്നര്‍ഥം. മദ്യനിരോധം എടുത്തുകളയല്‍ എന്ന ആദ്യഘട്ടം കഴിഞ്ഞ് ഇപ്പോള്‍ മദ്യവില്പന പ്രമോട്ട് ചെയ്യുന്ന രണ്ടാംഘട്ടത്തിലേക്ക് കേരള സര്‍ക്കാര്‍ നമ്മെ നയിച്ചുകഴിഞ്ഞിരിക്കുന്നു. ആത്മഹത്യാ മുനമ്പിലേക്കാണ് ഈ പോക്ക്.
മദ്യപാനത്തിന് പൊതുസമൂഹത്തില്‍ ലഭിച്ചുവരുന്ന സ്വീകാര്യതയും പ്രചോദനവും പ്രചാരണവും നമ്മുടെ യുവതലമുറയെയാണ് നശിപ്പിക്കുക. 1990കളുടെ തുടക്കത്തില്‍ കേരളത്തിലെ പുരുഷന്മാരില് 60 ശതമാനം ചാരായമുപയോഗിച്ചിരുന്നു; 2010ഓടെ ചാരായവും കള്ളും വിദേശമദ്യങ്ങളും വ്യാജമദ്യങ്ങളും കഴിക്കുന്നവരുടെ ശതമാനം 80ലധികമാകും. ഇത്രയും കുടുംബങ്ങള്‍ക്കും കുടുംബിനികള്‍ക്കും ചെറുതോ വലുതോ ആയ തോതില്‍ ദുരിതം എന്നുകൂടിയാണല്ലോ ഇതിനര്‍ഥം. കുടിശീലത്തിലേക്ക് മാസംതോറും യുവാക്കളും കുട്ടികളും കടന്നെത്തുന്നുണ്ട്. കഴിഞ്ഞ കൊല്ലത്തെ അപേക്ഷിച്ച് ഇക്കൊല്ലത്തെ രണ്ട് ക്രിസ്മസ് നാളുകളില്‍ 8.55 കോടി രൂപയുടെ മദ്യം കൂടുതല്‍ ചെലവായി. ഇക്കൊല്ലം തന്നെ, തിരുവോണനാളിലേതിനേക്കാള്‍ ആറു കോടി രൂപയുടെ മദ്യമാണ് ക്രിസ്മസ് തലേന്ന് കൂടുതല്‍ വിറ്റത്. ഈ വര്‍ധന ഉപഭോഗവര്ധന കൊണ്ടുമാത്രം ഉണ്ടായതാണ്^ വിലക്കൂടുതല്‍ കൊണ്ടല്ല. ഇതില്‍ നല്ലൊരു പങ്ക് പുതിയ കുടിയന്മാര് തന്നെ എന്നതിലും സംശയം വേണ്ട. ഓരോ വര്‍ഷവും എട്ടോ പത്തോ ലക്ഷം പേര് കുടിശീലം തുടങ്ങുന്നുവെങ്കില്‍, നമ്മുടെ യുവതലമുറക്ക് നാം നല്‍കുന്നത് എന്തെന്നോര്‍ത്ത് നാം ശരിക്കും ഞെട്ടണം. ഇത്തരം 'വരുമാനം' പോലും എത്രകാലം നിലനിര്‍ത്താനാവുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്? മദ്യാസക്തരുടെ ഒരു സമൂഹം എങ്ങനെ നിലനില്ക്കും? എന്തിന് നിലനില്‍ക്കണം?
മറ്റൊന്നുമില്ലെങ്കില്‍, റഷ്യയുടെ അനുഭവമെങ്കിലും നമുക്ക് പാഠമാകേണ്ടതാണ്. 1990 മുതല്‍ 2001 വരെയുള്ള വര്‍ഷങ്ങളില്‍ മരണപ്പെട്ട 15^54 വയസ്സുകാരായ റഷ്യക്കാരുടെ 52 ശതമാനവും മദ്യപാനം കൊണ്ടാണ് മരിച്ചതെന്ന് പുതിയ പഠനം കാണിക്കുന്നു. റഷ്യ, ബ്രിട്ടന്, ഫ്രാന്‍സ് എന്നിവിടങ്ങളിലെ ഗവേഷകര്‍ നടത്തിയ പഠനം 'ലാന്‍സറ്റ്' എന്ന ആരോഗ്യമാസികയില്‍ ഈയിടെ വന്നു. ആഗോളതലത്തില്‍ മദ്യജന്യ മരണം നാലുശതമാനം മാത്രമായിരിക്കുമ്പോഴാണ് റഷ്യയില്‍ പകുതിയിലേറെ വന്നിരിക്കുന്നത്. മദ്യവില്പനക്ക് നിയന്ത്രണമുണ്ടായിരുന്ന പ്രദേശമായിരുന്നു സോവിയറ്റ് റഷ്യ. ഗോര്‍ബച്ചേവ് കുറച്ചുകൂടി നിയന്ത്രണം കൊണ്ടുവന്നെങ്കിലും 1987ല്‍ എല്ലാം പൊളിഞ്ഞു. മദ്യനിരോധം ഇല്ലാതായതുകൊണ്ടുമാത്രം 30 ലക്ഷം പേരാണ് മരിച്ചത്; നിരോധം തുടര്‍ന്നിരുന്നെങ്കില്‍ അവരിന്ന് ജീവിച്ചിരിപ്പുണ്ടാകുമായിരുന്നു. ഒരു വന്‍ യുദ്ധത്തില്‍ മാത്രമാണ് ഇത്രയേറെ മരണം ഉണ്ടാകാറ്. മരണപ്പെടാതെ ബാക്കിയായ മദ്യപാനികളുടെയും അസംഖ്യം കുടുംബങ്ങളുടെയും ദുരവസ്ഥ ഇതിന് പുറമെയാണ്. ഇന്ന് റഷ്യ വോഡ്ക അടക്കമുള്ള മദ്യങ്ങളുടെ ഉപഭോഗം നിയന്ത്രിച്ചുകൊണ്ടുവരുന്നതിനെപ്പറ്റി ആലോചിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിവര്‍ഷം അഞ്ചു ലക്ഷം പേരാണത്രെ മദ്യംമൂലം മരിക്കുന്നത്; ആയുര്‍ദൈര്‍ഘ്യം 60 ആയി കുറയുകയും ചെയ്തിരിക്കുന്നു.
ജനങ്ങളുടെ മദ്യാസക്തി വരുമാനമാര്‍ഗമായി സര്‍ക്കാര്‍ കാണുന്നത് അധാര്‍മികം മാത്രമല്ല, അപ്രായോഗികം കൂടിയാണ് എന്നര്‍ഥം. സാമ്പത്തികശാസ്ത്രപ്രകാരം പോലും നിലനില്‍ക്കാനാവാത്ത ഒന്നാണത്. ഒരു തിരിച്ചുപോക്കിന് സമയമായിരിക്കുന്നു. മദ്യശാലകളുടെ എണ്ണവും മദ്യപാന സമയവും കുറച്ചുകൊണ്ട് തുടക്കമിടണം. മദ്യവ്യവസായത്തെയും അതിന്റെ പ്രത്യാഘാതങ്ങളെയും ഇരകളെയും പുനരധിവാസത്തെയും പറ്റി പഠിക്കാന്‍ സമിതിയെ വെക്കണം. ഏതുനിലക്കും, അഞ്ചോ ആറോ വര്‍ഷംകൊണ്ട് പൂര്‍ണ നിരോധം കൈവരുത്തുക ലക്ഷ്യമാകണം. പുതുതലമുറയെയും സംസ്ഥാനത്തിന്റെ ഭാവിയും കരുതിയെങ്കിലും സര്‍ക്കാര്‍ ഒരു ദിശാമാറ്റത്തിന് തയാറാകണം.
കുടിച്ച് കുടിച്ച് നശിക്കാതിരുന്നാല്‍ എങ്ങനെ ഭരിച്ചു ഭരിച്ചു രസിക്കും.
മറുപടിഇല്ലാതാക്കൂ